ന്യൂയോർക്ക്: അനിയന്ത്രിതമായ നിർമിത ബുദ്ധി (എഐ) അടുത്ത വർഷം കോവിഡിനേക്കാൾ വലിയ പ്രതിസന്ധിക്കു കാരണമായേക്കാമെന്ന് പ്രശസ്ത എഐ സുരക്ഷാ ഗവേഷകൻ നിക്കോള ജുർക്കോവിച്ച്.
അമേരിക്കയിലെ താങ്ക്സ്ഗിവിംഗ് ദിനത്തോടനുബന്ധിച്ച് എക്സിലൂടെ പങ്കുവച്ച തുറന്ന കത്തിലാണ് അദ്ദേഹം തന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഈ ഞെട്ടിക്കുന്ന മുന്നറിയിപ്പ് നൽകിയത്.
അത്യാധുനിക എഐ സംവിധാനങ്ങളുടെ അപകടസാധ്യതകൾ പരിശോധിക്കുന്ന “മെറ്റർ’ എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ സാങ്കേതികവിഭാഗം അംഗമാണു നിക്കോള ജുർക്കോവിച്ച്. വർഷങ്ങളായി എഐ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് താൻ ആശങ്കാകുലനാണെന്നും വൈകുന്നതിനുമുന്പ് കാര്യങ്ങൾ തുറന്നുപറയേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു.
ഈ വർഷംതന്നെ പല കമ്പനികളെയും ഹാക്ക് ചെയ്യുന്നതുൾപ്പടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് എഐ സംവിധാനങ്ങൾ കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതുവരെയുണ്ടായ നഷ്ടങ്ങൾ പ്രധാനമായും സാമ്പത്തികമേഖലയിലായിരുന്നു. എന്നാൽ അടുത്ത വർഷം എഐ വലിയ നാശനഷ്ടങ്ങൾക്കും മരണങ്ങൾക്കും വരെ കാരണമായേക്കാമെന്ന് അദ്ദേഹം ഭയപ്പെടുന്നു.
നിയന്ത്രണം നഷ്ടപ്പെടുന്ന എഐ നിർണായക അടിസ്ഥാന സൗകര്യങ്ങളിലേക്ക് നുഴഞ്ഞുകയറുക, സാമൂഹികവിരുദ്ധർ ജൈവായുധങ്ങൾ നിർമിക്കാൻ എഐ ഉപയോഗിക്കുക, പ്രമുഖ നേതാക്കൾ യന്ത്രങ്ങൾക്ക് അമിതമായ അധികാരം കൈമാറുക തുടങ്ങി കാര്യങ്ങൾ കൈവിട്ടുപോകാൻ സാധ്യതയുള്ള മൂന്നു വഴികളും അദ്ദേഹം എടുത്തുപറയുന്നു.
കർശനമായ ആഗോളനിയമങ്ങൾ ഉണ്ടായില്ലെങ്കിൽ 2027ഓടെതന്നെ എഐ സ്വയം നവീകരിക്കാനും ഏറ്റവും ബുദ്ധിമാനായ മനുഷ്യരെ മറികടക്കാനും തുടങ്ങുമെന്ന് ജുർക്കോവിച്ച് പ്രവചിക്കുന്നു. മനുഷ്യരാശിയുടെ നിലനില്പിനു ഭീഷണിയാകുന്ന ലക്ഷ്യങ്ങളിലേക്ക് ഇവ നീങ്ങിയേക്കാം. വലിയൊരു നിയന്ത്രണം ഉണ്ടായില്ലെങ്കിൽ 2030 അവസാനത്തോടെ മനുഷ്യരാശി നശിപ്പിക്കപ്പെടാനോ അധികാരരഹിതരാക്കപ്പെടാനോ ഉള്ള സാധ്യതയും അദ്ദേഹം മുന്നിൽക്കാണുന്നു.
മനുഷ്യരാശി അതിജീവിച്ചാൽ പോലും ആഗോള സമ്പദ്വ്യവസ്ഥ കീഴ്മേൽ മറിയുമെന്ന് ജുർക്കോവിച്ച് കരുതുന്നു. അടുത്ത പത്തു വർഷത്തിനുള്ളിൽ നിലവിലുള്ള മിക്ക ജോലികളും ഇല്ലാതാകുകയും ലോകജനതയുടെ ഭൂരിഭാഗവും തൊഴിൽരഹിതരാകുകയും ചെയ്യും.
ഇപ്പോഴും പ്രവർത്തിക്കാൻ നേരിയൊരു അവസരം ബാക്കിയുണ്ടെന്ന് ജുർക്കോവിച്ച് വിശ്വസിക്കുന്നു. എഐ മത്സരത്തിന്റെ വേഗം കുറയ്ക്കുന്നതിനായി കർശനമായ ആഗോള നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന നിർദേശം. അമേരിക്കൻ കമ്പനികളാണ് എഐ വികസനത്തിൽ മുന്നിൽ നിൽക്കുന്നതെങ്കിലും യൂറോപ്യൻ യൂണിയന്റെ ഇയു എഐ ആക്ട് ‘ പോലുള്ള നിയമങ്ങൾ വഴി സുരക്ഷാമാനദണ്ഡങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എഐ ഉയർത്തുന്ന അപകടങ്ങളെക്കുറിച്ച് സുഹൃത്തുക്കളുമായി ചർച്ച ചെയ്യാനും ആഗോള നിയമങ്ങൾക്കായി രാഷ്ട്രീയനേതാക്കളോട് ആവശ്യപ്പെടാനും അദ്ദേഹം സാധാരണക്കാരോട് ആഹ്വാനം ചെയ്തു. കംപ്യൂട്ടർ ശാസ്ത്രജ്ഞരും എൻജിനിയർമാരും സാമ്പത്തിക വിദഗ്ധരും തത്വചിന്തകരും തങ്ങളുടെ കരിയർ എഐ സുരക്ഷയ്ക്കായി മാറ്റിവയ്ക്കണമെന്നും ഓരോ ദിവസവും ജീവന്മരണ പോരാട്ടം നടക്കുന്ന ഒരു യുദ്ധത്തിലെ സൈനികരെപ്പോലെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




