ചെന്നൈ: കോയമ്പത്തൂരിൽ ബീഫ് കഴിച്ചതിനെ തുടർന്നുണ്ടായ പരിഹാസത്തിൽ ദളിത് പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് സഹപാഠികൾ അറസ്റ്റിൽ. മരിച്ച അകിലന്റെ സഹപാഠികളാണ് അറസ്റ്റിലായത്.
ഇരുവരും മേൽ ജാതിക്കാരാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഹെഡ്മാസ്റ്റർ അരുൺകുമാറിനെയും ക്ലാസ് ടീച്ചർ വിജയകുമാറിനെയും സസ്പെൻഡ് ചെയ്തിരുന്നു. കോയമ്പത്തൂരിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പതിനൊന്നാം ക്ലാസ് വിദ്യാർഥിയെ ജാതിയുടെയും ഭക്ഷണശീലത്തിന്റെയും പേരിൽ ഏതാനും സഹപാഠികളും അധ്യാപകനും പരിഹസിച്ചതിനെ തുടർന്ന് ജീവനൊടുക്കിയിരുന്നു.
രണ്ട് മാസം മുമ്പ് അധ്യാപകൻ വിജയകുമാർ തന്റെ മകൻ ഉൾപ്പെടെ അഞ്ച് വിദ്യാർഥികളോട് ക്ലാസ് മുറിയിൽ ബീഫ് കഴിച്ചിട്ടുണ്ടോയെന്ന് ചോദിക്കുകയും അവരെ എഴുന്നേൽപ്പിക്കുകയും ചെയ്തതായി അകിലന്റെ അമ്മ എ. കൗസല്യദേവി ആരോപിച്ചു. അകിലനും മറ്റ് നാല് വിദ്യാർഥികളും എഴുന്നേറ്റുനിന്നിരുന്നുവെന്നാണ് റിപ്പോർട്ട്.
അതിനുശേഷം രണ്ട് സഹപാഠികൾ ജാതിയുടെ പേരിൽ മകനെ നിരന്തരം ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നതായി കൗസല്യദേവി പറഞ്ഞു. പീഡനത്തെക്കുറിച്ച് അകിലൻ അധ്യാപകൻ വിജയകുമാറിനോട് പരാതിപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും അമ്മ ആരോപിച്ചു.
16 വയസ്സുകാരനായ അകിലൻ ബുധനാഴ്ച രാവിലെ എട്ടുമണിയോടെ വീട്ടിൽനിന്ന് ഇറങ്ങിയിരുന്നു. പിന്നീട് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 115(2), 108, പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ സെക്ഷൻ 3(2)(v) എന്നിവ പ്രകാരം രണ്ട് വിദ്യാർത്ഥികൾക്കും അധ്യാപകനും പ്രിൻസിപ്പലിനും എതിരെ പോലീസ് കേസെടുത്തു.




