ക്രൂശില്ലാത്ത സുവിശേഷം! കാതലില്ലാത്ത മരം!

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

പുതിയ നിയമത്തിൽ എങ്ങും ഒരുവൻ ക്രിസ്തുവിലായാൽ വയറു നിറയും ബാങ്ക് അക്കൗണ്ടുകൾ നിറയും വീടും കാറും ഒഴുകി വരും എന്നൊക്കെയുള്ള ദൂതുകൾ കർത്താവോ അപ്പോസ്തോലൻമാരോ ആർക്കും കൊടുത്തില്ല.

വാഴ്ത്തപ്പെട്ടവനായ കർത്താവ് അരുമ ശിഷ്യന്മാരോട് അരുളിയത് ലോകത്തിൽ നിങ്ങൾക്ക് കഷ്ടമുണ്ട് എന്നത്രേ. ലോകം നിങ്ങൾക്ക് യോഗ്യമല്ല പകക്കുന്നവരും കൊല്ലുന്നവരും നിങ്ങൾക്കെതിരെ എഴുനേൽക്കും എന്നത്ര ഉപദേശിച്ചത്. കല്ലും കഷ്ടവും ചങ്ങലയും പിതാക്കന്മാർ സഹിച്ചു അനുഭവിച്ചു. എങ്കിലും ക്രിസ്തുവിനു വേണ്ടി കത്തുന്ന ഹൃദയം അവരെ വിശ്വാസത്തിൻ്റെ പരിശോധനയിൽ തളരാതെ എന്നും നിലനിർത്തി. ബോട്ടിൽ വെള്ളം കുടിക്കുവാന്‍ അവര്‍ക്കില്ലായിരുന്നു. മാറായുടെ പൈപ്പിൽ നിന്ന് നിരന്തരം.

കുടിച്ചപ്പോഴും ഈ ലോകത്തിലെ കഷ്ടങ്ങൾ സാരമില്ല എന്ന് അവർ ഏറ്റു പറഞ്ഞു. വിമാനങ്ങൾ അവർ കണ്ടിരുന്നില്ല എങ്കിലും വിശുദ്ധിയിൽ തികവുള്ളവരായി വിതുമ്പുന്ന ഹൃദയത്തോടെ ദൈവത്തെ സേവിച്ചു. മരണത്തിൻ്റെ കാലൊച്ച കേട്ടപ്പോഴും പതറാതെ കർത്തനെ ഉയർത്തി. അങ്ങനെ മരണത്തിൻ്റെ മുമ്പിൽ മഹത്വത്തിൻ്റെ രാജാവ് മഹിമയോടെ വരുമെന്ന് ഉറക്കെ പറഞ്ഞ് അവർ മരണത്തെ പൂകി. ജീവിതത്തിൽ സഹിച്ച അപമാനം അവരുടെ ഓട്ടത്തിൻ്റെ താളം തെറ്റിച്ചില്ല

കാലം മാറി സുവിശേഷത്തിൻ്റെ മൂർച്ച ഇപ്പോൾ കുറഞ്ഞു കൊണ്ടിരിക്കുകയാണ് വേദികളിൽ മുഴങ്ങുന്ന ശബ്ദം ചവറ് കൂടും ചാടിക്കോ ഓടിക്കോ കൊടുത്തോ കിട്ടും. അബ്രഹാമിനെ അനുഗ്രഹിച്ചതും മോർദ്ദേക്കായിയെ കുതിരപ്പുറത്ത് ഇരുത്തിയതും പറഞ്ഞ് ജനത്തെ ഇളക്കി പോക്കറ്റ് നിറയ്ക്കുന്ന പണി ആണോ സാക്ഷാൽ സുവിശേഷം? മാനസാന്തരവും അനുതാപവും പാപബോധവും ഇന്ന് ആർക്കും വേണ്ട. മോട്ടിവേഷണൽ പ്രസംഗങ്ങൾ ആണ് ഇന്ന് നമുക്ക് ആവശ്യം. കേൾക്കുമ്പോൾ ഒരു തരം സുഖവും അനുഭൂതിയും ഉണ്ടാകണം ഹൃദയത്തിൽ കുത്തു കൊള്ളരുത് നുറുങ്ങരുത്.

