‘ഹൈക്കോടതി ഉത്തരവ് നെഞ്ചില്‍ കുത്തിയതുപോലെ’ ജയബാലകൃഷ്ണന്റെ മകള്‍ ഭദ്ര കീര്‍ത്തി

ചേരാനല്ലൂരിലെ മെഴ്സിഡസ് ബെന്‍സ് അപകടക്കേസില്‍ പ്രതിയായ 17കാരന്റെ പിതാവായ സെഷന്‍സ് ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം.

പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് കോടതി വിധി വന്നതെന്നും, നെഞ്ചില്‍ കുത്തിയതുപോലെയാണ് ഇത് അനുഭവപ്പെട്ടതെന്നും മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്ര കീർത്തി മാധ്യമങ്ങളോട് പ്രതികരിച്ചു. നീതി ലഭിക്കുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അനുവദിച്ച ജാമ്യത്തിനെതിരായ പ്രോസിക്യൂഷന്റെ അപ്പീല്‍ എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയും പരിഗണിച്ചു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങളില്‍ ബി.എൻ.എസ് 105-ാം വകുപ്പ് പ്രകാരം കേസെടുക്കാറുണ്ടോ കോടതി പരിശോധിച്ചു. സമാന കേസുകളുടെ എഫ്.ഐ.ആർ വിവരങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ ഹാജരാക്കാൻ ജഡ്ജി കവിത ഗംഗാധരൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ രജിസ്റ്റർ ചെയ്ത സമാന കേസുകളുടെ വിവരങ്ങളാണ് കോടതി തേടിയത്. നിലവിലെ കേസില്‍ മാത്രമാണോ ഈ വകുപ്പ് ചുമത്തിയതെന്ന് പരിശോധിക്കണമെന്നും, സമാന കേസുകള്‍ കണ്ടെത്താനായില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥൻ വിശദീകരണം നല്‍കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പ്രായപൂർത്തിയാകാത്തവരുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാൻ ജില്ലയില്‍ പ്രത്യേക കോടതി നിലവിലുള്ളപ്പോള്‍, പ്രോസിക്യൂഷൻ ആദ്യം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയെ സമീപിച്ചതെന്തിനാണെന്നും കോടതി സംശയം പ്രകടിപ്പിച്ചു.

അതേസമയം, പ്രതിയായ സെഷൻസ് ജഡ്ജിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. അന്വേഷണവുമായി പ്രതി സഹകരിക്കുന്നുണ്ടെങ്കില്‍ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ലെന്നായിരുന്നു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിരീക്ഷണം. എന്നാല്‍, അന്വേഷണത്തില്‍ തടസ്സം സൃഷ്ടിക്കുകയോ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ജാമ്യം റദ്ദാക്കാൻ അപേക്ഷ നല്‍കാമെന്നും കോടതി വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് സെഷൻസ് ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവായത്.