– കെ.എൻ. റസ്സൽ
കപട ആത്മീയകച്ചവടക്കാർ പുതിയ വ്യവസായ മേഖലകളിലേക്ക് തിരിഞ്ഞതായി റിപ്പോർട്ടുകൾ. സഭകൾ മിക്കതും പൊളിഞ്ഞു. ശാപം മുറിക്കലും തള്ളി വീഴ്ത്തലും വിശുദ്ധ ചിരിയും കൊരയും ഏശാതെയായി. എത്ര വലിച്ചിട്ടും കാലുകൾക്ക് നീളം കൂടുന്നുമില്ല.

മില്യൻ ഡോളേഴ്സ് അമേരിക്കയിലും ഇന്ത്യയിലുമായി വാരി കൂട്ടി. ആത്മീയത വിറ്റ് കാശാക്കിയവരുടെ പിന്നാലെ നിന്ന് അവരെ സഹായിച്ചവരെല്ലാം തട്ടിപ്പ് വീരന്മാരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. അപ്പോഴേക്കും ദരിദ്രനാരായണൻമാരുടെ ചില്ലിത്തുട്ടുകൾ വരെ തങ്കുമാർ അടിച്ചു മാറ്റിക്കഴിഞ്ഞിരുന്നു.
ഇപ്പോൾ ഇസ്രായേലിലേക്ക് ആളെ കയറ്റി അയയ്ക്കുന്ന മനുഷ്യക്കടത്ത് നടത്തുന്നതായിട്ടാണ് വിവരം. കേരളത്തിലെ ഒരു ജില്ലയുടെ വലുപ്പം മാത്രമുള്ള യിസ്രായേലിന് ഇപ്പോൾ വേണ്ടത് യുദ്ധം ചെയ്യാൻ കഴിവുള്ള യോദ്ധാക്കളെയാണ്. കേരളത്തിൽ തൊഴിലിനായി അലഞ്ഞുതിരിഞ്ഞുനടന്നവരെ മോഹന വാഗ്ദാനം നൽകിയാണ് റഷ്യയിലേക്ക് കൊണ്ടുപോയത്.
അവസാനം അവർ ചെന്ന് പെട്ടത് റഷ്യൻ പട്ടാളത്തിലും . ഒടുവിൽ ഈ റിക്രൂട്ട്മെൻ്റ് ഏജൻസികളെ സർക്കാർ പൊക്കിയതും നാം കണ്ടു. യിസ്രായേലിലേക്ക് പോകുന്ന ചെറുപ്പക്കാർ ചതിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. കാരണം കർത്താവിനെ വിൽപ്പനച്ചരക്കാക്കിയവരാണിവർ. ‘റവ. ചുമ്മാ ഡോ’കളായ ഇവർ രോഗശാന്തി മൊത്തമായി വ്യാപാരം ചെയ്തുകൊണ്ടിരുന്നവരാണ്.

ഇവർക്ക് ബിസിനസ് ഇല്ലാതെ ജീവിക്കാനാവില്ല. ദിനവും ലക്ഷങ്ങൾ കൈകളിലൂടെ മറിയണം. ലോകത്തിലെ ഏത് പാപവും കർത്താവ് ക്ഷമിക്കുമെന്നാണ് എൻ്റെ വിശ്വാസം. എന്നാൽ താരുമാരും തങ്കുമാരും ജനങ്ങൾക്ക് അത്ഭുതം വാരിവിതറി അവരുടെ പണം കൈക്കലാക്കിയതു മഹാ അപരാധമാണ്.
ജനങ്ങളെ വഞ്ചിക്കുകയായിരുന്നു ഇവൻമാർ. ജനം തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ജനങ്ങൾ സഭ വിടാൻ തുടങ്ങി. ഇന്ന് പേരിനുള്ള കൂട്ടങ്ങളെ ഇവറ്റകൾക്കുള്ളു. സർക്കാരും ജനവും സാമൂഹ്യമീഡിയകളും ഈ വഞ്ചകന്മാരെ തിരിച്ചറിഞ്ഞതോടെയാണ് ആത്മീയതയുടെ മൊത്ത വിൽപ്പന നിർത്തി മനുഷ്യക്കടത്തിലേക്ക് തിരിഞ്ഞത്.

എത്ര ഭീകരമാണ് ഈ ആത്മീയ ഭിക്ഷാംദേഹികൾ കാട്ടി കൂട്ടിയിട്ടുള്ളത്. നിങ്ങളുടെ കയ്യിലുള്ള പണം ഞങ്ങളുടെ കാണിക്കപ്പെട്ടിയിലിടൂ. നിങ്ങൾക്കുള്ളത് ദൈവം തന്നോളും ഇതാണ് ന്യൂ ജെൻ ഒറ്റയാൻ നേതാക്കളുടെ പഠിപ്പിക്കൽ. കാണിക്ക മുഴുവൻ എണ്ണാതെ വീട്ടിലേക്ക് മാറ്റും. ആത്മാർത്ഥമായി സുവിശേഷവേല ചെയ്യുന്നവർക്ക് പണം കൊടുക്കണം. കൊടുക്കുന്നവന് അത് അനേകം മടങ്ങായി തിരികെ കിട്ടും എന്നതിന് സംശയമില്ല.
എന്നാൽ കൂലിപ്പണിക്കാരെ ബ്രെയിൻ വാഷ് ചെയ്ത് അവരുടെ പണം പിടുങ്ങി കോടീശ്വരൻമാരായവർ ഓർക്കുക. നിങ്ങൾക്കുള്ള ശിഷാവിധി അടുത്ത് തന്നെ കിട്ടും. മദ്യപിച്ച് നാക്ക് കുഴഞ്ഞ് സസാരിക്കുന്ന ആധുനിക ഉപദേശിയെയും നമ്മൾ കണ്ടു യൂട്യൂബിൽ. ഈ കപടനാടകങ്ങൾ കണ്ട് തിരിച്ചറിഞ്ഞു തുടങ്ങിയപ്പോഴേക്കും വിശ്വാസികൾക്ക് എല്ലാം നഷ്ടമായിക്കഴിഞ്ഞിരുന്നു.
അങ്ങനെ ജനം ചോർന്നു തുടങ്ങിയപ്പോഴാണ് ഒരുത്തൻ യിസ്രായേലിലേക്ക് മനുഷ്യക്കടത്ത് തുടങ്ങിയിരിക്കുന്നത്. ഇവരെ ഹമാസിനെതിരെ തോക്ക് പിടിപ്പിക്കാനാണ് കൊണ്ടുപോകുന്നതെന്നാണറിയുന്നത്. ജനം വഞ്ചിതരാകരുത് കബളിപ്പിക്കപ്പെടരുത്.




