ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മൂന്നുപേർക്ക് തടവുശിക്ഷ

ടെഹ്റാന്‍: ഇറാനില്‍ ഇസ്‌ലാം മതം ഉപേക്ഷിച്ചു ക്രൈസ്തവവിശ്വാസം സ്വീകരിച്ച ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേർക്ക് തടവുശിക്ഷ വിധിച്ച്‌ കോടതി.

അബ്ബാസ് സൂരി(48), മെഹ്‌റാൻ ഷംലൂയി(37), ഗർഭിണിയായ 37 വയസുള്ള നർഗസ് നസ്രി എന്നിവരെയാണ് ഇസ്‌ലാമിക നിയമത്തിനു വിരുദ്ധമായ പ്രചാരണപ്രവർത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച്‌ ഇറേനിയൻ വിപ്ലവ കോടതി ശിക്ഷിച്ചത്.

അബ്ബാസിന് 15 വർഷം തടവും മെഹ്‌റാന് പത്തു വർഷം തടവും നർഗസിന് 16 വർഷം തടവുമാണ് വിധിച്ചത്. മൂന്നുപേർക്കും കടുത്ത പിഴശിക്ഷയുമുണ്ട്.2024 നവംബർ മൂന്നിന് ടെഹ്‌റാനിലെ ഇവരുടെ വീടുകളില്‍ രഹസ്യാന്വേഷണ ഏജന്‍റുമാർ നടത്തിയ റെയ്ഡിനിലാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.

ഈ സമയത്ത് ബൈബിളുകള്‍, കുരിശുകള്‍, സംഗീതോപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്വകാര്യവസ്തുക്കള്‍ കണ്ടുകെട്ടി. ഇറാനിലെ ഇസ്‌ലാമിക ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുള്ള പാശ്ചാത്യരുടെ ശ്രമമായിട്ടാണ് മുസ്‌ലിംകളുടെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള മതപരിവര്‍ത്തനത്തെ ഇറാന്‍ ഭരണകൂടം നോക്കിക്കാണുന്നത്.