കേരളം ബാർബേറിയൻ കാലഘട്ടത്തേക്ക് മടങ്ങുന്നുവോ?

ഷാജി ആലുവിള

ആലപ്പുഴയിൽ ഗുണ്ടകൾ തമ്മിൽ നടുറോഡിൽ തമ്മിലടി, കത്തിക്കുത്ത്.
തിരുവനന്തപുരത്ത് ഇരുപത്തിമൂന്നുകാരൻ കാമുകി ഉൾപ്പെടെ അഞ്ച് പേരെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു.

അതിന് മുമ്പാണ് സാത്താൻ സേവകനായ മകൻ പിതാവിനെ വെട്ടി കൊലപ്പെടുത്തിയത്.

ജന്മം നൽകി എന്ന കാരണത്താൽ അമ്മയെ മകൻ തലക്കടിച്ചു കൊന്നു.
സഹോദരങ്ങളോട് ലൈംഗീക അക്രമം കാണിക്കുന്നതിന് സ്വന്തം അമ്മ 32 വയസുള്ള മകനെ മൂന്ന് കഷണങ്ങളായി വെട്ടി നുറുക്കി പോളിത്തീൻ കവറിൽ പലസ്ഥലങ്ങളിലായി വിതറി.
അവിഹിത ബന്ധം കൊണ്ട് ഭാര്യയെ ഭർത്താവ് കൊന്ന് കുക്കറിൽ പാകം ചെയ്ത് നദിയിൽ ഒഴുക്കി. മറ്റൊരുവൻ ഭാര്യയെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചു.

നിധി കിട്ടാനും അനുഗ്രഹം പ്രാപിക്കാനും നരബലിയിലൂടെ കൊലപാതകം നടത്തുന്നു മറ്റ് ചില വിവരദോഷികൾ. പ്രായമകാത്ത പെൺകുട്ടികളെ പോലും സംഘം ചേർന്ന് ബലാൽസംഘം ചെയ്ത് നശിപ്പിക്കുന്നു. അമ്പതിൽ കൂടുതൽ യുവാക്കൾ ചേർന്ന് ഒരു പെൺകുട്ടിയെ മാറി മാറി പീഡിപ്പിച്ചു ആ വാർത്ത മായും മുമ്പ് വീണ്ടും കേൾക്കുന്നു അതേപോലെയുള്ള മറ്റൊരു കുറ്റകൃത്യം തിരുവനന്തപുരത്ത് നടന്നുവെന്ന്.

റാഗിങിൻ്റെ പേരിൽ നേഴ്സിംഗ് വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ക്രൂരവിനോദം നടത്തി. മാനസികമായി തകർന്ന ആ യുവാവ് ആത്മഹത്യ ചെയ്തു.

കൂടത്തായി ജോളി സ്വന്തം കുടുംബത്തിൽ ഭർത്താവുൾപ്പെടെ ആറുപേരെ പതിനാല് വർഷം കൊണ്ട് കൊന്നൊടുക്കി, കുടുംബ ഓഹരിക്ക് വേണ്ടി. ഇതൊക്കെ ഒരു തരം ക്രൂര വിനോദമോ? അതോ പണത്തിനും സുഖത്തിനും വേണ്ടിയുള്ള അതിമോഹമോ? മനുഷ്യൻ്റെ പച്ച ചോരയുടെ രൂക്ഷ ഗന്ധം ആസ്വദിക്കുന്ന ഒരു കൊലയാളിയും ഇനി ഉണ്ടാകാതിരിക്കാൻ (ഇനിയും ഇതുപോലെയുള്ള അരുംകൊല നടക്കാതിരിക്കാൻ) സമൂഹവും സർക്കാരും പോലീസും കോടതിയും ഉണർന്ന് എഴുന്നേൽക്കാൻ ഇനി വൈകരുത്.

റിമാൻ്റിൽ ഇറങ്ങിയ കുറ്റവാളി, തന്നെ അകത്താക്കിയവരോടുള്ള പകതീർക്കാൻ സമയം കാത്തിരുന്ന് കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുന്നു.

