തിരുവനന്തപുരം: പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പത്മിനിയും. ബിജെപി വിട്ട പത്മിനി തോമസ് ഇന്ന് രാജിക്കത്ത് സമർപ്പിക്കും.
കോണ്‍ഗ്രസിലേക്ക് തിരികെ പോവുന്നതിൻ്റെ ഭാഗമായി കെപിസിസി അധ്യക്ഷനുമായി ഫോണില്‍ സംസാരിച്ചുവെന്നും തന്റെ അതേ വികാരമാണ് ആർ ശ്രീലേഖയ്ക്കും ഉള്ളതെന്നും പത്മിനി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അസംതൃപ്തി അവർ തന്നോട് തുറന്നുപറഞ്ഞിരുന്നു. പരിഗണന തീരെ ലഭിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ഉണ്ടായിരുന്നു. ഉപാധി വെച്ചല്ല ബിജെപിയിലേക്ക് വന്നത്. ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയി. സംസ്ഥാന നേതൃത്വം ഒന്നും തന്നെ അറിയിക്കുന്നില്ലായിരുന്നു. വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചില്ല. തെറ്റ് തിരുത്തുകയാണെന്നും കോണ്‍ഗ്രസിലേക്ക് മടങ്ങാനാണ് തീരുമാനമെന്നും പത്മിനി പറഞ്ഞു.
പാളയത്ത് മത്സരിച്ചത് തന്റെ താല്‍പര്യപ്രകാരമല്ല. പത്മജയുടെ രാജിയല്ല പ്രചോദനമെന്നും അവർ പറഞ്ഞു. ഒരു വർഷം മുമ്പേ തീരുമാനം എടുത്തതാണ്. ഒന്നും ആഗ്രഹിച്ചല്ല കോണ്‍ഗ്രസിലേക്ക് പോകുന്നത്. താൻ കുടുംബത്തിലേക്കാണ് തിരിച്ചു വരുന്നത്. തിരിച്ച് വരുന്നത് സ്വന്തം തീരുമാനമാണ്. തെറ്റുപറ്റിയാല്‍ തിരുത്തണം. അതിനുള്ള അവസരം നേതൃത്വം നല്‍കണമെന്നും ചൊവ്വാഴ്ച കെപിസിസി അധ്യക്ഷനെ കാണുമെന്നും പത്മിനി വ്യക്തമാക്കി.
വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച പത്മിനി തോമസ് 2024 മാര്‍ച്ചിലാണ് ബിജെപിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്താനുള്ള പത്മിനി തോമസിന്റെ തീരുമാനം. കെപിസിസിയുടെ കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റായും പത്മിനി തോമസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നലെ പത്മജ വേണുഗോപാല്‍ ബിജെപി ബന്ധം അവസാനിപ്പിച്ചിരുന്നു.




