‘ഇനി വാതുറക്കില്ല!’; കോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞ് ബോബി ചെമ്മണൂര്‍; കേസ് തീര്‍പ്പാക്കി

കൊച്ചി: ജാമ്യ ഉത്തരവിന് പിന്നാലെയുണ്ടായ നാടകീയസംഭവങ്ങളില്‍ കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂർ.

കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ മുൻപിലാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ക്ഷമാപണം നടത്തിയത്. ഇതോടെ ക്ഷമാപണം സ്വീകരിച്ച കോടതി, ഈ കേസിലെ തുടർനടപടികള്‍ അവസാനിപ്പിച്ചു.

ബോബി ചെമ്മണൂർ ഇനി വാ തുറക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിക്ക് ഉറപ്പുനല്‍കിയത്. നിരുപാധികം മാപ്പുനല്‍കണമെന്നും അപേക്ഷിച്ചു. മാധ്യമങ്ങളെ കണ്ടപ്പോള്‍ ബോബിക്ക് നാക്കുപിഴച്ചതാണെന്നും കോടതിയെ അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്നും അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. തുടർന്നാണ് കോടതി മാപ്പ് സ്വീകരിച്ച്‌ സ്വമേധയാ എടുത്ത കേസ് തീർപ്പാക്കിയത്. കോടതിക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തേണ്ടെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ബോബിയുടെ അഭിഭാഷകനെ ഓർമിപ്പിച്ചു.

കോടതിയോട് യുദ്ധം വേണ്ടെന്നായിരുന്നു ഹൈക്കോടതി ബോബിയുടെ അഭിഭാഷകനോട് പറഞ്ഞത്. ഒളിമ്പിക്‌സ്‌ മെഡല്‍ കിട്ടിയപോലെയാണ് ബോബി ചെമ്മണൂർ പെരുമാറിയതെന്നും ഹൈക്കോടതി പറഞ്ഞു.