അടുത്ത അഞ്ചുവർഷത്തിനുള്ളില്‍ കേരളത്തെ തുറമുഖ നഗരങ്ങളുടെ ശൃംഖലയാക്കി മാറ്റുകയും വ്യോമയാന മേഖലയില്‍ വലിയ മുന്നേറ്റം കൈവരിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡല്‍ഹിയില്‍ നടന്ന ‘ഇന്ത്യൻ എക്സ്പ്രസ് അഡ്ഡ’ പരിപാടിയില്‍ സംസാരിക്കവെയാണ് സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചത്. രണ്ട് തുറമുഖങ്ങള്‍, 18 ചെറു തുറമുഖങ്ങള്‍, ഒരു കണ്ടെയ്നർ തുറമുഖം, 600 കിലോമീറ്റർ തീരപ്രദേശം എന്നിവയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ളത് വ്യോമയാന ഹബ്ബായി മാറാനുള്ള വലിയ സാധ്യതയാണെന്നും സതീശൻ വ്യക്തമാക്കി. കൊച്ചിയില്‍നിന്ന് കൊളംബോ, ഗോവ, ദുബായ്, മാലദ്വീപ് എന്നിവിടങ്ങളിലേക്കും കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കും ആഡംബര കപ്പല്‍ സർവീസുകള്‍ ആരംഭിക്കാൻ പദ്ധതിയുണ്ട്. കേരളത്തിലെ 44 നദികളെ ബന്ധിപ്പിച്ചുള്ള ആഡംബര ക്രൂയിസ് യാത്രകളും ആലോചനയിലുണ്ട്. വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഉണർവ് നല്‍കുന്നതിനായി കോഴിക്കോട്ട് എം.ടി.യുടെ പേരില്‍ സാംസ്കാരിക പാർക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഭരണകാര്യങ്ങളിലും വികസന പദ്ധതികളിലും സ്വന്തം പാർട്ടിയില്‍നിന്നോ സഖ്യകക്ഷികളില്‍നിന്നോ സമ്മർദമില്ലെന്നും എല്ലാ തീരുമാനങ്ങളും കൂടിയാലോചിച്ചാണ് എടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം ലീഗിന്റെ സമ്മർദമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് സമയത്ത് ശക്തമായ മതേതര നിലപാടാണ് സ്വീകരിച്ചതെന്നും കേരളത്തില്‍ മുസ്ലിം ലീഗ് ദുർബലമായാല്‍ അവരുടെ സ്ഥാനം തീവ്രവാദികള്‍ ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും സതീശൻ അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ സമരം നടത്തിയ യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തതിലും മുഖ്യമന്ത്രി പ്രതികരിച്ചു. റോഡ് തടസ്സപ്പെടുത്തുന്നതുള്പ്പെടെയുള്ള നിയമലംഘനങ്ങളില്‍ കേസെടുക്കുന്നത് സ്വാഭാവിക നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത്തരം സംഭവങ്ങളില്‍ കേസെടുക്കുന്നത് ഒഴിവാക്കാൻ പോലീസിന് നിർദേശം നല്‍കിയിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. തുറമുഖ വികസനം, ആഡംബര കപ്പല്‍ യാത്രകള്‍, വ്യോമയാന മേഖല, വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രാധാന്യം നല്കുന്ന പദ്ധതികള്‍ അടുത്ത അഞ്ചുവർഷത്തിനുള്ളില്‍ എത്രത്തോളം നടപ്പാക്കാനാകുമെന്നതാണ് ഇനി ശ്രദ്ധേയം.




