ചേരാനല്ലൂര്‍ വാഹനാപകടം: കസ്റ്റഡിയിലെടുത്ത പതിനേഴുകാരന് ജാമ്യം അനുവദിച്ച്‌ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്; തീരുമാനം അംഗീകരിക്കില്ലെന്ന് കുടുംബം

ചേരാനല്ലൂർ വാഹനാപകടക്കേസില്‍ പ്രതിയായ 17കാരന് ജുവനൈല്‍ ജസ്റ്റിസ് ബോർഡിനു മുന്നില്‍ ഹാജരാക്കിയതിനെ തുടർന്ന് വീണ്ടും ജാമ്യം ലഭിച്ചു.

സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചതിനെ തുടർന്ന് ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് പ്രതിയെ വീണ്ടും അപ്രിഹെൻഡ് ചെയ്ത് ബോർഡിന് മുന്നില്‍ ഹാജരാക്കിയത്. എന്നാല്‍ കോടതി ജാമ്യം അനുവദിച്ച നടപടി അംഗീകരിക്കില്ലെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പ്രതികരണം.ചേരാനല്ലൂർ വാഹനാപകടക്കേസില്‍ പ്രതിയായ 17 കാരനെ ജാമ്യം നല്‍കി വിട്ടയച്ചതിലെ പ്രതിഷേധത്തിനിടെ മരിച്ച ജയബാലകൃഷ്ണന്‍റെ മകള്‍ തളർന്നുവീണിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുൻപില്‍ മകളടക്കമുള്ള കുടുംബാംഗങ്ങള്‍ കുത്തിയിരിന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് മകള്‍ തള‍ർന്നുവീണത്.

വാഹനാപകടം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. കേസില്‍ പ്രതിയായ 17കാരൻ ഓടിച്ച കാർ അമിത വേഗത്തിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. 104 കിലോമീറ്റർ സ്പീഡില്‍ ആണ് കാര്‍ ഓടിച്ചതെന്നാണ് നിഗമനം. വേഗതയുടെ ദൃശ്യങ്ങള്‍ 17കാരരന്‍റെ മൊബൈലില്‍ കണ്ടെത്തി. പ്രതിക്കെതിരെ 181,183 മോട്ടോർ ആക്‌ട് ചുമത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗതിയില്‍ വാഹനം ഓടിച്ചു എന്നിവയാണ് വകുപ്പുകള്‍.

ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച്‌ സ്കൂട്ടർ യാത്രക്കാരനായ മ‍ഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ(55) മരിച്ചത്. അപകടത്തിന് പിന്നാലെ 17 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച വൈകിട്ടോടെ 17 കാരനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയുംചെയ്തു. ഇത് വിവാദമായതോടെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര നടപടിക്ക് നിർദേശം നല്‍കിയത്.