നിക്ഷേപകൻെറ ആത്മഹത്യ; സാബുവിനെ ഭീഷണപ്പെത്തിക്കൊണ്ടുള്ള സിപിഎം പ്രാദേശിക നേതാവിൻെറ ഫോൺസന്ദേശം പുറത്ത്

ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുൻപിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎമ്മിനെ വെട്ടിലാക്കി പ്രദേശിക നേതാവിൻെറ ഭീക്ഷണി സംഭാഷണം പുറത്തായി. സിപിഐഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയാണ് വി ആർ സജിയുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.

പണം ചോദിച്ചെത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് തന്നെ പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്ന് പറഞ്ഞപ്പോൾ ഈ മാസത്തെ പണത്തിൽ പകുതി നൽകിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യമെന്തെന്ന് സജി ചോദിക്കുന്നുണ്ട്. നിങ്ങൾ വിഷയം മാറ്റാൻ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും സജി പിന്നീട് സാബുവിനോട് പറയുന്നുണ്ട്. തുടർന്ന് നിങ്ങൾക്ക് പണി അറിയത്തില്ലാഞ്ഞിട്ടാണ് എന്നും പണി മനസ്സിലാക്കി തരാമെന്ന് ഭീഷണിയും സജി മുഴക്കുന്നുമുണ്ട്. പണം തരാൻ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോൾ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ല എന്നും സജി പറയുന്നുണ്ട്.

കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് റൂറല്‍ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ജീവനൊടുക്കിയത്. സാബുവിൻ്റെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്നും പണം തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്. തന്റെ സമ്പാദ്യം മുഴുവനും ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്നും കത്തില്‍ പറയുന്നുണ്ട്.

സാബുവിനെ ഭീഷണിപ്പെടുത്തിയെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതൊക്കെ സിപിഎം രാഷ്ടിയത്തിന് എതിരായവരുടെ ലക്ഷ്യമാണെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടി സി വി വർഗ്ഗിസ് പറഞ്ഞു. അവർ തമ്മിലുള്ള നീണ്ട സംഭാഷണത്തിലെ ഏതാനും ഭാഗമെടുത്താണ് ഭീഷണിപ്പെടുത്തിയെന്ന് തരത്തിൽ പ്രചരിപ്പിക്കുന്നത്.

സാബു ബാങ്കിൽ എത്തിയപ്പോൾ ജീവനക്കാർ മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കും.ആത്മഹത്യ കുറിപ്പ് പുറത്ത് വന്നിട്ടുണ്ട്.അതിൽ പോലീസ് അന്വേഷിച്ച് നടപടി സ്വീകരിക്കട്ടെയെന്നും സി വി വർഗ്ഗീസ് പറഞ്ഞു.

സംഭവത്തിൽ പോലീസ് ആന്വേഷണം ഊർജ്ജിതമാക്കി. സാബു ബാങ്കിൽ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സാബുവും ജീവനക്കാരും തമ്മിൽ കയ്യേറ്റം ഉണ്ടായതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോൾ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തും. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും സംസ്കാരം.

സംഭവത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5 മണി വരെ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.