AGIFNA 2027 ഫ്ലോറിഡ കോൺഫറൻസ്: ലോക്കൽ സംഘാടക സമിതി രൂപീകരിച്ചു

‘Cross Over to Take Over’ എന്ന പ്രമേയത്തിൽ ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ കോൺഫറൻസ്; ബഹാമാസിലേക്ക് പ്രത്യേക ക്രൂസ് യാത്രയും

അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (AGIFNA) 2027-ലെ ദേശീയ കോൺഫറൻസിന്റെ മുന്നൊരുക്കങ്ങൾക്ക് ആവേശകരമായ തുടക്കം. ഫ്ലോറിഡയിൽ നടക്കുന്ന ദേശീയ കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി പ്രാദേശിക സംഘാടക സമിതിക്ക് രൂപം നൽകി. വിവിധ ശുശ്രൂഷാ മേഖലകളിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നവരെ ഉൾപ്പെടുത്തി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ചെറിയാൻ പി. ചാക്കോ (ലോക്കൽ കോർഡിനേറ്റർ)

ചെറിയാൻ പി. ചാക്കോ (ലോക്കൽ കോർഡിനേറ്റർ), സാജൻ തോമസ് (ലോക്കൽ ഈവന്റ് കോർഡിനേറ്റർ), ബിനു ചാക്കോ (ലോക്കൽ സെക്രട്ടറി), സന്തോഷ് സാമുവേൽ (ലോക്കൽ ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലാണ് പ്രാദേശിക സമിതി പ്രവർത്തിക്കുക.

സാജൻ തോമസ് (ലോക്കൽ ഈവൻ്റ് കോർഡിനേറ്റർ)

ദേശീയ പ്രതിനിധിയായി ഫില്ലി ഗീവർഗീസ്, പ്രയർ ആൻഡ് മിനിസ്റ്റേഴ്സ് വിഭാഗത്തിൽ പാസ്റ്റർ ജയമോൻ ജേക്കബ്, ഇംഗ്ലീഷ് ശുശ്രൂഷകൾക്ക് പാസ്റ്റർ പ്രത്യാശ് തോമസും ആഷ്‌ലി പ്രത്യാശും, വനിതാ വിഭാഗത്തിൽ മറിയാമ്മ പണിക്കർ, മലയാളം ക്വയറിന് സാജൻ തോമസും സിജു വർഗീസും, രജിസ്ട്രേഷന് സിജുമോൻ വർഗീസ് എന്നിവരാണ് ചുമതല വഹിക്കുന്നത്.

ബിനു ചാക്കോ (ലോക്കൽ സെക്രട്ടറി)

ഹോസ്പിറ്റാലിറ്റി വിഭാഗത്തിൽ സുനിത എബ്രഹാം, ഭക്ഷണ ക്രമീകരണങ്ങൾക്ക് ജോൺസൺ പത്രോസും എൽസി ജേക്കബും, ഇംഗ്ലീഷ് ക്വയറിന് സ്റ്റാൻലി പണിക്കരും ഗ്ലോറിസ് സജനും, ഗതാഗത വിഭാഗത്തിൽ റെജി ജോണും ബിബിൻ ജോർജും, മീഡിയ വിഭാഗത്തിൽ മിഷേൽ അലിയും ഗ്രേസ് ജോണും പ്രവർത്തിക്കും.

ഓഡിയോ വിഷ്വൽ വിഭാഗത്തിന്റെ ചുമതല ജോബിൻ ഡാനിയേലിനും മെഡിക്കൽ ടീമിന്റെ നേതൃത്വം ഡോ. ജോമോൾ സോളമനും വഹിക്കും.
സന്നദ്ധപ്രവർത്തകരുടെയും അഷേഴ്സിന്റെയും ചുമതല എബി ജോസഫിനാണ്. കായിക വിഭാഗത്തിൽ ജോനാഥൻ ജിമ്മി, കുട്ടികളുടെ ശുശ്രൂഷയിൽ റിനി വർഗീസും റീത്തു എബ്രഹാമും, പബ്ലിസിറ്റിയിൽ ജെറിൻ ജോണും, സുരക്ഷാ വിഭാഗത്തിൽ രാജൻ മാത്യുവും ടോം ജോസഫും പ്രവർത്തിക്കും.

സന്തോഷ് സാമുവേൽ (ലോക്കൽ ട്രഷറർ)

വിശുദ്ധ തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ ജയമോൻ ജേക്കബും പാസ്റ്റർ ജോസ് കടവിലും നേതൃത്വം നൽകും. സമയക്രമീകരണത്തിന്റെ ചുമതല പാസ്റ്റർ ജോസ് കടവിലിനും ബിനു ജോസഫിനുമാണ്. മാർക്കറ്റിംഗ്, ഗാനപുസ്തകം എന്നീ മേഖലകളിൽ ഷിബു വർഗീസ്, യുവജന ശുശ്രൂഷയിൽ ജോബിൻ ഡാനിയേലും അച്ചു എബ്രഹാമും, താമസസൗകര്യങ്ങളുടെ ക്രമീകരണത്തിൽ ഷിബു വർഗീസും പാസ്റ്റർ സാബു വർഗീസും പ്രവർത്തിക്കും. ക്രൂസ് പരിപാടിയുടെ ഏകോപന ചുമതല ചെറിയാൻ പി. ചാക്കോയ്ക്കാണ്.

