10 വയസ്സുകാരിയെ ബലാത്സംഗംചെയ്ത ശേഷം കഴുത്തറുത്ത് കൊന്നു; മൃതദേഹം ജനാലിലൂടെ വലിച്ചെറിഞ്ഞു

മുംബൈ: താനെയില്‍ പത്തുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗംചെയ്ത ശേഷം കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. താനെ മുംബ്ര സാമ്രാട്ട് നഗറില്‍ താമസക്കാരനായ ആസിഫ് മന്‍സൂരി (19)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ മലിനജനക്കുഴലിനോട് ചേര്‍ന്ന് പെണ്‍കുട്ടിയെ ചോരയില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയത്. എന്തോ വീഴുന്ന ശബ്ദംകേട്ട് കെട്ടിടത്തിലെ താമസക്കാരായ സ്ത്രീകളാണ് പോലീസിനെയും അധികൃതരെയും വിവരമറിയിച്ചത്. ഒന്നാംനിലയിലെ മലിനജലക്കുഴലിന് സമീപം കുടുങ്ങിക്കിടന്ന പെണ്‍കുട്ടിയെ ഏറെനേരത്തെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്നും സംഭവം കൊലപാതകമാണെന്നും വ്യക്തമായത്. ഇതോടെ പോലീസ് വിശദമായ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

കൊല്ലപ്പെട്ട പെണ്‍കുട്ടി കെട്ടിടത്തിലെ താമസക്കാരിയല്ലെന്നാണ് പോലീസ് പറയുന്നത്. കെട്ടിടത്തിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ കളിപ്പാട്ടം നല്‍കാമെന്ന് പറഞ്ഞാണ് പ്രതി താന്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കെട്ടിടത്തിലെ ആറാംനിലയിലെ മുറിയിലെത്തിച്ച് ക്രൂരമായി ബലാത്സംഗംചെയ്തു. ഇതിനുശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയും പെണ്‍കുട്ടിയുടെ
മൃതദേഹം കുളിമുറിയുടെ ജനലില്‍കൂടി പുറത്തേക്ക് എറിയുകയുമായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിക്കൊപ്പം കളിച്ചിരുന്ന കൂട്ടുകാരിയുടെ മൊഴിയാണ് നിര്‍ണായകമായത്. കളിപ്പാട്ടം നല്‍കാമെന്ന് പറഞ്ഞ് പത്തുവയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയത് ആസിഫ് മന്‍സൂരിയാണെന്ന് ഈ കുട്ടി മൊഴി നല്‍കി. ഇയാളെ കുട്ടി തിരിച്ചറിയുകയുംചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി കെട്ടിടത്തിലെ എല്ലാ ഫ്‌ളാറ്റുകളും പോലീസ് പരിശോധിച്ചു. ഈ സമയം പ്രതിയുടെ ഫ്‌ളാറ്റിലെ കുളിമുറിയിലെ ജനല്‍ തുറന്നുകിടക്കുന്നതായി കണ്ടെത്തി. മാത്രമല്ല, പ്രതിയുടെ ഫ്‌ളാറ്റില്‍നിന്ന് പെണ്‍കുട്ടിയുടെ വസ്ത്രത്തിന്റെ കീറിയഭാഗങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ആസിഫ് മൻസൂരി ബിഹാർ സ്വദേശിയാണെന്നും ജോലിക്കായാണ് ഇവിടെയെത്തിയതെന്നും പോലീസ് പറഞ്ഞു.
—————