സൗഖ്യം ഉണ്ടാകണം പക്ഷേ സമർപ്പിക്കപ്പെടുവാൻ ഞാൻ. ഒരുക്കമല്ല. സമർപ്പണമില്ലാത്ത സൗഖ്യവും അനുസരണമില്ലാത്ത അനുഗ്രഹവും പെന്തക്കോസിനെ കാതലില്ലാത്ത മരം പോലെ അക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. പുറമേ അഴകും വലിപ്പമുണ്ട് അകം വെറും പൊള്ളയും ശൂന്യവുമാണ്. അകത്തെ മനുഷ്യൻ ആടി ഉലഞ്ഞ് സാക്ഷാൽ ജീവൻ്റെ അപ്പം ഭക്ഷിക്കുവാൻ കിട്ടാതെ വളർച്ചയിൽ എന്നുമെന്നും കുറിയവനായി ഇരിക്കുകയാണ്. ക്രിസ്തുവെന്ന തലയോളം വളരണമെന്ന് അപ്പോസ്തോലന്മാർ ആണയിട്ട് പറഞ്ഞു.

നമ്മുടെ വളർച്ച ഭൗതികതയിൽ ഒതുങ്ങി വീടും വിദേശ യാത്രയും ആവണക്ക് പോലെ വളർന്നുപൊങ്ങി. അന്താരാഷ്ട്ര സമ്മേളനങ്ങൾ നമുക്ക് അനവധി ഉണ്ടെങ്കിലും അനുതപിക്കുന്ന ഹൃദയങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. യേശുവിൻ്റെ അരുളപാട് വേണ്ട യജമാനൻ്റെ ഇഷ്ടവും നമുക്ക് അറിയണ്ട. സുഖമുള്ള സുവിശേഷവും ഉയർന്ന ഇരിപ്പിടവും നമ്മുടെ കണ്ണുകൾ ഇപ്പോൾ തിരയുകയാണ്. സുവിശേഷ ലോകം കാതലും കഴമ്പുമില്ലത്ത പൊങ്ങച്ചം വിളമ്പുന്ന കൂട്ടമായി മാറിയപ്പോൾ ദേമാസുമാർ ജനിക്കുവാൻ തുടങ്ങി.

അഹീതോഫീലിൻ്റെ ആലോചന കേൾക്കുവാൻ മയിലുകൾ സഞ്ചരിക്കും എന്നാൽ അരുമനാഥൻ്റെ അരുളപ്പാട് കേൾക്കുവാൻ ഒരു ചെറുവിരൽ പോലും ഇവർ ചലിപ്പിക്കില്ല. എന്ത് സംഭവിച്ചു? കാറ്റിനാൽ ആടുന്ന ഓട പോലെ വിശ്വാസ ലോകം ആടി മറിയുകയാണ്. ലബനോനിലെ ദേവദാരുപോലെ ആലയത്തിൽ നിൽക്കണ്ടവർ സമൂഹത്തിൻ്റെ കൂത്ത്കാഴ്ചയായി മാറി. ക്രൂശ് വേണ്ട കാശ് മതി കഷ്ടം വേണ്ട കെട്ടുറപ്പുള്ള കെട്ടിടങ്ങൾ മതി. സമാധാനം ഇല്ലെങ്കിലും സാധനങ്ങൾ ഒന്നും കുറവായിരിക്കരുത്. ക്രൂശില്ലാത്ത സുവിശേഷത്തിൻ്റെ ദുരന്ത ഫലങ്ങൾ ഫീലിപ്പോസിനെപോലെ ഓടേണ്ടവർ ഗേഹസിപോലെ ഓടുകയാണ്

