എബി ഊനേത്ത്
പുൽപ്പള്ളി

ചിലപ്പോൾ നമ്മൾ പ്രകടിപ്പിക്കുന്നത് ദേഷ്യമല്ല, മറ്റുള്ളവരെക്കാൾ താൻ വലിയവനാണെന്ന മിഥ്യാബോധമാണ്.
നമ്മൾ എപ്പോഴെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടോ, എന്തുകൊണ്ടാണ് ചിലരോട് മാത്രം നമുക്ക് ദേഷ്യം വരുന്നത് എന്തുകൊണ്ടാണ് ഒരേ തെറ്റ് ഒരാൾ ചെയ്താൽ ക്ഷമിക്കുകയും മറ്റൊരാൾ ചെയ്താൽ പൊട്ടിത്തെറിക്കുകയും ചെയ്യുന്നത്
ചിലപ്പോൾ നമ്മൾ പ്രകടിപ്പിക്കുന്നത് ദേഷ്യമല്ല, മറ്റുള്ളവരെക്കാൾ താൻ വലിയവനാണെന്ന മിഥ്യാബോധമാണ്.
നമ്മൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയാണ്. തൊട്ടടുത്ത മേശയിൽ ഇന്ത്യൻ രാഷ്ട്രപതിയോ നമുക്ക് ഏറെ ആരാധനയുള്ള ഒരു പ്രമുഖ സിനിമാതാരമോ ഇരിക്കുന്നുണ്ട്. അറിയാതെ അവരുടെ കൈ തട്ടി വെള്ളം നമ്മുടെ ദേഹത്ത് വീണു. നമ്മൾ എങ്ങനെ പ്രതികരിക്കും ഒരുപക്ഷേ ചിരിച്ചുകൊണ്ട്, “സാരമില്ല” എന്ന് പറയും. ചിലപ്പോൾ അവർക്ക് ബുദ്ധിമുട്ടുണ്ടായതിൽ നമ്മൾ തന്നെ ക്ഷമ ചോദിച്ചേക്കാം.
എന്നാൽ അതേ ഹോട്ടലിലെ ഒരു സാധാരണ ജീവനക്കാരൻ അറിയാതെ ഇതേ കാര്യം ചെയ്താലോ നമ്മുടെ പ്രതികരണം എന്തായിരിക്കും ചിലപ്പോൾ ദേഷ്യപ്പെടും, ശബ്ദമുയർത്തും, കുറ്റപ്പെടുത്തും, അയാളുടെ ജോലിയെപ്പോലും ചോദ്യം ചെയ്യും.
സംഭവം ഒന്ന്. തെറ്റ് ഒന്ന്. പക്ഷേ പ്രതികരണം രണ്ടുതരത്തിൽ
എന്തുകൊണ്ട്
വെള്ളം വീണതിന്റെ അസ്വസ്ഥതയേക്കാൾ കൂടുതൽ, ആരാണ് അത് ചെയ്തത് എന്നതിനെ അടിസ്ഥാനമാക്കിയാണ് നമ്മുടെ പ്രതികരണം മാറിയത്. അവിടെ പ്രവർത്തിച്ചത് കേവലം ദേഷ്യമായിരുന്നില്ല നമ്മുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന പദവിയോടുള്ള വിധേയത്വവും അഹങ്കാരവുമായിരുന്നു.
നമ്മുടെ ദേഷ്യത്തിന്റെ തീവ്രത പലപ്പോഴും സംഭവത്തിന്റെ ഗൗരവമല്ല, അത് ചെയ്ത വ്യക്തിയോടുള്ള നമ്മുടെ മനോഭാവമാണ് തീരുമാനിക്കുന്നത്.
ഇതേ മനോഭാവം നമ്മുടെ ദൈനംദിന ജീവിതത്തിലും എത്രയോ തവണ പ്രകടമാകുന്നുണ്ട്.