പത്തും പന്ത്രണ്ടും പ്രായമുള്ള ബാല്യങ്ങൾ അച്ഛനും അമ്മയും ആകുന്നു. ഇങ്ങനെ പോകുന്നു ദിവസവും ചൂടുള്ള വാർത്തകൾ. വാർത്തകൾക്ക് കുറവില്ലാതെ ഒന്നിനു പിറകെ ഓരോരോ സംഭവങ്ങൾ വാർത്തകളായി മാറുമ്പോൾ ആദ്യവാർത്തകൾ ഓരോന്നും വാർത്തയിൽ നിന്നും മാഞ്ഞു പോകുന്നു. പിന്നീട് അതിൻ്റെ അവസ്ഥ പലരും അറിയാതെയും പോകുന്നു.

ക്രൂര കൊലപാതകങ്ങൾ കൊണ്ട് എത്ര കുടുംബങ്ങളാണ് ശിഥിലമാകുന്നത്. കുറ്റബോധമില്ലാതെ കുറ്റവാളികൾ ക്രൂരന്മാരായി പെരുകുന്നു. പ്രണയിച്ചതുകൊണ്ട് കാമുകി, കാമുകന് പഴച്ചാറിൽ വിഷലായനി കലർത്തി കൊടുത്ത് കൊന്നു തള്ളിയതും ഈ അടുത്തകാലത്താണ്.

സ്ത്രീധനത്തിൻ്റെ പേരിൽ ഉന്നതഉദ്യോഗസ്ഥൻ ഭാര്യ ഉറങ്ങിക്കിടക്കുമ്പോൾ വിഷപാമ്പിനെ കയറ്റിവിട്ട് കടിപ്പിച്ച് കൊന്നതും നമ്മുടെ ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൽ തന്നെയാണ്. രണ്ടാം ക്ലാസുകാരൻ അമ്മക്കെതിരെ കേസുകൊടുക്കാൻ കിലോമീറ്ററുകൾ നടന്ന് പോലീസ് സ്റ്റേഷൻ ആണന്നു പറഞ്ഞ് ഫയർസ്റ്റേഷനിൽ എത്തിയതും ഈ ദിവസങ്ങളിൽ ആണ്. എന്താണ് നമ്മുടെ നാട് ഇങ്ങനെ? എങ്ങോട്ടാണ് ഈ സാംസ്ക്കാരിക നാടിൻ്റെ യാത്ര? എന്താണിതിൻ്റെയൊക്കെ കാരണങ്ങൾ?

കുറ്റകൃത്യ വാസനക്ക് പിന്നിൽ പലഘടകങ്ങൾ ഉണ്ടെന്നാണ് മാനസിക വിദഗ്‌തർ പറയുന്നത്. പ്രതികാര ചിന്തയും പകയും ആക്രമണത്തിനും കൊലപാതകത്തിനും കാരണമാകാം. കവർച്ച, ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളും പെരുകുകയാണ് നമ്മുടെ നാട്ടിൽ.

പ്രണയിച്ചവർ തമ്മിൽ വിവാഹം കഴിക്കാൻ അനുവദിക്കാത്തതുകൊണ്ട് ദന്തൽ കോളേജ് ഹോസ്റ്റലിൽ കയറി യുവാവ് കാമുകിയെ വെടിയുതിർത്ത് കൊല ചെയ്തത് ആരും മറന്നു കാണില്ല.
സ്കൂളിൽ പഠിക്കുമ്പോൾ കള്ളം പറയുകയും മോഷ്ടിക്കയും ചെയ്യുന്ന പ്രവണതയുള്ളവരുണ്ട്. അത് ഒരുതരത്തിൽ മാനസിക വൈകല്യങ്ങളാണ്. ചെറുപ്പത്തിൽ കടുത്ത ശിക്ഷയേറ്റ് വളരുന്നവരിൽ മാനസിക പ്രശ്നങ്ങൾ വർദ്ധിക്കും. വർഷങ്ങളായി അടക്കിവെച്ചിരിക്കുന്ന ദേക്ഷ്യവും കുറ്റബോധവും ദുഃഖവും നിരാശയും അവരുടെ മാനസിക നില തെറ്റിക്കും.

