പള്ളിയിലെ പ്രസംഗങ്ങൾ വലിച്ചു നീട്ടരുതെന്ന് മാർപ്പാപ്പാ. നീട്ടിയാൽ കേൾക്കാൻ ആളുകളുണ്ടാവില്ല. അവർ ഉറങ്ങും. കുർബ്ബാന സമയത്ത് നടക്കുന്ന പ്രസംഗങ്ങളെ പരാമർശിച്ച് സംസാരിക്കുകയായിരുന്നു പാപ്പ.
എട്ട് മിനിറ്റ് മതി പ്രസംഗം. പ്രസംഗം കേട്ട് ബോറടിച്ച് വിശ്വാസികൾ ഇരുന്നുറങ്ങിയാൽ അവരെ കുറ്റം പറയേണ്ടതില്ല. കേൾക്കാനും ഉറങ്ങാനും അവർക്ക് അവകാശമുണ്ട്. ഇന്നലെ വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് പുരോഹിതരുടെ അറുബോറൻ പ്രസംഗത്തെ വെട്ടിച്ചുരുക്കാൻ അദ്ദേഹം നിർദ്ദേശിച്ചത്.
ജീവപുസ്തകത്തിൽ നിന്നുള്ള ദൈവത്തിൻ്റെ വാക്കുകൾ പകർന്നു കൊടുക്കാനുളളതാണ് പ്രസംഗം. അതിനാൽ അത് ചെറുതായിരിക്കണം.
പ്രസംഗത്തെക്കുറിച്ചുള്ള പാപ്പായുടെ നിർദ്ദേശം വന്നപ്പോഴാണ് പെന്തക്കോസ്തു സഭകളിലെ പാസ്റ്റന്മാരുടെ പ്രസംഗം ഓർമ്മ വന്നത്. പെന്തക്കോസ്തു സഭയിലെ വിശ്വാസികളാണ് ഈ ദുരന്തം ഏറെ അനുഭവിക്കുന്നത്. അർത്ഥവത്തായ വാക്കുകൾ കൊണ്ട് ഒരു വിഷയം അവതരിപ്പിക്കാൻ 20-25 മിനിറ്റ് ധാരാളം. ഇത്രയും സമയം ശ്രോതാക്കൾ സ്റ്റേജിലേക്ക് നോക്കി ശ്രദ്ധിച്ചിരിക്കും. അത് കഴിഞ്ഞാൽ ശ്രദ്ധ തിരിയും. ഒരേ വിഷയം തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രസംഗകരുമുണ്ട്. അതും ബോറടിപ്പിക്കും. നിർത്താൻ പോകുന്നുവെന്ന് ഇടയ്ക്കിടെപറഞ്ഞു കൊണ്ടിരിക്കുന്നവരുമുണ്ട്. മദ്ധ്യവയസിന് മുകളിലുള്ള ആളുകളിൽ നല്ലൊരുപങ്കും ശാരീരിക പ്രശ്നങ്ങളുള്ളവരാണ്. മിക്കവരും ഞായറാഴ്ച ഭക്ഷണം കഴിക്കാതെ എത്തുന്നവരുമാണ്.

വലിച്ചു നീട്ടി പ്രസംഗിച്ച് സഭയിലെ ആത്മീയാന്തരീക്ഷം കെടുത്തുന്നവർ വിശ്വാസികളോട് പ്രതിബദ്ധതയില്ലാത്തവരാണ്. തന്റെ സംതൃപ്തിയാണ് പ്രസംഗത്തിലൂടെ ലക്ഷ്യമിടുന്നത്. പറയാനുള്ളത് കാച്ചിക്കുറുക്കി 20-25 മിനിറ്റ് കൊണ്ട് നല്ല പദങ്ങളുപയോഗിച്ച് സമർത്ഥിക്കൂ. അല്ലാത്ത പക്ഷം വിശ്വാസികളുടെ ഇടയിൽ ഒരു ഹിതപരിശോധന രഹസ്യമായി നടത്തി നോക്കൂ. നിങ്ങൾക്ക് പൂജ്യം മാർക്കാവും കിട്ടുക. പരസ്യമായി ആരും പറയുന്നില്ല എന്നേ ഉള്ളു.




