വാഷിംഗ്ടണ്‍ ഡിസി: സമാധാനപരമായി വിശ്വാസം പ്രകടിപ്പിച്ചതിന്റെ പേരില്‍ ഈജിപ്തില്‍ 25 വർഷം തടവോ വധശിക്ഷയോ നേരിടുന്ന ക്രിസ്തുമത വിശ്വാസിയായ സെയ്ദ് അബ്ദുല്റസേക്കിനെ ഉടൻ വിട്ടയക്കണമെന്ന് യുഎസ് ജനപ്രതിനിധികള്‍ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയോട് ആവശ്യപ്പെട്ടു.
ഇസ്ലാം മതത്തില്‍നിന്നു ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടർന്ന് 2025 ജൂലൈയില്‍ അറസ്റ്റിലായ അദ്ദേഹത്തിനെതിരേ മതനിന്ദ, തീവ്രവാദം എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.ഡിസംബർ എട്ടിന് നടക്കുന്ന വിചാരണയില്‍ അബ്ദുല്റസേക്കിന് കടുത്ത ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് യുഎസ് സെനറ്റർ ജോഷ് ഹാവ്ലി ഉള്‍പ്പടെയുള്ള ആറു ജനപ്രതിനിധികള്‍ കത്തെഴുതിയത്. ജയിലില്‍ അദ്ദേഹത്തിനു ചികിത്സ നിഷേധിക്കപ്പെടുന്നതായും പീഡനമേല്‍ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലെ പുരോഗതിയെ അടിസ്ഥാനമാക്കിയാണ് ഈജിപ്തിനുള്ള യുഎസ് സഹായങ്ങള്‍ നല്‍കുന്നതെന്ന് ജനപ്രതിനിധികള്‍ ഓർമിപ്പിച്ചു.
മതനിന്ദ, തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്തു ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അബ്ദുല്റസേക്കിനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കി ഉടൻ മോചിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. 2018ല്‍ ക്രിസ്തുമതം സ്വീകരിച്ചതുമുതല്‍ അബ്ദുല്റസേക്കിന് കടുത്ത പീഡനങ്ങളും വിവേചനങ്ങളും നേരിടേണ്ടിവന്നതായി യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷൻ വ്യക്തമാക്കുന്നു.
തുടർന്ന് 2019ല്‍ അദ്ദേഹം റഷ്യയില്‍ അഭയം തേടി. എന്നാല്‍, സ്വകാര്യ വീഡിയോ ചിത്രീകരിച്ചെന്നാരോപിച്ച് 2023ല്‍ റഷ്യൻ അധികൃതർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 2024ല്‍ ഈജിപ്തിലേക്ക് തിരിച്ചയക്കുകയും ചെയ്തു.ഈജിപ്തിലെത്തിയ അദ്ദേഹത്തെ 2025 ജൂലൈയില്‍ വാറന്റില്ലാതെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.




