ആൾ ദൈവം മുങ്ങി: എഫ് ഐ ആറിലും പേരില്ല; മരണസംഖ്യ 121-ആയി ഉയർന്നു

ന്യൂഡൽഹി :ഉത്തർപ്രദേശിലെ ഹത്റസ് ഇന്നലെ സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം വർദ്ധിക്കുന്നു. ഇതുവരെ 121  പേരാണ് മരിച്ചത്.

മതപ്രഭാഷകനായ ഭോലെ ബാബയുടെ സത്സംഗത്തിനായി സിക്കന്ദ്രറാവു പ്രദേശത്തെ ഫുൽറായി ഗ്രാമത്തിന് സമീപം തടിച്ചുകൂടിയ ആയിരങ്ങളാണ് ഇപ്പോൾ അപകടത്തിനിരയായത്. സംഭവത്തിൽ കേസെടുത്തിരിക്കുകയാണ് പോലീസ്. 

ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് തിക്കിലും തിരക്കിലും പെട്ടത്. ഒരു ദൃക്‌സാക്ഷി പറയുന്നതനുസരിച്ച്, വേദിയിൽ ആയിരക്കണക്കിന് ആളുകൾ ഉണ്ടായിരുന്നു, ബാബ പോകുമ്പോൾ അവരിൽ പലരും അദ്ദേഹത്തിൻ്റെ കാൽ തൊടാൻ ഓടി. അവർ മടങ്ങുമ്പോൾ, സമീപത്തുള്ള ഒരു ഡ്രെയിനിൽ നിന്ന് വെള്ളം കവിഞ്ഞൊഴുകുന്നതിനാൽ ഗ്രൗണ്ടിൻ്റെ ചില ഭാഗങ്ങൾ ചതുപ്പുനിലമായതിനാൽ ആളുകൾ വഴുതി പരസ്പരം വീണു.

സംഭവത്തിന് പിന്നാലെ ആഗ്രയിലെ സ്വയം പ്രഖ്യാപിത ആൾദൈവം ഭോലെ ബാബ ഇവിടെ നിന്നും കടന്നുകളഞ്ഞു. ഇയാൾ ഒളിവിലാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഭോലയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ആരംഭിച്ചതായു പോലീസ് പറയുന്നു.  അദ്ദേഹത്തിൻ്റെ വീട് നിരീക്ഷണത്തിലാണ്. 

അതേസമയം അപകടത്തിന് പിന്നാലെ ഭോലെയെ കാണാനില്ലെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ഈ സമയത്ത് ഇയാൾ സംഭവ സ്ഥലത്ത് നിന്ന് പോയതാണ്. എന്നാൽ പിന്നീട് ഇയാൾ തന്റെ ആശ്രമത്തിലും എത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ എഫ്.ഐ.ആർ. രേഖപ്പെടുത്തിയെങ്കിലും പരിപാടിയുടെ മുഖ്യ ആളായ ഭോലെ ബാബയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസിലെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
======