പെട്ടന്ന് മാനസിക നിലക്ക് ക്ഷതം വരുത്തുന്ന പ്രായമാണ് ഒന്നുമുതൽ പതിനാല് വയസ്സുവരെയുള്ള പ്രായം. നല്ലതും ചീത്തയുമായ കര്യങ്ങൾ തിരിച്ചറിയാനുള്ള ശക്തി ഇല്ലാത്ത കാലമാണ് ഇത്. അത് കൊണ്ട് ഈ പ്രായത്തിൽ ലഭിക്കുന്ന ക്രൂര ശിക്ഷാ നടപടികൾ വിരുദ്ധ സംഭവങ്ങളായി ഉപ ബോധമനസ്സിൽ അവശേഷിക്കും. ശിക്ഷ ആരെയും നശിപ്പിക്കാൻ അല്ല, പകരം വീട്ടലും,

പകതീർക്കലും, ദേക്ഷ്യം തീർക്കലുമല്ല. പ്രത്യുത പുനർനിർമ്മിക്കലാണ് സ്വഭാവശുദ്ധീകരണമാണ്. കുട്ടികളെ ശിക്ഷിക്കണ്ടത് സ്നേഹത്തിലായിരിക്കണം. സ്നേഹിച്ചുകൊണ്ടായിരിക്കണം മാതാപിതാക്കളും അധ്യാപകരും കുട്ടികളെ ശിക്ഷിക്കേണ്ടത്. പോലീസിൻ്റെ അടിയും, കോടതി ശിക്ഷയും കഴിഞ്ഞുവരുന്നവർ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നു. കാരണം സ്വഭാവശുദ്ധി വന്നിട്ടില്ല. ജയിലിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികൾക്ക് പോലും നിയമത്തിൻ്റെ പഴുതടച്ച് രക്ഷാമർഗങ്ങളും സുഖജീവിതവും അനുവദിച്ചുകൊടുക്കുന്നു ഉത്തരവാദിത്തപ്പെട്ടവർ. എല്ലാ പൗരന്മാർക്കും നിയമവും ശിക്ഷയും ഒരുപോലെയെന്നാണ് അനുമാനം.

എന്നാൽ രാഷ്ട്രീയ പിടിപാടും പണത്തിൻ്റെ കൊഴുപ്പും കൊണ്ട് പലരും കേസുകളിൽ നിന്ന് ഊരിപോരുകയും ഇളവ് അനുഭവിക്കയും ചെയ്യുന്നു.

ക്രൂരത വിനോദമാക്കി പക തീർക്കുന്നവരുടെ ലോകമായി മാറുകയാണ് നമ്മുടെ നാട്.
മദ്യവും മയക്കുമരുന്നും ലഹരി വസ്തുക്കളും സമൂഹത്തെ നശിപ്പിക്കുകയും ക്രമസമാധാനം നഷ്ടപ്പെടുത്തുമെന്നും സമൂഹത്തിന് അറിയാം. എന്നിട്ടും മദ്യഷാപ്പിന് മന്ത്രിയും ഭരണ രീതിയുമുണ്ട്. കാരണം ഖജനാവിലേക്ക് പണം വരുവാനുള്ള പ്രധാന മാർഗമാണ് മദ്യഷാപ്പുകൾ.
അതുപോലെ തന്നെ ലഹരി വസ്തുക്കൾ.

വിവിധ പേരുകളിൽ അറിയപ്പെടുന്ന വീര്യം കൂടിയ ലഹരി വസ്തുക്കൾ യുവതി യുവാക്കൾ എന്ത് വിലകൊടുത്തും വാങ്ങി ഉപയോഗിക്കുന്നു. ലഹരി വേട്ട നടത്തി പോലീസുകാർ ഓടുന്നതല്ലാതെ അതിൻ്റെ ഉറവിടം കണ്ടുപിടിച്ച് അവസാനിപ്പിക്കാൻ ആർക്കും സാധിക്കുന്നില്ല. കൗൺസിലിംഗ് സെൻ്ററും ഡീ-അഡിക്ഷൻ സെൻ്ററുകളും ചികിത്സാരീതികളും ധാരാളമുണ്ട്. പക്ഷേ ലഹരി ഉപയോഗം കൂടുകയും ക്രൂര കൃത്യങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു. മതാചാര്യന്മാരും, പള്ളിയും പട്ടക്കാരും പാസ്റ്ററും പൂജാരിയും ഇമാമും സാമൂഹികപ്രവർത്തകരും ധാരാളം നമ്മുടെ നാട്ടിലുണ്ട്. ക്ഷേത്രത്തിനും പള്ളികൾക്കും ഒരു കുറവുമില്ല ഈ നാട്ടിൽ. പുണ്യ കർമ്മവും, പ്രാർത്ഥനയും, നേർച്ചയും, ആരാധനയും, പൂജകളും, മന്ത്രങ്ങളും എല്ലാ മതങ്ങളും നടത്തുന്നു.

