സംശയ ഭയം ആപത്ത്

ഷാജി ആലുവിള
9846473400

ഒരിക്കൽ വനത്തിലൂടെ സവാരിക്കിറങ്ങിയ രാജാവ് മരത്തിൽ തറച്ചിരിക്കുന്ന അമ്പും അതിനു ചുറ്റും വരച്ചിരിക്കുന്ന ഒരു വൃത്തവും കണ്ടു. രാജാവ് അതിധീരനായ മനുഷ്യൻ ആയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ തന്റെ നായാട്ടിനിടയിൽ സ്ഥിരം, കൃത്യമായി വൃത്തത്തിന്റെ ഒത്ത നടുക്ക് അമ്പെയ്തു വെച്ചിരിക്കുന്ന അനേക വൃക്ഷങ്ങൾ രാജാവ് കണ്ടു.

അതി ധീരനായ രാജാവ് ചിന്തിച്ചു ഈ നാട്ടിൽ വളരെ കൃത്യതയോടെ വൃത്തത്തിന്റെ ഒത്ത നടുക്ക് ഉന്നം തെറ്റാതെ അമ്പ് എയ്യുന്ന ആ വ്യക്തി ആരുതന്നെ ആയാലും എന്നെയും ഒറ്റ അമ്പു കൊണ്ട് കൊല്ലും. അതിൽ ഭയന്ന രാജാവ് രാജ്യം മുഴുവാനും ആ വില്ലാളിയെ പിടിക്കുവാൻ പരിചാരകരെ നിയോഗിച്ചു. നാട് മുഴുവനും അരിച്ചു പെറുക്കിയിട്ടും ആർക്കും അങ്ങനെ ഒരു അമ്പ് എയ്ത്തു കാരനെ കാണുവാൻ സാധിച്ചില്ല.

രാജാവ് നാൾക്കുനാൾ ക്ഷീണിതനും, ദുഃഖിതനും ആയി തീർന്നു. നാളുകൾക്കു ശേഷം ആ അമ്പ് എയ്ത്തുകാരനായ വില്ലാളി വീരൻ പിടിയിലായി. അവനെ അവർ രാജസന്നിധിയിൽ എത്തിച്ചു. രാജാവ് തന്റെ മുമ്പിൽ നിൽക്കുന്ന വില്ലാളിയെ കണ്ട് സ്തബ്ധനായി.

വെറും നാലു വയസുള്ള ഒരു ബാലൻ അമ്പും – വില്ലുമായി നിൽക്കുന്നു. രാജാവ് ചോദിച്ചു നീയാണോ മരങ്ങളിൽ അമ്പ് എയ്യുന്നത്…. ?

അതേ എന്ന് ആ ബാലൻ തല ആട്ടി പറഞ്ഞു. രാജാവ് വീണ്ടും ചോദിച്ചു, ഇത്ര കൃത്യമായി നീ എങ്ങനെ ആണ് ആ ചെറു വൃത്തത്തിന്റെ ഒത്ത നടുക്ക് അമ്പ് എയ്യുന്നത്….?

ഓ… അതോ… ! ഞാൻ ആദ്യം അമ്പ് എയ്യും, പിന്നെ അതിനു ചുറ്റും ഒരു വൃത്തം വരക്കും. പെട്ടന്ന് രാജാവിന്റെ മുഖത്തു ചിരിയുടെയും സന്തോഷത്തിന്റെയും പ്രസരിപ്പുണ്ടായി സദസ്സ് മുഴുവൻ പൊട്ടിച്ചിരിച്ചു…..!

യാഥാർഥ്യം മനസിലാക്കാതെ രാജാവ് ചിന്തിച്ച് – ചിന്തിച്ച് മാനസികമായി തകർന്നു…! രോഗിയായി, ഭക്ഷണം വെറുത്തു, എത്രത്തോളം അസ്വസ്ഥനായി ….?ഒടുവിൽ ആ ഭയം വേണ്ടായിരുന്നു എന്നു അനുതപിച്ചു….!

അനുദിന ജീവിതത്തിൽ ഇത്തരം അനാവശ്യ ഭയ ചിന്തകൾ നമ്മെ അലട്ടിയാൽ നമ്മൾ പല മേഖലകളിലും അസ്വസ്ഥരായിത്തീരും. സംശയ വിചാരങ്ങളെ മാറ്റി ഭയമില്ലാതെ മുന്നേറുവാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ.

ശുഭദിന ആശംസകൾ