വിവാദ ആള്‍ദൈവം നിത്യാനന്ദ ‘ജീവത്യാഗം’ ചെയ്‌തെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തല്‍

ചെന്നൈ: സ്വയംപ്രഖ്യാപിത വിവാദ ആള്‍ദൈവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. സനാതനധര്‍മം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ‘ജീവത്യാഗം’ ചെയ്‌തെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകനും അനുയായികൂടിയായ സുന്ദരേശ്വരനും അറിയിച്ചു. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്.

2010-ല്‍ സിനിമാനടിക്കൊപ്പമുള്ള വീഡിയോ പുറത്തുവന്നതുമുതല്‍ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന നിത്യാനന്ദ 2019-ല്‍ ഇന്ത്യ വിട്ടു. തങ്ങളുടെ മൂന്നുമക്കളെ തട്ടിക്കൊണ്ടുപോയതായി തമിഴ് ദമ്പതിമാര്‍ നല്‍കിയ പരാതിയില്‍ ഗുജറാത്ത് പോലീസ് അറസ്റ്റിന് നടപടിയാരംഭിച്ചതിനെത്തുടര്‍ന്നായിരുന്നു രാജ്യംവിട്ടത്.

എക്വഡോറിനുസമീപം ഒരു ദീപില്‍ അനുയായികള്‍ക്കൊപ്പം കഴിയുന്നെന്നായിരുന്നു വിവരം. പിന്നീട് പലതവണ ഓണ്‍ലൈന്‍ മുഖേന ആത്മീയപ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. കൈലാസ എന്നപേരില്‍ രാജ്യം സ്ഥാപിച്ചെന്നും അവകാശപ്പെട്ടു.

എന്നാല്‍ നിത്യാനന്ദയുടെ മരണവാർത്ത നിഷേധിച്ച്‌ പ്രസ്താവന പുറത്തിറക്കി അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍. നിത്യാനന്ദ പൂർണ ആരോഗ്യത്തോടെ സുരക്ഷിതനായി ഇരിക്കുന്നുവെന്നാണ് പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. നിത്യാനന്ദ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്നതിനായി മാർച്ച്‌ 30-ന് അദ്ദേഹം പങ്കെടുത്ത ഒരു പരിപാടിയുടെ ലൈവ് സ്ട്രീമിങ് ലിങ്കും കൈലാസ പ്രതിനിധികള്‍ പുറത്തുവിട്ടിട്ടുണ്ട്.

നിത്യാനന്ദയെ അപകീർത്തിപ്പെടുത്തുന്നതിനായി നടത്തുന്ന വ്യാജപ്രചാരണങ്ങളെ കൈലാസ ശക്തമായ അപലപിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

നിത്യാനന്ദ മരിച്ചെന്ന് 2022-ല്‍ അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന താന്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നറിയിച്ച് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍, കഴിഞ്ഞകുറച്ചുകാലമായി വീഡിയോ പ്രഭാഷണങ്ങള്‍ പുറത്തുവരുന്നില്ലായിരുന്നു.