ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യം കണക്കിലെടുത്ത് ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകള്‍ എയർ ഇന്ത്യ റദ്ദാക്കി.
എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും സർവീസുകളാണ് 24 വരെ നിർത്തിവെച്ചത്. അതേസമയം റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകള്‍ 30 വരെ റദ്ദാക്കിയ നടപടി തുടരുമെന്നും കമ്പനി അറിയിച്ചു.
നിലവിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. സർവീസുകള്‍ റദ്ദാക്കിയതിനെ തുടർന്ന് 24 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ ലഭിക്കുന്നതിനും യാത്രാ തീയതി മാറ്റുന്നതിനും റീ-ഷെഡ്യൂള്‍ ചെയ്യുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും മറ്റ് വിമാനക്കമ്പനികള്‍ പശ്ചിമേഷ്യൻ മേഖലയിലേക്കുള്ള സർവീസുകള്‍ വെട്ടിക്കുറച്ചിരുന്നു.
അതിനിടെ യമനിലെ ഹൂതി വിമതരും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാവുകയാണ്. റിയാദിലെ കിംഗ് അബ്ദുല്ല ഫിനാൻഷ്യല്‍ ഡിസ്ട്രിക്ട് ടവറിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ വിവിധ രാജ്യങ്ങള്‍ അപലപിച്ചു. സൗദിക്ക് പിന്തുണ പ്രഖ്യാപിച്ച് യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളും രംഗത്തെത്തി. സൗദിയെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ശക്തമായതോടെ തിരിച്ചടി കടുപ്പിച്ചിരിക്കുകയാണ് സൗദി സഖ്യസേന.
ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ സംഭരണശാലകള്‍, ഡ്രോണ്‍ നിർമാണ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ 60 സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായി സഖ്യസേന അറിയിച്ചു. ഇതിനിടെ അമേരിക്കയ്ക്ക് വീണ്ടും കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഹോർമുസ് കടലിടുക്കില്‍ രണ്ട് മണിക്കൂറിനിടെ രണ്ട് ടാങ്കറുകള്‍ കൂടി സ്ഫോടനത്തിന് ഇരയായതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു.




