പാലക്കാട് അമ്മ മക്കളെ വെള്ളത്തിൽ മുക്കിക്കൊല്ലുമ്പോൾ പുറത്തു കാവലിരുന്ന കാമുകൻ അറസ്റ്റിൽ

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പിഞ്ചുമക്കളെ അമ്മ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ നാടകീയ വഴിത്തിരിവ്. കേസിൽ അമ്മ നിവേദ്യയുടെ ആൺസുഹൃത്തായ മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടിൽ എ മാർട്ടിൻ ഇഗ്നേഷ്യസിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടക്കുമ്പോൾ മാർട്ടിൻ വീടിന്റെ മുൻഭാഗത്ത് കാവൽ നിൽക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കസ്റ്റഡിയിലുള്ള അമ്മ നിവേദ്യയുമായി പോലീസ് നടത്തിയ തെളിവെടുപ്പിനിടെയാണ് കൊലപാതകത്തിൽ മറ്റൊരാളുടെ പങ്ക് വെളിപ്പെടുന്നത്. ഇരുവരും ചേർന്ന് കുട്ടികളെ ഒഴിവാക്കാൻ മുൻകൂട്ടി പദ്ധതിയിടുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയായിരുന്നു മാർട്ടിന്റെ ചുമതല.

വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് സെപ്റ്റംബർ 29ന് രാവിലെ 10.30ഓടെ മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് തെളിഞ്ഞെങ്കിലും, നിവേദ്യയുടെ സംശയാസ്പദമായ പെരുമാറ്റമാണ് കേസിൽ വഴിത്തിരിവായത്.