സാബു തൊട്ടിപ്പറമ്പിൽ
(സ്പെഷ്യൽ കറസ്പോണ്ടൻ്റ്)
ഇന്ന് മുല്ലപ്പെരിയാർ ഡാമിൽ സുപ്രീം കോടതി നിയമിച്ച മേൽ നോട്ട സമിതി സന്ദർശനം നടത്തി.
ശാശ്വതമായ ഒരു പ്രശ്ന പരിഹാരം ഉണ്ടാക്കാൻ കഴിയുന്ന നിലപാട് ഉണ്ടാകുമൊ യെന്നാണ് ജനം ഉറ്റു നോക്കുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണവും തമിഴ്നാടിന് ജലവും എന്ന ഇരുകുട്ടർക്കും ഒന്നും നഷ്ടപ്പെടാത്ത വ്യവസ്ഥ അംഗീകരിക്കാൻ തയ്യാറാകാത്ത തമിഴ്നാട് നിലപാട് അത്യന്തം പ്രതിഷേധാർഹമാണ്.
മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന്റെ മനസ്സിനോടൊപ്പം ആണ് ഇക്കാലമത്രയും ഉണ്ടായിട്ടുള്ള എല്ലാ നിലപാടുകളും നടപടികളും.ഡാം തകർന്നാൽ ഉണ്ടാകുന്ന വിവരിക്കാനാവാത്ത ദുരന്തത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്താൻ കഴിയാത്തതാണോ… അതോ, ബോധ്യപ്പെട്ടിട്ടും നിസ്സാരവൽക്കരിക്കുന്നതാണോ ? എന്നതാണ് ചിന്തനീയം.
ഇന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിൽ ഏറ്റവും അടുപ്പവും സൗഹൃദമുള്ളവരാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ എന്നാണ് പറഞ്ഞുകേട്ട കഥകൾ . മുഖ്യമന്ത്രി പിണറായി വിജയനെ നല്ല ‘വാഴ്ത്തുക്കൾ’ കൊണ്ട് സ്റ്റാലിൻ പുകഴ്ത്തി പാടിയതെല്ലാം സോഷ്യൽ മീഡിയകളിലൊക്കെ വൈറലായിട്ടുമുണ്ട്. എന്നാൽ മുല്ലപ്പെരിയാർ വിഷയത്തിൽ മാത്രം ഈ സൗഹൃദങ്ങൾ ഒന്നും തന്നെ പൂവണിഞ്ഞു കാണാറില്ല.

കേരളം മുല്ലപ്പെരിയാർ വിഷയവുമായി ഏതെങ്കിലും കാര്യമായി ബന്ധപ്പെട്ട് മുന്നിട്ടിറങ്ങിയാൽ തമിഴ്നാട് അതിനെതിരെ അപ്പോൾ തന്നെ തടയിട്ട് രംഗത്ത് വരും.
ഒരു കൂടിയാലോചനയിൽ ‘അണ്ണൻ തമ്പി’ മാർക്ക് പരിഹരിക്കാൻ പറ്റിയ സൗഹൃദ സാഹചര്യമാണ് നിലവിൽ ഉള്ളതെന്ന് ചുമ്മാ കേരളമക്കൾ മനക്കോട്ട കെട്ടുമെന്നാല്ലാതെ ഫലം ‘തതൈവ’തന്നെ.
രാഷ്ട്രീയതലത്തിൽ ആണെങ്കിൽ പോലും കേരളത്തിലെ ഒരു രാഷ്ട്രീയ നേതാക്കളും തമിഴ്നാടിന് വെള്ളം കൊടുക്കില്ലെന്ന് നിലപാട് കൈകൊണ്ടിട്ടില്ല. തമിഴ്നാട് വെള്ളം ജീവൻപ്രശ്നമാണ്. അതുൾകൊണ്ട് തന്നെയാണ് കേരളത്തിൻെറ നിലപാടും.
കേരള മുഖ്യനോടുള്ള സ്നേഹത്തിന്റെ പേരിൽ മുല്ലപ്പെരിയാർ വിഷയത്തിൽ ഭരണപരമായ എന്തെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാൻ തമിഴ്നാട് ഭരണാധികാരി എന്ന നിലയിൽ സ്റ്റാലിനെ കൊണ്ട് ആവില്ല.തമിഴ് മക്കളുടെ ഇടയിൽ അത്രകണ്ട് വൈകാരിക പ്രശ്നമാണ് മുല്ലപ്പെരിയാർ. അതുകൊണ്ടുതന്നെ കേരളത്തിനും തമിഴ്നാട്ടിലും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന സംവിധാനങ്ങൾ ഇലക്കും ഉള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കുക എന്നത് തന്നെയാണ് ശാശ്വത പരിഹാരം.തമിഴ്നാടിന് അവകാശപ്പെട്ട ജലം ഏതു നിലയിൽ ആണെങ്കിലും ലഭ്യമാക്കാൻ കരാറുകൾ ഇവിടെ ഉണ്ടാക്കാൻ നിയമസംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ അതിനു മുതിരാതെ കാലവർഷത്തെ അതിതീവ്രമഴയിൽ ആശങ്കയുടെ മുൻപനിയിലേക്ക് ഒരു കൂട്ടം ജനതയെ തള്ളി വീട്ടുകയെന്നത് അത്യന്തം
ആപൽക്കരമാണ്.
ഒരിടത്ത് ജലവും മറ്റൊരിടത്ത് ലക്ഷക്കണക്കിന് മനുഷ്യജീവനകളും അവരുടെ സർവ്വ സമ്പത്തും. ഇതിലേതിനാണ് പരിരക്ഷ ഏറ്റവും അനിവാര്യം എന്നതാണ് നിയമസംവിധാനങ്ങൾ വ്യക്തമാക്കേണ്ടതും, പരിഹരം ഉണ്ടാക്കേണ്ടതും.
മനുഷ്യത്വപരമായ ഒരു നിലപാടും അതിൽ പ്രതീക്ഷയർപ്പിച്ചാണ് ഒരുകൂട്ടം ജനം ഇപ്പോഴും ഈ വിഷയത്തെ നോക്കി കാണുന്നത്.
കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാജേഷ് കശ്യപ് അധ്യക്ഷനായ സമിതിയാണ് ഇന്ന് മുല്ലപ്പെരിയാർ ഡാം പരിശോധന നടത്തുന്നത്. മറ്റ് അംഗങ്ങളായി കേരളത്തിന്റെ ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാർ സിംഗ്, ചീഫ് എൻജിനീയർ ആർ പ്രിയേഷ്, തമിഴ്നാട് പുതുമരാമത്ത് സെക്രട്ടറി സന്ദീപ് സക്സേന, കാവേരി സെൽ ചെയർമാൻ ആർ സുബ്രഹ്മണ്യൻ എന്നിവരാണു ഉള്ളത്.