അഴിഞ്ഞു പോകുന്നതിന് അഴിയാത്തതും ആയി ബന്ധിപ്പിച്ചു കൊണ്ട് വിളമ്പുന്നത് അല്ല സാക്ഷാൽ സത്യ സുവിശേഷം. ഇന്ന് കേൾക്കുന്ന ഒട്ടനവധി ശബ്ദങ്ങളും സമ്പത്ത് വർദ്ധിപ്പിക്കും സഞ്ചാരങ്ങൾ നടത്തും കലവറ നിറയും കാത്തിരിക്കണ്ട ഭാരപ്പെടേണ്ട അനുഗ്രഹം ഇതാ ഇതുവഴി വരുന്നു. യേശുവിൻ്റെ സുവിശേഷത്തെയും

അപ്പോസ്തോലൻമാരുടെ ഉപദേശത്തെയും അവഹേളിക്കുന്ന ഈ മാമാങ്ക പ്രസംഗങ്ങൾ കോൾമൈർ കൊള്ളിപ്പിക്കും കോരിത്തരിപ്പിക്കും എന്നാൽ ഓർക്കുക കാൽറിയുമായി നിങ്ങളെ ബന്ധിപ്പിക്കില്ല. ഇവിടെയാണ് പരാജയം സംഭവിച്ചത്. യേശു ശിഷ്യ ഗണങ്ങളെ തെരഞ്ഞെടുത്ത് അയച്ചത് ചെന്നായ്ക്കളുടെ നടുവിലേക്ക്. ഭക്തനായ പൗലോസ് പറയുന്നു ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഉപദ്രവം ഉണ്ടാകും.

അവർ പീഡിപ്പിക്കപ്പെടും ലോകം അവരെ വിടക്കെന്ന് എണ്ണും. അവർ ലോകത്തിൻ്റെ അഴുക്കായി മാറും എന്നൊക്കെ തിരുവചനം വ്യക്തമായി പറയുന്നു. ഇത് മുമ്പേ കണ്ടുകൊണ്ട് യേശു പറഞ്ഞു ലോകത്തിൽ കഷ്ടമുണ്ട് എങ്കിലും ധൈര്യപ്പെടുക ഞാൻ ലോകത്തെ ജയിച്ചവനാണ് . സുവിശേഷ പോർക്കളത്തിൽ ഉപദേശങ്ങൾക്കും പ്രമാണത്തിനും വേണ്ടി നട്ടെല്ല് വളക്കാതെ ജീവിച്ച് അക്കര നാട്ടിൽ ഇന്ന് വിശ്രമിക്കുന്ന അനവധി ഭക്തന്മാരുടെ ചരിത്രം നമ്മുടെ മുമ്പിലുണ്ട്. അവരുടെ ഖജനാവും കലവറയും കാലിയായിരുന്നു

എന്നാലും കത്തുന്ന ഹൃദയവും കാദേശ് മരുവിനെ നടുക്കിയ ദൈവ ശബ്ദവും അവരുടെ സമ്പത്ത് ആയി ചേർത്ത് പിടിച്ചു. കാണാത്ത രാജ്യങ്ങളിൽ കാലുകുത്തുവാൻ അവർ കൊതിച്ചില്ല എന്നാൽ അവർ കാണാത്തതിൽ വിശ്വസിച്ചു കൊണ്ട് ഓട്ടം തികച്ചു. ക്രൂശും ക്രൂശിക്കപ്പെട്ടവനെയും അവർ മാറോടു ചേർത്തു പിടിച്ചു.

ധന്യനായ പൗലോസ് വീണ്ടും ഓർമിപ്പിക്കുന്നു എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഒന്നുമില്ല (ഗലാ 6 14). നമ്മുടെ സന്ദേശങ്ങൾ ക്രൂശിൻ്റെ വചനങ്ങളായി പുറത്തു വരുമ്പോൾ ജഡം ഉരുകും ആത്മാവ് ബലപ്പെടും.