ഫ്ലോറിഡ സയോൺ എ.ജി.യിൽ സെപ്റ്റംബർ 26-ന് നടന്ന പ്രത്യേക സമ്മേളനത്തിലാണ് പ്രാദേശിക സംഘാടക സമിതിക്ക് രൂപം നൽകിയത്. കോൺഫറൻസിന്റെ നാഷണൽ കൺവീനർ പാസ്റ്റർ യോഹന്നാൻ പണിക്കർ അധ്യക്ഷത വഹിച്ചു. AGIFNA പ്രസിഡന്റ് പാസ്റ്റർ ജോർജ് പി. ചാക്കോ ദൈവവചനം പങ്കുവെച്ചു.
കോൺഫറൻസ് ദേശീയ സെക്രട്ടറി പാസ്റ്റർ ജോർജ് വി. എബ്രഹാം കോൺഫറൻസിന്റെ വിവിധ ക്രമീകരണങ്ങളും പരിപാടികളുടെ വിശദാംശങ്ങളും അവതരിപ്പിച്ചു. കോൺഫറൻസ് ദേശീയ ട്രഷറർ ബെൻസൺ മാത്യു സാമ്പത്തിക ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു. ദേശീയ നേതൃത്വത്തിന്റെയും പ്രാദേശിക പ്രവർത്തകരുടെയും സംയുക്തമായ പ്രവർത്തനങ്ങളിലൂടെ കോൺഫറൻസിനെ മികവുറ്റതാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

ഫ്ലോറിഡയിലെ മാരിയറ്റ് കോറൽ സ്പ്രിങ്സ് ഹോട്ടൽ ആൻഡ് കൺവൻഷൻ സെന്ററിൽ 2027 ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെയാണ് ദേശീയ കോൺഫറൻസ് നടക്കുന്നത്. ‘Cross Over to Take Over’ എന്നതാണ് ഈ വർഷത്തെ മുഖ്യപ്രമേയം. ആത്മീയ നവീകരണത്തിനും ദർശനത്തിന്റെ പുതുക്കലിനും ദൈവിക നിയോഗത്തിന്റെ നിർവഹണത്തിനും പ്രാധാന്യം നൽകുന്ന കോൺഫറൻസിൽ വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോൺഫറൻസിനോടനുബന്ധിച്ച് ഇത്തവണത്തെ പ്രത്യേക ആകർഷണമായി മയാമിയിൽനിന്ന് ബഹാമാസിലേക്ക് ക്രൂസ് യാത്രയും ഒരുക്കിയിട്ടുണ്ട്. ഫെയ്ത്ത് ഹോളിഡേയ്സുമായി സഹകരിച്ചാണ് ഈ ക്രമീകരണം. 2027 ആഗസ്റ്റ് 2 മുതൽ 6 വരെ നാല് രാത്രികൾ ക്രൂസ് കപ്പലിൽ ചെലവഴിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കോൺഫറൻസിന്റെ ആത്മീയ കൂട്ടായ്മയ്ക്കൊപ്പം വിശ്വാസികൾക്ക് സൗഹൃദവും കൂട്ടായ്മയും പങ്കുവെക്കാനുള്ള വേറിട്ട അനുഭവമായിരിക്കും ഈ യാത്ര.

നാഷണൽ കൺവീനർ പാസ്റ്റർ യോഹന്നാൻ പണിക്കർ, ജോയിന്റ് കൺവീനർ പാസ്റ്റർ ജിമ്മി തോമസ്, സെക്രട്ടറി പാസ്റ്റർ ജോർജ് വി. എബ്രഹാം, ജോയിന്റ് സെക്രട്ടറി ബ്രദർ ജോർജ് മത്തായി, ട്രഷറർ ബ്രദർ ബെൻസൻ മാത്യു, ദേശീയ വനിതാ കോർഡിനേറ്റർ സിസ്റ്റർ ഷേർളി വർഗീസ്, ഇംഗ്ലീഷ് വിഭാഗം കോർഡിനേറ്റർമാരായ ടൈറ്റസും ലിൻസ എബനേസറും, നാഷണൽ എക്സിക്യൂട്ടീവ് അഡ്വൈസർ പാസ്റ്റർ തോമസ് വർഗീസും ഉൾപ്പെടുന്ന ദേശീയ നേതൃത്വത്തിന്റെ മാർഗനിർദേശത്തിലാണ് കോൺഫറൻസിന്റെ ഒരുക്കങ്ങൾ മുന്നോട്ടുപോകുന്നത്.
ദേശീയ നേതൃത്വവും പ്രാദേശിക സംഘാടക സമിതിയും കൈകോർക്കുന്നതിലൂടെ ആത്മീയ അനുഗ്രഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും മികവുറ്റ സംഘാടനത്തിന്റെയും വേദിയായി AGIFNA 2027 ദേശീയ കോൺഫറൻസ് മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.