രാഷ്ട്രിയത്തിനപ്പുറമുള്ള ആത്മ ബന്ധം; നയനാരുടെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

–സാബു തൊട്ടിപ്പമ്പിൽ

“അമ്മാ… ഞാൻ കണ്ണൂരിലെത്തി ഭക്ഷണം വേണം .”

കണ്ണൂരിൽ എത്തുമ്പോഴൊക്കെ ആ വിളി എത്താറുണ്ടെന്ന് അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ നായരുടെ ഭാര്യ ശാരദ ടീച്ചർ. പറഞ്ഞു വരുന്നത് സുരേഷ് ഗോപിയെപ്പറ്റി.

പലപ്പോഴും കണ്ണൂർ എത്തുമ്പോൾ വരാറുണ്ട്. എന്നാൽ കേന്ദ്രമന്ത്രി ആയതിനുശേഷം ആദ്യമായാണ് എത്തുന്നത്. അതിൻെറ സന്തോഷത്തിലാണ് ടീച്ചറും കുടുംബാംഗങ്ങളും.

രാഷ്ട്രീയത്തിനപ്പുറം ഹൃദയബന്ധത്തിന്റെ ഊഷ്മളതയാണ് സഖാവ് ഇ കെ നായനാരുടെ കല്യാശ്ശേരി വീട്ടിൽ കാണാൻ സാധിച്ചത്.

കേന്ദ്രമന്ത്രി ആയതിനുശേഷം ആദ്യമായി കേരളത്തിൽ എത്തിയ സുരേഷ് ഗോപി സന്ദർശിക്കുന്ന ആദ്യ രാഷ്ട്രീയ നേതാവിൻ്റെ വീടു കൂടിയാണ് സഖാവ് ഇ കെ നായനാരുടേത്.

ഉച്ചയോടു കൂടി വീട്ടിലെത്തി സുരേഷ് ഗോപിക്ക് മധുരം നൽകി ടീച്ചർ സ്വീകരിച്ചു. തന്നോട് ചേർത്തുനിർത്തി സ്വന്തം അമ്മയ്ക്ക് എന്നവണ്ണം മന്ത്രിയും മധുരം ടീച്ചറിന് നൽകി.കേന്ദ്രമന്ത്രിക്ക് ടീച്ചർ നായനാരെക്കുറിച്ച് എഴുതിയ പുസ്തകം സമ്മാനിച്ചു. ”വായിച്ചിട്ട് വിവരം പറയണമെന്നും” ടീച്ചർ പറഞ്ഞു

ഈ തിരക്കുകൾക്കിടയിലും തന്നെ കാണാൻ സുരേഷ് ഗോപി എത്തുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ടീച്ചർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞു .സുരേഷ് ഗോപി മുൻപ് പല പ്രാവശ്യം വന്നിട്ടുണ്ട്. എത്രയോ തവണ ഇവിടെ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്.

കണ്ണൂരിൽ എത്തുമ്പോൾ വിളിച്ചുപറയും ”അമ്മാ ഭക്ഷണം വേണം” എന്ന് സുരേഷ് വിളിക്കും. പഴയ സുരേഷ് ഗോപിയല്ലല്ലോ, ഇപ്പോൾ ഒരുപാട് തിരക്കുണ്ട്. എന്നിട്ടും വീട്ടിലേക്ക് വരുന്നതിൽ ഏറെ സന്തോഷമുണ്ട്.രാഷ്ട്രീയം വേറെയാണെന്നേയുള്ളൂ. ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന ആളാണ് സുരേഷ് ഗോപി. എന്നെ അമ്മാ എന്നും സഖാവിന് (ഇ കെ നയനാർ ) അച്ഛാ എന്നുമാണ് വിളിച്ചിരുന്നതെന്നും ശാരദ ടീച്ചർ വെളിപ്പെടുത്തി.

”നിങ്ങൾ കണ്ടതല്ലേ .. ബന്ധം, ആത്മബന്ധമാണ് ” എന്നും സുരേഷ് ഗോപിയും മാധ്യമങ്ങളോട് പ്രതികരിച്ചു.

സൗഹൃദം പങ്കിട്ട് ഉച്ചഭക്ഷണം കഴിഞ്ഞാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി മടങ്ങിയത്.