ഗാസയിൽ ഇസ്രായേലിൻ്റെ വൻ വ്യോമാക്രമണം; 300ലധികം പേർ കൊല്ലപ്പെട്ടതായി പലസ്തീൻ

ചൊവ്വാഴ്ച പുലർച്ചെ ഗാസയിലുടനീളം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 300ലധികം പേർ കൊല്ലപ്പെട്ടു, ജനുവരി മുതൽ നിലനിന്നിരുന്ന ദുർബലമായ വെടിനിർത്തൽ ഇതോടെ അവസാനിച്ചു.

ഗാസ സിറ്റി, ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റാഫ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നടന്ന ആക്രമണങ്ങൾ, വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രായേൽ നടത്തിയ ഏറ്റവും തീവ്രമായ ബോംബാക്രമണമായിരുന്നു. മരിച്ചവരിൽ പലരും കുട്ടികളാണെന്ന് പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു, ആയിരക്കണക്കിന് ആളുകൾ കുടിയിറക്കപ്പെട്ട താമസസ്ഥലങ്ങളിൽ ആക്രമണങ്ങൾ നടന്നു.

ആക്രമണങ്ങൾ നടത്തുന്നതിന് മുമ്പ് ഇസ്രായേൽ ട്രംപ് ഭരണകൂടവുമായി കൂടിയാലോചിച്ചതായി വൈറ്റ് ഹൗസ് വക്താവ് സ്ഥിരീകരിച്ചു. ഫോക്സ് ന്യൂസിന്റെ “ഹാനിറ്റി” ഷോയോട് സംസാരിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു, “ഇന്ന് രാത്രി ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ ഇസ്രായേലികൾ ട്രംപ് ഭരണകൂടത്തോടും വൈറ്റ് ഹൗസിനോടും കൂടിയാലോചിച്ചു.”

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സും ചൊവ്വാഴ്ച രാവിലെ ആക്രമണത്തിന് ഉത്തരവിട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. പിന്നാലെ 20 ലധികം ഇസ്രായേലി യുദ്ധവിമാനങ്ങള്‍ മുകളിലൂടെ പറന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് വിമാനങ്ങള്‍ ഗാസ സിറ്റി, റാഫ, ഖാന്‍ യൂനിസ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തി. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് ആവര്‍ത്തിച്ച് വിസമ്മതിച്ചതിച്ചതോടെയാണ് ആക്രമണമെന്നാണ് ഇസ്രായേലിന്റെ ന്യായവാദം. ഇതോടെ മധ്യസ്ഥരില്‍ നിന്നും ലഭിച്ച എല്ലാ നിര്‍ദ്ദേശങ്ങളും അവര്‍ നിരസിച്ചു.

യുഎന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഡാനി ഡാനോണ്‍, ‘നമ്മുടെ ശത്രുക്കളോട് ഞങ്ങള്‍ ഒരു ദയയും കാണിക്കില്ല’ എന്ന് പറഞ്ഞുകൊണ്ട് ഹമാസിന് എല്ലാ ബന്ദികളെ മോചിപ്പിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍ കരാര്‍ അട്ടിമറിച്ചതിന് ഇസ്രായേലിനെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ഹമാസ് രോഷത്തോടെ പ്രതികരിച്ചു. ഗാസയില്‍ തടവിലാക്കപ്പെട്ട ശേഷിക്കുന്ന ഇസ്രായേലി ബന്ദികളുടെ കാര്യം അജ്ഞാതമായ ഒരു വിധിയിലേക്ക് ഇസ്രായേല്‍ തുറന്നുവിടുകയാണെന്നും ഹമാസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

2023 ഒക്ടോബര്‍ 7 നാണ് ഇസ്രായേലും ഹമാസും തമ്മിലുള്ള ഏറ്റവും പുതിയ യുദ്ധം ആരംഭിച്ചത്. ഒരു സംഗീതക്കച്ചേരിക്കിടെ തെക്കന്‍ ഇസ്രായേലില്‍ ഹമാസ് 1,200 ല്‍ അധികം ആളുകളെ കൊന്നൊടുക്കുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതായിട്ടാണ് ആരോപണം. അതിന് പിന്നാലെ ഇസ്രായേല്‍ നടത്തിയ വിവിധ ആക്രമണങ്ങളില്‍ 48,520 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു.

ഗാസയിലെ 2.1 ദശലക്ഷം ജനസംഖ്യയില്‍ ഭൂരിഭാഗവും പലതവണ പലായനം ചെയ്തിട്ടുണ്ട്. ഏകദേശം 70% കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് അല്ലെങ്കില്‍ നശിച്ചിട്ടുണ്ട്, ആരോഗ്യ സംരക്ഷണം, വെള്ളം, ശുചിത്വ സംവിധാനങ്ങളും തകര്‍ന്നു.