സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; 46 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ്: സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 46 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ടൊളേഡോ പ്രവിശ്യയിലാണ് അപകടമുണ്ടായതെന്ന് സ്‌പെയിനിലെ റെയിൽവേ സിസ്റ്റം ഓപ്പറേറ്ററായ എഡിഐഎഫ് അറിയിച്ചു. പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് തീവണ്ടികൾ തമ്മിൽ കൂട്ടിയിടിച്ചതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒരേദിശയിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് അതിവേഗ ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടതെന്ന് സ്പാനിഷ് ടെലിവിഷൻ ചാനലായ ടിവിഇ റിപ്പോർട്ട് ചെയ്തു. ഒരു ട്രെയിൻ മറ്റൊരു ട്രെയിനിന്റെ പിൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു ട്രെയിനിന്റെ രണ്ട് ബോഗികൾ പാളം തെറ്റി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഉയരാനിടയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ട്രെയിനുകൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് മാഡ്രിഡ്-അന്ദലൂസിയ അതിവേഗ പാതയിലെ റെയിൽ ഗതാഗതം പൂർണമായി നിർത്തിവെച്ചതായി എഡിഐഎഫ് എക്സിലൂടെ സന്ദേശത്തിൽ അറിയിച്ചു. ഇതോടെ ഇരുനഗരങ്ങൾക്കുമിടയിലുള്ള റെയിൽ സർവീസുകൾ തടസ്സപ്പെട്ടു.