ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം 15 മിനിറ്റിനുള്ളില്‍ തകര്‍ത്തതായി ട്രംപ്


വാഷിങ്ടണ്‍: ഇറാനെതിരെ വീണ്ടും പരിമിതമായ വ്യോമാക്രമണങ്ങള്‍ നടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

പശ്ചിമേഷ്യൻ രാജ്യമായ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനമാണ് അമേരിക്കൻ സൈന്യം ലക്ഷ്യമിട്ടതെന്ന് ട്രംപ് വെളിപ്പെടുത്തി. ആക്രമണത്തെ നിസാര നടപടിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ സൈനിക നടപടി ഉണ്ടായിരിക്കുന്നത്.

ഹോർമുസ് കടലിടുക്കില്‍ സ്ഥിതിചെയ്യുന്ന ഇറാന്റെ ഖേഷം ദ്വീപിലെ സൂസ മേഖലയില്‍ രണ്ട് സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാൻ-അമേരിക്ക സംഘർഷത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഖേഷം ദ്വീപ്. ഇതിന് പിന്നാലെയാണ് അമേരിക്കൻ ആക്രമണത്തെക്കുറിച്ച്‌ ട്രംപ് പ്രതികരിച്ചത്.

വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞത് ഇങ്ങനെയാണ്: “അവർ ചെറിയൊരു വ്യോമവിരുദ്ധ പ്രതിരോധ സംവിധാനം നിർമിച്ചിരുന്നു. ഞങ്ങള്‍ അത് ഏകദേശം 15 മിനിറ്റിനുള്ളില്‍ തകർത്തു. ഒരുപക്ഷേ അഞ്ചുമിനിറ്റിനുള്ളില്‍ തന്നെ.”

ഖേഷം, ഹെംഗം ദ്വീപുകളിലും സമീപത്തെ പ്രധാന നഗരമായ ബന്ദർ അബ്ബാസിലും സ്ഫോടനങ്ങള്‍ കേട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ അമേരിക്കൻ സൈന്യം തിങ്കളാഴ്ച പ്രതിരോധ സ്വഭാവത്തിലുള്ള ആക്രമണങ്ങള്‍ നടത്തുകയാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച നടന്ന ആക്രമണമാണ് ചൊവ്വാഴ്ചത്തെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ ആദ്യ സൈനിക നടപടിയെന്നാണ് റിപ്പോർട്ട്.

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയുണ്ടാകാൻ പ്രധാന കാരണങ്ങളിലൊന്ന് ഇറാൻ യുദ്ധത്തോടുള്ള ജനങ്ങളുടെ അതൃപ്തിയായിരുന്നു. യുദ്ധം കൈകാര്യം ചെയ്ത രീതിയിലും ഇന്ധനവില വർധനയിലും വോട്ടർമാർക്കിടയില്‍ പ്രതിഷേധമുണ്ടായി. യുദ്ധത്തിന്റെ പ്രത്യാഘാതമായി ഉയർന്ന ഇന്ധനവില ആഗോള സമ്പദ്‌വ്യവസ്ഥയുടെ മിക്ക മേഖലകളെയും ബാധിച്ചിരുന്നു.

തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാനെ പൂർണമായും തകർക്കുമെന്ന ഭീഷണി ട്രംപ് പലതവണ ആവർത്തിച്ചിരുന്നു. അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണ ഉടൻ ഉണ്ടാകുമെന്ന സൂചനകളും അദ്ദേഹം നല്‍കിയിരുന്നു.

അതേസമയം ഇറാന്റെ ആണവപദ്ധതിയാണ് വാഷിങ്ടണും ടെഹ്‌റാനും തമ്മിലുള്ള പ്രധാന തർക്കവിഷയങ്ങളിലൊന്ന്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏത് കരാറിലും ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കപ്പെടണമെന്നാണ് ട്രംപിന്റെ നിലപാട്. വെള്ളിയാഴ്ച രാത്രി പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യു.എസ്. സെൻട്രല്‍ കമാൻഡ് എക്സിലൂടെ പുതിയ അറിയിപ്പ് പുറത്തുവിട്ടു. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവർക്ക് 20 ദശലക്ഷം ഡോളർ വരെ പ്രതിഫലം നല്‍കുമെന്നാണ് പ്രഖ്യാപനം. വിവരങ്ങള്‍ നല്‍കുന്നവർക്ക് ആവശ്യമെങ്കില്‍ മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റാനുള്ള സൗകര്യവും ഒരുക്കുമെന്ന് സെൻട്രല്‍ കമാൻഡ് അറിയിച്ചു.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍, ഉപകരണങ്ങള്‍, ആണവപദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ശാസ്ത്രസമൂഹത്തിലെ അംഗങ്ങള്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ക്കാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും വ്യക്തികളുടെയും നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരിഗണിക്കും. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ‘റിവാർഡ്സ് ഫോർ ജസ്റ്റിസ്’ പദ്ധതിയുടെ ലിങ്കും സെൻട്രല്‍ കമാൻഡിന്റെ അറിയിപ്പിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അമേരിക്കയുടെ പുതിയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ഇറാനുമായുള്ള നയതന്ത്ര ചർച്ചകള്‍ തുടരുകയാണെന്ന് ട്രംപ് വ്യക്തമാക്കി. വെള്ളിയാഴ്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി “ഞങ്ങള്‍ ഇറാനുമായി സംസാരിക്കുന്നുണ്ട്. നേരത്തെയും സംസാരിച്ചുവരികയാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനിടെ പ്രദേശത്തെ സംഘർഷം കുറയ്ക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളും സമാധാനശ്രമങ്ങളുടെ ഭാഗമായി ചർച്ചകളില്‍ ഇടപെടുന്നുണ്ട്. എന്നാല്‍ ഇറാനെതിരെ അമേരിക്ക വീണ്ടും സൈനികാക്രമണത്തിന് ഉത്തരവിടുമോ എന്ന ആശങ്കയും ശക്തമായി തുടരുകയാണ്.

ഒരു ഭാഗത്ത് യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചർച്ചകള്‍ പുരോഗമിക്കുമ്പോള്‍ മറുഭാഗത്ത് ഇറാന്റെ സൈനിക സംവിധാനങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം തുടരുന്നത് പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീർണമാക്കുകയാണ്.