ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ സൺഡേസ്കൂൾ വാർഷിക പരീക്ഷ ഇന്ന് (നവംബർ 8 ഞായറാഴ്ച) കേരളത്തിലെ 14 ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടന്നു. രാവിലെ 8 മുതൽ 10 വരെയായിരുന്നു പരീക്ഷാ സമയം. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 1850 സൺഡേസ്കൂളുകൾക്കായി 673 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരുന്നത്. പരീക്ഷ മാറ്റിവെച്ചതായി സോഷ്യൽ മീഡിയകളിൽ പ്രചരിച്ച വ്യാജസന്ദേശങ്ങൾ പൂർണ്ണമായും അവഗണിച്ച് കേരളത്തിലും വിദേശത്തെ ചിലസഭകളിലും വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തു.

ചോദ്യക്കടലാസ് പാക്കറ്റുകൾ മുൻകൂട്ടി തന്നെ 12 മേഖല പ്രസിഡന്റുമാരെ ഏൽപ്പിക്കുകയും, സെന്ററുകളിൽ നിയമിച്ച എക്സാമിനർമാരുടെ കർശന മേൽനോട്ടത്തിൽ പരീക്ഷ സുഗമമായി നടപ്പിലാക്കുകയും ചെയ്തു.

എൽകെജി മുതൽ ക്ലാസ്സ് 2 വരെയുള്ള കുട്ടികൾക്ക് മുഴുവൻ അധ്യായങ്ങളിൽ നിന്നും, ക്ലാസ്സ് 3 മുതൽ 14 വരെയുള്ളവർക്ക് ആദ്യത്തെ 20 അധ്യായങ്ങളിൽ നിന്നും (20-ൽ താഴെ പാഠങ്ങളുള്ള ക്ലാസുകളിൽ മുഴുവൻ പാഠങ്ങളിൽ നിന്നും) ആയിരുന്നു ചോദ്യങ്ങൾ നൽകിയിരുന്നത്.

രാവിലെ 7 ന് ഓൺലൈനിൽ നടന്ന പ്രാർത്ഥന മീറ്റിംഗിൽ സണ്ടേസ്കൂൾ പ്രവർത്തകരും വിദ്യാർത്ഥികളും പങ്കെടുത്തു.
കേരളത്തിൽ കാസർഗോഡ് മുതൽ പാറശാലവരെയും തമിഴ്നാട്ടിൽ പൊള്ളാച്ചി, ഗൂഡല്ലൂർ എന്നിവിടങ്ങളിലും കന്യാകുമാരി ജില്ലകളിലെ ചില സഭകളിലും പരീക്ഷകൾ നടന്നു.
1850 സൺഡേസ്കൂളുകളിൽ നിന്നായി 10,000 ത്തോളം
വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്

പരീക്ഷയുടെ സെന്റർ തലത്തിലുള്ള കേന്ദ്രീകൃത മൂല്യനിർണ്ണയം നവംബർ 14-ന് മുൻപായി പൂർത്തിയാക്കുമെന്ന് ഡയറക്ടർ സാജൻ സി. ജേക്കബ്, സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, ഡെപ്യൂട്ടി ഡയറക്ടർ പാസ്റ്റർ അജു അലക്സ്, അസോസിയേറ്റ് സെക്രട്ടറി പാസ്റ്റർ ജിസ്മോൻ കൊച്ചുപറമ്പിൽ എന്നിവർ അറിയിച്ചു.




