ചേരാനല്ലൂര്‍ ബെൻസ് അപകടം! ‘മുമ്പും കാറും ബൈക്കും ഓടിച്ചിട്ടുണ്ട്’; നിര്‍ണായക മൊഴി നല്‍കി 17-കാരൻ

ചേരാനല്ലൂരില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ആഡംബര കാറിടിച്ച്‌ സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച കേസില്‍ പ്രതിയായ 17-കാരന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി.

പിതാവിന്റെ സാന്നിധ്യമില്ലാതെ മൊഴിയെടുക്കാൻ കോടതിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് പൊലീസ് ഇന്നലെ നടപടി പൂർത്തിയാക്കിയത്. സോഷ്യല്‍ ബാക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലില്‍, താൻ ഇതിന് മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും ബൈക്കുമായി സ്കൂളില്‍ പോയിട്ടുണ്ടെന്നും 17-കാരൻ സമ്മതിച്ചു. എന്നാല്‍ പിതാവ് അറിയാതെയാണ് താൻ വാഹനങ്ങള്‍ എടുത്തിരുന്നതെന്നാണ് കൗമാരക്കാരന്റെ മൊഴി.

കഴിഞ്ഞ ഒക്ടോബർ 25-ന് പുലർച്ചെ 2.20-ഓടെ ചേരാനല്ലൂർ കണ്ടെയ്‌നർ റോഡില്‍ ഫോർഡ് ഷോറൂമിന് സമീപത്തായിരുന്നു അപകടം നടന്നത്. കനത്ത മഴയത്ത് മണിക്കൂറില്‍ 108 കിലോമീറ്ററിലധികം അമിതവേഗതയിലാണ് 17-കാരൻ ബെൻസ് കാർ പായിച്ചത്. ഒരു കൈകൊണ്ട് സ്റ്റിയറിങ് നിയന്ത്രിക്കുകയും മറുകൈകൊണ്ട് മൊബൈല്‍ ഫോണില്‍ സ്പീഡോമീറ്ററിലെ വേഗത ചിത്രീകരിക്കുകയും ചെയ്തുകൊണ്ടായിരുന്നു ഈ അപകടകരമായ ഡ്രൈവിംഗ് എന്ന് മരിച്ച ജയബാലകൃഷ്ണന്റെ മക്കള്‍ കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.