പരുന്തുംപാറയില്‍ കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചു, സ്ഥാപിച്ചത് സ്റ്റോപ്പ് മെമ്മോ ലംഘിച്ച്‌

പീരുമേട്(ഇടുക്കി): സ്റ്റോപ്പ് മെമ്മോ ലംഘിച്ച്‌ പീരുമേട് പരുന്തുംപാറ കൈയേറ്റ ഭൂമിയില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് കുരിശ് റവന്യു ഉദ്യോഗസ്ഥർ പൊളിച്ചു നീക്കി.

നിയമസഭയില്‍ വാഴൂർ സോമൻ എം.എല്‍.എ ഇന്നലെ രാവിലെ കൈയേറ്റ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. പൊലീസ് സുരക്ഷയില്‍ മൂന്നുമണിക്കൂറോളമെടുത്താണ് പൊളിച്ചു മാറ്റിയത്.

പരുന്തുംപാറയില്‍ നിരോധനാജ്ഞ നിലവിലുള്ള സർവേ നമ്ബരില്‍പ്പെട്ട ഭൂമിയില്‍ ഒരു നിർമ്മാണവും പാടില്ലെന്ന കളക്ടറുടെ നിർദ്ദേശം ലംഘിച്ച്‌ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി പാസ്റ്റർ സജിത്ത് ജോസഫാണ് കുരിശ് സ്ഥാപിച്ചത്. മറ്റൊരു സ്ഥലത്തുവച്ച്‌ നിർമ്മിച്ച്‌ വെള്ളിയാഴ്ച തേയിലത്തോട്ടത്തിന് നടുവിലെ കൈയേറ്റഭൂമിയില്‍ സ്ഥാപിക്കുകയായിരുന്നു. ശനിയും ഞായറും അവധിയാണെന്നത് മുന്നില്‍ക്കണ്ടായിരുന്നു ഇത്.

പരുന്തുംപാറയില്‍ 3.31 ഏക്കർ സർക്കാർ ഭൂമി സജിത്ത് ജോസഫ് കൈയേറി റിസോർട്ട് നിർമ്മിച്ചതായി കണ്ടെത്തി നേരത്തെ ഹൈക്കോടതിക്ക് റിപ്പോർട്ട് നല്‍കിയിരുന്നു. ഇതില്‍ ഫെബ്രുവരി 27ന് ഹൈക്കോടതി സർക്കാരിന്റെ വിശദീകരണംതേടി. തുടർന്ന് കൈയേറ്റം ഒഴിപ്പിക്കുന്നതിനായി കളക്ടർ വി.വിഗ്‌നേശ്വരി പീരുമേട് താലൂക്കില്‍ രണ്ടുമാസം നിരോധനാജ്ഞ പുറപ്പെടുവിച്ചു. കൈയേറ്റം ഒഴിപ്പിക്കാൻ ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘത്തെയും നിയോഗിച്ചു. കൈയേറ്റക്കാർക്ക് സ്റ്റോപ്പ് മെമ്മോയും നല്‍കി. ഇത് അവഗണിച്ചാണ് കുരിശ് സ്ഥാപിച്ചത്.

*ഐ. പി. സി പിളരുമോ ?*