കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് റിപ്പോർട്ട്.
വെന്റിലേറ്ററില്‍ കഴിയുന്ന ഉമ തോമസിനെ മകൻ കയറി കണ്ടപ്പോള്‍ എംഎല്‍എ കണ്ണ് തുറന്നതായും കൈകാലുകള്‍ അനക്കിയതായും പുറത്തുവന്ന റിപ്പോർട്ടില്‍ വ്യക്തമാക്കി.
ഇന്ന് രാവിലെ പത്ത് മണിക്ക് മെഡിക്കല്‍ ബോർഡ് യോഗം ചേരുന്നുണ്ട്. ഇതിനു ശേഷം മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തു വന്നാല്‍ മാത്രമേ ആരോഗ്യ നിലയില്‍ എത്രത്തോളം പുരോഗതി വന്നു എന്നതടക്കമുള്ള വിവരങ്ങള്‍ വ്യക്തമാകുകയുള്ളു.
നിലവില്‍ ഉമ തോമസ് വെന്റിലേറ്ററില്‍ തുടരുകയാണ്. ഇവിടെ നിന്നു മാറ്റാൻ കഴിയുമോ എന്നു മെഡിക്കല്‍ സംഘം നിരീക്ഷിച്ചു വരുന്നു. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമാണ്. ആരോഗ്യ സ്ഥിതി വീണ്ടെടുക്കാൻ സമയമെടുക്കമെന്നു ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.