സ്വന്തം ഭാര്യയോടോ ഭർത്താവിനോടോ സംസാരിക്കുമ്പോൾ നാം ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധിച്ചിട്ടുണ്ടോ പുറത്തുള്ളവരോട് മാന്യമായി സംസാരിക്കുന്ന പലരും സ്വന്തം ജീവിതപങ്കാളിയോട് സംസാരിക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുത്തുന്നു.
എന്തുകൊണ്ടാണ് നമുക്ക് ഏറ്റവും അടുത്ത മനുഷ്യരോട് ഇത്ര എളുപ്പത്തിൽ ദേഷ്യപ്പെടാൻ കഴിയുന്നത് . നമ്മുടെ ദേഷ്യം സഹിക്കേണ്ടത് അവരുടെ ബാധ്യതയാണെന്ന ധാരണയോ അതോ സ്വന്തം വികാരങ്ങളെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം പോലും നാം മറന്നുപോകുന്നതോ
അതുപോലെ തന്നെയാണ് റോഡുകളിലും.
വാഹനം ഓടിക്കുമ്പോൾ മറ്റൊരു വാഹനം നമ്മുടെ മുന്നിലേക്ക് കയറിയാൽ, ചെറിയൊരു പിഴവ് സംഭവിച്ചാൽ, അല്ലെങ്കിൽ ആരെങ്കിലും ഹോൺ മുഴക്കിയാൽ ഉടൻ പ്രകോപിതരാകുന്നവരെ നാം എത്രയോ കാണുന്നു. ചീത്തവിളി, അസഭ്യമായ ആംഗ്യങ്ങൾ, വെല്ലുവിളികൾ, ചിലപ്പോൾ വാഹനം നിർത്തിയുള്ള ഏറ്റുമുട്ടലുകൾ വരെ!
ഒരു നിമിഷത്തെ ക്ഷമയില്ലായ്മ എത്ര വലിയ അപകടങ്ങളിലേക്കാണ് നയിക്കുന്നത്
റോഡിൽ നമ്മൾ കാണുന്ന ഓരോ വാഹനത്തിനുള്ളിലും ഓരോ ജീവിതമുണ്ട്. ഒരുപക്ഷേ കുടുംബത്തിലേക്ക് മടങ്ങുന്ന ഒരു അച്ഛൻ, ജോലിക്ക് പോകുന്ന ഒരു അമ്മ, പരീക്ഷയ്ക്ക് പോകുന്ന ഒരു വിദ്യാർത്ഥി, രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്ന ഒരാൾ. അവർ ചെയ്യുന്ന ഓരോ ചെറിയ തെറ്റിനും നമ്മുടെ ദേഷ്യംകൊണ്ട് മറുപടി നൽകേണ്ടതുണ്ടോ
നമ്മുടെ ലക്ഷ്യസ്ഥാനത്ത് അഞ്ചു മിനിറ്റ് വൈകിയെത്തുന്നതിനെക്കാൾ വിലപ്പെട്ടതാണ് ഒരാളുടെ ജീവൻ. റോഡിൽ കാണിക്കുന്ന സംയമനം ഒരു നല്ല സ്വഭാവം മാത്രമല്ല, അത് സാമൂഹിക ഉത്തരവാദിത്തം കൂടിയാണ്.
ഇവിടെയെല്ലാം ഒരേ ചോദ്യം ഉയരുന്നു: എന്തുകൊണ്ടാണ് നമ്മൾ ചില സാഹചര്യങ്ങളിൽ മാത്രം ഇത്രയധികം നിയന്ത്രണം നഷ്ടപ്പെടുത്തുന്നത്
നമ്മളെക്കാൾ അധികാരവും പദവിയും സമ്പത്തും സ്വാധീനവുമുള്ളവരുടെ മുന്നിൽ നമ്മൾ പലപ്പോഴും സംയമനം പാലിക്കുന്നു. എന്നാൽ നമ്മളെക്കാൾ ദുർബലരെന്ന് കരുതുന്നവരോടോ, നമ്മളോട് എതിർത്തുനിൽക്കാൻ കഴിയാത്തവരോടോ അതേ സംയമനം കാണിക്കാൻ തയ്യാറാകുന്നില്ല.
