–സാബു തൊട്ടിപ്പറമ്പിൽ
ഇടുക്കി:മോഷണമുതലിനൊക്കെ ഓഫർ ഉണ്ടോ ? ഉണ്ടെന്നാണ് തമിഴ്നാട്ടിൽ നിന്ന് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത.
ഓഫർ മറ്റൊന്നുമല്ല, മോഷ്ടിച്ച മുതൽ കൃത്യം ഒരു മാസത്തിനുള്ളിൽ തിരികെ നൽകുമെന്നാണ് !
തമിഴ്നാട്ടിൽ വിരമിച്ച അധ്യാപികയുടെ വസതിയിൽ കവർച്ച നടത്തിയ വിരുതനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്.
അതുകൊണ്ട് തന്നെ കവർച്ചയിലല്ല, ലഭിച്ച കത്തിലാണ് ഇപ്പോൾ സംസ്സാര വിഷയം.
മോഷണം നടത്തിയെങ്കിലും മോഷ്ടിച്ച സാധനങ്ങൾ ഒരു മാസത്തിനകം തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ക്ഷമാപണക്കുറിപ്പും വച്ചാണ് കള്ളൻ കടന്ന കളഞ്ഞത്.
വിരമിച്ച അധ്യാപകരായ സെൽവിനും ഭാര്യയും ജൂൺ 17 ന് ചെന്നൈയിൽ മകനെ കാണാൻ പോയ സമയത്താണ് മേഘനാപുരത്തെ സാത്താൻകുളം റോഡിൽ കൗതുകകരമായ സംഭവം നടന്നത്.
ദമ്പതികൾ അവരുടെ അഭാവത്തിൽ ഇടയ്ക്കിടെ വീട് വൃത്തിയാക്കാൻ വീട്ടുജോലിക്കാരിയാണ് ഏൽപ്പിച്ചിരുന്നു. ജൂൺ 26-ന് ഇവർ വീട്ടിലെത്തി പ്രധാന വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് ഞെട്ടി.
അവൾ ഉടൻ തന്നെ സെൽവിനെ വിവരമറിയിച്ചു. വീട്ടിലെത്തിയ സെൽവിൻ 60,000 രൂപയും 12 ഗ്രാം സ്വർണാഭരണങ്ങളും ഒരു ജോടി വെള്ളി പാദസരവും കവർന്നതായി കണ്ടെത്തി.
പോലീസ് വീട്ടിൽ തിരച്ചിൽ നടത്തിയപ്പോൾ, മോഷ്ടാവ് ഉപേക്ഷിച്ചതായി കരുതപ്പെടുന്ന ഒരു ക്ഷമാപണ കത്ത് കണ്ടെത്തി. അതിൽ ക്ഷമാപണം നടത്തുകയും മോഷ്ടിച്ച വസ്തുക്കൾ ഒരു മാസത്തിനുള്ളിൽ തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
“എന്നോട് ക്ഷമിക്കൂ. ഒരു മാസത്തിനുള്ളിൽ ഞാൻ ഇത് തിരികെ നൽകും. എൻ്റെ വീട്ടിൽ ഓരാൾക്ക് സുഖമില്ല.അതാണ് ഞാൻ ഇത് ചെയ്യുന്നുനത്. കത്തിൽ പറയുന്നു. മേഘനാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൂന്ന് വയസ്സുള്ള കുട്ടിയുടെ സ്വർണമാല മോഷ്ടിച്ച മോഷ്ടാവ് അത് വിറ്റ് സമ്പാദിച്ച പണം ക്ഷമാപണ കത്തും സഹിതം തിരികെ നൽകിയതുമായ സമാനമായ സംഭവം കേരളത്തിൽ കഴിഞ്ഞ വർഷം അരങ്ങേറിയിരുന്നു. പാലക്കാടിന് സമീപമാണ് ഇത് നടന്നത്.