എന്നിട്ടും സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന നമ്മുടെ നാടിന് എന്താണ് സംഭവിക്കുന്നത്. ഒരുകാലത്ത് മാതാപിതാ ഗുരു ബന്ധം ബഹുമാനവും വാത്സല്യവും നിറഞ്ഞതായിരുന്നു. ഇന്ന് മക്കൾക്ക് അനുസരണയില്ലാത്ത അവസ്ഥയായി. ഗുരു ശിഷ്യ ബന്ധം അത്ര പവിത്രതയില്ലാതെ മാറുന്നു. അനാത്മീയത എല്ലാ മതങ്ങളിലും വർദ്ധിക്കുന്നു. പണത്തിനുവേണ്ടിയുള്ള മനുഷ്യൻ്റെ പരക്കം പാച്ചിൽ ലഹരി വസ്തുക്കളുടെ വിൽപ്പനയിലും ഉപയോഗത്തിലും എത്തിക്കുന്നു. സുഖത്തിന് വേണ്ടി അതിൻ്റെ അടിമയായി മനുഷ്യർ മാറുന്നു.

അതോടുകൂടി ക്രൂരസ്വഭവവും മാനസിക നില തെറ്റിയവരായും മാറുന്നു. കുറ്റവാളികളെ സൃഷ്ടിക്കുന്ന സാമൂഹിക അന്തരീക്ഷം കേരളത്തിൽ വളരുകയാണ്. ലഹരി വ്യാപനത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണം.

പ്രായപൂർത്തിയാകാത്ത കുട്ടികൾ പോലും ക്രിമിനൽ കേസുകളിലും പോക്സോ കേസുകളിലും പ്രതികളാ കുന്നു. ക്രൂരമായ കൊലപാതകങ്ങളുടെ വാർത്തകളാണ് നാം ദിവസവും കേൾക്കേണ്ടി വരുന്നത്. മലയാളികളുടെ മാനസിക ആരോഗ്യം തകർക്കുന്നതിൽ മദ്യ- മയക്കു മരുന്ന് ഉപയോഗങ്ങളുടെ വർദ്ധനവ് വലിയ പങ്കു വഹിക്കുന്നു.

കുറ്റവാളികളെ കൊണ്ട് ജയിലുകൾ നിറയുകയാണ്. ഇങ്ങനെ പോയാൽ ഇനിയും പണിയേണ്ടിവരും ജയിലുകൾ. സത്യത്തിൽ കുറ്റവാളികളുടെ സുഖവസകേന്ദ്രമാണോ ജയിലുകൾ എന്ന് ചിന്തിക്കുന്നു പലരും. അസ്ഥികൂടമായി ജയിലിൽ കയറിയ അന്തേവാസികൾ കൊഴുത്ത് തടിച്ച് പച്ച പിടിച്ചാണ് പുറത്തിറങ്ങുന്നത്. ആഹരത്തിനോ മറ്റും ഒരു ബുദ്ധിമുട്ടും അവിടെയില്ല. ശിക്ഷകിട്ടിയാലും ജീവിതം അവിടെയും പ്രശ്നമില്ല.

ആയിരം കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നാണ് നമ്മുടെ ഇന്ത്യൻ നിയമ വ്യവസ്ഥയുടെ അടിസ്ഥാന പ്രമാണം. അത് കാത്ത് സൂക്ഷിക്കാൻ ഭരണകർത്താക്കളും ഇന്ത്യൻ ജനതയും പ്രതിജ്ഞാബദ്ധരാണ്.