അപ്പോൾ ഒരു കാര്യം വ്യക്തമാണ്. എല്ലാ ദേഷ്യത്തിനും പിന്നിൽ ഒരേ കാരണം ആയിരിക്കില്ലെങ്കിലും, ചില ദേഷ്യങ്ങൾ നമ്മുടെ ഉള്ളിലെ അഹങ്കാരത്തിന്റെയും അധികാരമനോഭാവത്തിന്റെയും പ്രതിഫലനമാണ്.
മറ്റൊരാളെക്കാൾ താൻ വലിയവനാണെന്ന് തെളിയിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമായി ചിലർ ദേഷ്യത്തെ ഉപയോഗിക്കുന്നു.
എന്നാൽ ഒരാളെ ശകാരിക്കാൻ കഴിയുന്നതുകൊണ്ട് നമ്മൾ വലിയവരാകുന്നില്ല. ശബ്ദം ഉയർത്താൻ കഴിയുന്നതുകൊണ്ട് നമ്മുടെ വാദം ശരിയാകുന്നുമില്ല. മറ്റൊരാളെ അപമാനിക്കാൻ കഴിയുന്നതുകൊണ്ട് നമ്മുടെ വ്യക്തിത്വം ഉയരുന്നുമില്ല.
മറിച്ച്, നമ്മളോട് തെറ്റ് ചെയ്ത ഒരാളോട് പോലും മാന്യതയോടെ സംസാരിക്കാൻ കഴിയുമ്പോഴാണ് നമ്മുടെ വ്യക്തിത്വത്തിന്റെ യഥാർത്ഥ ഉയരം വെളിപ്പെടുന്നത്.
ഒരാളെ തിരുത്തുന്നതും ഒരാളെ അപമാനിക്കുന്നതും രണ്ടാണ്. തെറ്റിനെ ചോദ്യം ചെയ്യുന്നതും ഒരാളുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്നതും രണ്ടാണ്.
നമ്മുടെ വാക്കുകൾ ഒരാളെ തിരുത്താനാണോ, അതോ അയാളെ ചെറുതാക്കി നമ്മൾ വലുതാകാനാണോ എന്ന് സ്വയം ചോദിക്കണം.
ജീവിതത്തിൽ നമ്മൾ മറന്നുപോകുന്ന ഒരു വലിയ സത്യമുണ്ട്. ഒരു മനുഷ്യന്റെ പദവി, സമ്പത്ത്, ജോലി, വസ്ത്രം, അധികാരം എന്നിവയല്ല അയാൾക്ക് ലഭിക്കേണ്ട ബഹുമാനത്തിന്റെ അളവുകോൽ. ഒരു ഹോട്ടലിലെ മാനേജർക്കും അവിടെ ജോലി ചെയ്യുന്ന ജീവനക്കാരനും മനുഷ്യരെന്ന നിലയിൽ ഒരേ മാന്യതയാണ് അവകാശപ്പെട്ടിരിക്കുന്നത്. ഒരു വലിയ ഉദ്യോഗസ്ഥനും അയാളുടെ ഓഫീസിലെ ശുചീകരണ തൊഴിലാളിക്കും അടിസ്ഥാനപരമായ ആദരവ് ഒരുപോലെ ലഭിക്കണം.
നമ്മൾ എല്ലാവരോടും ഒരേ രീതിയിൽ പെരുമാറാൻ പഠിക്കണം. നമ്മളെക്കാൾ വലിയവരോട് കാണിക്കുന്ന വിനയത്തിന്റെ ഒരു അംശമെങ്കിലും നമ്മളെക്കാൾ ദുർബലരെന്ന് കരുതുന്നവരോടും കാണിക്കാൻ കഴിയണം.
