ആഡിസ് അബാബ: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ ക്രൈസ്തവർക്കുനേരെയുള്ള സായുധ സംഘങ്ങളുടെ ആക്രമണങ്ങൾ രൂക്ഷമാകുന്നു. ഒറോമിയ മേഖലയിലുണ്ടായ നടുക്കുന്ന അക്രമത്തിൽ രണ്ട് ആക്രമണങ്ങളില്‍ അഞ്ച് കുഞ്ഞുങ്ങൾ ഉൾപ്പെടെ 60 ക്രൈസ്തവർ കൊല്ലപ്പെട്ടു.
ഈ മാസം 20നുണ്ടായ ആക്രമണത്തില്‍ 14ഉം 24ലെ ആക്രമണത്തില്‍ 46ഉം പേരാണു മരിച്ചതെന്ന് എത്യോപ്യൻ ഓർത്തഡോക്സ് സഭ അറിയിച്ചു.
ആയുധധാരികള്‍ ക്രൈസ്തവരെ വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയെന്നാണു റിപ്പോർട്ട്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടുന്നു.
20 വീടുകള്‍ അഗ്നിക്കിരയാക്കി. ഗുരുതരമായി പരിക്കേറ്റ 20 പേർ ആശുപത്രിയില്‍ ചികിത്സയിലാണ്.
വടക്കൻ എത്യോപ്യയിലെ ടിഗ്രെയില്‍ സർക്കാരിനെതിരേ പോരാടുന്ന വിമതരുമായി ബന്ധമുള്ള ഒറോമോ ലിബറേഷൻ ആർമി എന്ന സായുധ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നു സൂചനയുണ്ട്.




