ഇന്ത്യയും അമേരിക്കയെ കൊള്ളയടിച്ചു; ഇന്ത്യ 100 ശതമാനം തീരുവയാണ് ഈടാക്കുന്നത്; പകരച്ചുങ്കത്തിന് യുഎസ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ പ്രഖ്യാപനം അനുസരിച്ച് ഏപ്രില്‍ രണ്ട് മുതല്‍ എല്ലാ രാജ്യങ്ങളില്‍ നിന്നും പകരത്തിന് പകരമുള്ള തീരുവ ഈടാക്കി തുടങ്ങും. പകരചുങ്കം ഏര്‍പ്പെടുത്തി തുടങ്ങുന്ന ഏപ്രില്‍ രണ്ട് അമേരിക്കയുടെ വിമോചന ദിനമായിരിക്കുമെന്നാണ് ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്. എല്ലാ രാജ്യങ്ങളില്‍നിന്നും തീരുവ ഈടാക്കുമെന്നും അതുകൊണ്ട് എന്താണ് സംഭവിക്കുകയെന്ന് നോക്കട്ടേയെന്നുമാണ് ട്രംപ് വെല്ലുവിളിച്ചിരിക്കുന്നത്.

അമേരിക്കയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നത് കണക്കിലെടുത്ത് അന്യായമായ തീരുവ ഈടാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും അമേരിക്കയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുകയാണ്. ഈ കാരണം കൊണ്ടുതന്നെ യുഎസ് ഉത്പന്നങ്ങള്‍ പല വിദേശരാജ്യങ്ങളിലും എത്തിക്കാന്‍ സാധിക്കുന്നില്ല’ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.

അന്യായമായ തീരുവ ഈടാക്കുന്ന ഈ രാജ്യങ്ങള്‍ വര്‍ഷങ്ങളായി അമേരിക്കയെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, അമേരിക്കയിലെ തൊഴിലാളികളുടെ അധ്വാനത്തെ പോലും വിലമതിക്കാത്ത സമീപനമാണ് ഈ രാജ്യങ്ങള്‍ കാണിക്കുന്നതെന്നും ലീവിറ്റ് കുറ്റപ്പെടുത്തി. ഇനി പരസ്പര സഹകരണത്തിനുള്ള സമയാണ്. ഏപ്രില്‍ രണ്ട് മുതല്‍ ചരിത്രപരമായ മാറ്റങ്ങളാണ് അമേരിക്കയില്‍ ഉണ്ടാകുന്നതെന്നും കരോലിന്‍ ലീവിറ്റ് അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മറ്റ് രാജ്യങ്ങള്‍ അന്യായമായി ഈടാക്കുന്ന തീരുവകളും ലീവിറ്റ് അക്കമിട്ട് നിരത്തുന്നുണ്ട്. യൂറോപ്യന്‍ യൂണിയനുകള്‍ അമേരിക്കന്‍ പാലുത്പന്നങ്ങള്‍ക്ക് 50
ശതമാനം തീരുവയും അമേരിക്കയില്‍ നിന്നുള്ള അരിക്ക് ജപ്പാന്‍ 700 ശതമാനം തീരുവയും അമേരിക്കയില്‍ നിന്നുള്ള വെണ്ണയ്ക്കും ചീസിനും കാനഡ 300 ശതമാനം തീരുവയും
അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനം തീരുവയും ചുമത്തുന്നുണ്ടെന്നാണ് ലീവിറ്റ് പറയുന്നത്.

10 മുതല്‍ 15 വരെ രാജ്യങ്ങള്‍ക്ക് മേല്‍ പകരചുങ്കം ചുമത്തുമെന്നാണ് അമേരിക്ക ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ച് അമേരിക്കയുമായി വ്യാപാരബന്ധമുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നും പകരചുങ്കം ഈടാക്കുമെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരക്കരാറുമായി (ബിടിഎ) ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ ന്യൂഡല്‍ഹിയില്‍ ചര്‍ച്ചനടന്നിരുന്നു. ബിടിഎയുടെ ഒരുഭാഗത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷാവസാനത്തോടെ അന്തിമതീരുമാനമുണ്ടാക്കാന്‍ ധാരണയിലെത്തിയെങ്കിലും തീരുവ ഇളവുസംബന്ധിച്ച തീരുമാനമുണ്ടായില്ല.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്. യുഎസിന്റെ പകരച്ചുങ്കം ഇന്ത്യയുടെ കയറ്റുമതിയില്‍ വലിയ ആഘാതമുണ്ടാക്കും. അടുത്ത സാമ്പത്തികവര്‍ഷം കയറ്റുമതിയില്‍ 730 കോടി ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ഇളവുകിട്ടുന്നതിനായി ചില മോട്ടോര്‍സൈക്കിളുകള്‍, ബേബണ്‍ വിസ്‌കി തുടങ്ങിയ യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ ഇന്ത്യ കുറച്ചിരുന്നു. ബേബണ്‍ വിസ്‌കിയുടേത് 150 ശതമാനത്തില്‍നിന്ന് 50 ആയാണ് കുറച്ചത്.
————