ഒരാളുടെ യഥാർത്ഥ സ്വഭാവം അയാൾക്ക് അധികാരമുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതിലല്ല, മറിച്ച് അയാളെക്കാൾ അധികാരമോ സ്വാധീനമോ ഇല്ലാത്തവരോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ്
നമ്മുടെ ദേഷ്യം നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗം മറ്റുള്ളവരെ നിയന്ത്രിക്കുകയല്ല, സ്വന്തം അഹങ്കാരത്തെയും വികാരങ്ങളെയും തിരിച്ചറിയുകയും നിയന്ത്രിക്കുകയും ചെയ്യുകയാണ്.
നമ്മൾ ശബ്ദം ഉയർത്തുമ്പോൾ മറ്റുള്ളവർ നിശ്ശബ്ദരായേക്കാം. പക്ഷേ അതുകൊണ്ട് അവർ നമ്മളെ ബഹുമാനിക്കുന്നു എന്ന് അർത്ഥമില്ല. ചിലപ്പോൾ അവർക്ക് പ്രതികരിക്കാനുള്ള സാഹചര്യമോ സ്വാതന്ത്ര്യമോ ഇല്ലാത്തതുകൊണ്ടായിരിക്കാം അവർ മിണ്ടാതിരിക്കുന്നത്.
ഭയപ്പെടുത്തി നേടുന്ന നിശ്ശബ്ദത ബഹുമാനമല്ല. അധികാരംകൊണ്ട് നേടിയെടുക്കുന്ന അനുസരണം ആദരവുമല്ല.
ഒരാളെ ഭയപ്പെടുത്താതെ ബഹുമാനം നേടാൻ കഴിയുന്നതാണ് യഥാർത്ഥ വ്യക്തിത്വം.
അവസാനമായി, നമ്മൾ ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്:
നമ്മളെക്കാൾ വലിയവരോട് കാണിക്കുന്ന ക്ഷമ സ്വന്തം ജീവിതപങ്കാളിയോടും കാണിക്കാൻ കഴിയുന്നുണ്ടോ
നമ്മളെക്കാൾ അധികാരമില്ലാത്ത ഒരാളുടെ തെറ്റ് ക്ഷമിക്കാൻ കഴിയുന്നുണ്ടോ
റോഡിൽ മറ്റൊരാളുടെ ചെറിയൊരു പിഴവിനോട് സംയമനത്തോടെ പ്രതികരിക്കാൻ കഴിയുന്നുണ്ടോ
നമ്മുടെ വാക്കുകൾകൊണ്ട് ഒരാളുടെ മനസ്സ് വേദനിപ്പിച്ച ശേഷം, അതിനെ വെറും ദേഷ്യത്തിന്റെ പേരിൽ ന്യായീകരിക്കാറുണ്ടോ
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലാണ് നമ്മുടെ വ്യക്തിത്വത്തിന്റെ യഥാർത്ഥ അളവുകോൽ.
ഓർക്കുക… ജീവിതത്തിൽ നമ്മൾ എത്ര വലിയ സ്ഥാനത്ത് എത്തി എന്നതിലല്ല നമ്മുടെ മഹത്വം. നമ്മൾ എത്ര ചെറിയ മനുഷ്യരോടും വലിയ മനസ്സോടെ പെരുമാറി എന്നതിലാണ്.
എല്ലാവരെയും ഒരുപോലെ ബഹുമാനിക്കാൻ പഠിക്കാം. തെറ്റുകളെ തിരുത്താം, പക്ഷേ മനുഷ്യരെ അപമാനിക്കാതിരിക്കാം. ദേഷ്യം തോന്നുമ്പോൾ പ്രതികരിക്കുന്നതിന് മുമ്പ് ഒരു നിമിഷം ചിന്തിക്കാം. നമ്മുടെ അഹങ്കാരത്തെക്കാൾ വലുതാകട്ടെ നമ്മുടെ മനുഷ്യത്വം.
കാരണം, മറ്റുള്ളവരെക്കാൾ വലിയവനാകാൻ ശ്രമിക്കുന്നവനല്ല യഥാർത്ഥത്തിൽ വലിയ മനുഷ്യൻ ആരുടെ മുന്നിലും തന്റെ മനുഷ്യത്വം ചെറുതാകാൻ അനുവദിക്കാത്തവനാണ്.




