ആധുനികയുഗത്തിൽ കൂടോത്രത്തിൽ വിശ്വസിക്കുന്നവരോ? ആരായാലും അവർക്ക് പറ്റിയ ഇടം ഊളമ്പാറയോ കുതിരവട്ടമോ ആണ്.
കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും ഇതിലൊക്കെ വിശ്വാസമുണ്ടെന്ന് കേട്ടിട്ട് അന്തംവിട്ടുപോയി. മന്ത്രവാദങ്ങളിലും ആഭിചാര ക്രിയകളിലും വിശ്വസിക്കുന്നവർ ആരായാലും അവർ തിരുമണ്ടൻമാരാണ്.
ഇത് ഒരു തരം മാനസികരോഗമാണ്. തന്നെ തകർക്കാൻ ആരോ ശ്രമിക്കുന്നുവെന്ന ചിന്ത ഇതിൽ നിന്നും ഉടലെടുക്കും. സംശയങ്ങൾ മനസിൽ നാമ്പിടും. ഈശ്വരവിശ്വാസം ഉള്ളിൽ ഇല്ലാത്തവരും വലിയ തെറ്റുകൾ ജീവിതത്തിൽ ചെയ്തവർക്കുമാണ് ഇത് ഭയപ്പാടുണ്ടാക്കുന്നത്.

ചെയ്ത കുറ്റങ്ങളുടെ പാപ ഭാരവും പേറി നടക്കുന്നവർക്ക് എപ്പോഴും ഒരു കുറ്റബോധം മനസിൽ അലയടിച്ചു കൊണ്ടിരിക്കും. ആ മാനസിക അസ്വാസ്ഥ്യങ്ങളുടെ ഇടയിലാകും പറമ്പിൽ നിന്ന് കോഴിത്തലയും തകിടും മറ്റും കിട്ടുക. തന്നെക്കുറിച്ച് നന്നായി അറിയാവുന്ന ശത്രുക്കളാവും ഇത് ചെയ്യുക. കൂടോത്രം ചെയ്യുന്നവന് ഒരു പക്ഷേ ഇതിൽ വിശ്വാസം ഉണ്ടാവണമെന്നില്ല. ശത്രുവിൻ്റെ മനസ് കണ്ടറിഞ്ഞവനാണ് ഇത് ചെയ്യുക.
യാത്രക്കിറങ്ങുമ്പോൾ പൂച്ച വട്ടം ചാടുക, എതിർ ദിശയിൽ നിന്ന് ആരെങ്കിലും മുമ്പിൽ വന്നു ചാടുക, സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പല്ലി ചിലയ്ക്കുക ഇതിലൊക്കെ വിശ്വസിക്കുന്നവർ ഉണ്ട്. രാഹുകാലത്തിലും ഗുളികനിലും വിശ്വസിക്കുന്ന ‘ സത്യ ക്രിസ്ത്യാനികൾ ‘ പോലും ഉണ്ടത്രേ. കൂടോത്രം ഫലിക്കുമെങ്കിൽ പിണറായിക്കെതിരെയാണ് അടിയന്തരമായി അത് ആദ്യം ചെയ്യേണ്ടത്. വീടിന് സ്ഥാനം കാണുന്ന പരിപാടിയും തട്ടിപ്പാണ്. ഭൂമിയുടെ ചെരിവും കിടപ്പും വിസ്തീർണ്ണവും റോഡും നീരൊഴുക്കുമൊക്കെ നോക്കി നമുക്ക് തന്നെ സ്ഥാനം കണ്ടെത്താവുന്നതേയുള്ളു. കയ്യിൽ തേങ്ങ വെച്ചുരുട്ടിയും മോതിരം നൂലിൽ കെട്ടിയിട്ട് ആട്ടിയും കിണറിന് സ്ഥാനം കാണുന്നതും ശുദ്ധ തട്ടിപ്പാണ്.
മനുഷ്യൻ ബഹിരാകാശത്ത് ഹോട്ടൽ പണിയാനുള്ള തിരക്കിലാണെന്നോർക്കണം. അന്യഗൃഹങ്ങളിൽ ജീവൻ്റെ തുടിപ്പുകൾ തേടുകയാണ് മനുഷ്യർ. ആധുനിക ശാസ്ത്രയുഗത്തിൽ ബൈബിൾ വിശ്വസനീയതയ്ക്ക് പ്രസക്തിയുണ്ട്. ദൈവത്തിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് ആരോ പറമ്പിൽ കൊണ്ട് കുഴിച്ചിടുന്ന കോഴിത്തല കണ്ട് ഞെട്ടുന്നത്. ഈശ്വരനെ ഭയമില്ല. അതുകൊണ്ടാണ് ഏത് തെമ്മാടിത്തരവും നാം കാട്ടി കൂട്ടുന്നത്. എന്നാൽ പിശാചുക്കളെന്ന് നാം വിളിക്കുന്ന ശത്രുവിലും മന്ത്രവാദത്തകിടുകളിലുമാണ് പെരുത്തവിശ്വാസം. അതുകൊണ്ട് ബി.ജെ.പി സർക്കാരിന് പാക്കിസ്ഥാനെതിരെ ഒരു കൂടോത്രം വേണമെങ്കിൽ ചെയ്തു വിടാം. ഇതിലൊക്കെ വിശ്വസിക്കുന്ന ചില പൗരോഹിത്യ ക്രിസ്ത്യാനികളും ഉണ്ട്. അവർക്ക് വേണമെങ്കിൽ ഹമാസിനെതിരെയും ഒരു കൂടോത്രം ചെയ്യാം.
ചിലപ്പോൾ ‘ ഫലിച്ചെങ്കിലോ ‘.
കെ. സുധാകരനും ഉണ്ണിത്താനും കോഴിത്തലയിലും തകിടിലും വിശ്വസിക്കുന്നുവെങ്കിൽ അവർക്കായി നമുക്ക് പ്രാർത്ഥിക്കയും ചെയ്യാം. ഒരു കാര്യം ഉറപ്പ് വി.ഡി സതീശൻ സാർ ഇത് കണ്ട് ഉള്ളിൽ ചിരിക്കുന്നുണ്ടാവും. കാരണം അദ്ദേഹത്തിൻ്റെ ഈശ്വര ബോധം കേരളീയർക്കറിയാം.




