ക്വിറ്റോ: കുർബാന നടത്തുന്നതിനിടെ കൂറ്റൻ കുരിശ് തലയില്‍ വീണ് വൈദികന് ദാരുണാന്ത്യം. തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിലെ ഗ്വായാക്വിലിലുള്ള ദേവാലയത്തിലാണ് സംഭവം.
ഇടവക വികാരിയായ ഫാദർ പാട്രിസിയോ ആല്‍ഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് മരിച്ചത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.ഒക്ടോബർ 17 ശനിയാഴ്ചയായിരുന്നു അപകടം നടന്നത്. അള്‍ത്താരയില്‍ നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് കുർബാന അർപ്പിക്കുകയായിരുന്നു വൈദികൻ. ഇതിനിടെ അദ്ദേഹത്തിന് പിന്നിലെ ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന കൂറ്റൻ കുരിശ് പെട്ടെന്ന് ഇളകിവീണ് വൈദികന്റെ തലയിലേക്ക് പതിക്കുകയായിരുന്നു. അള്‍ത്താരയുടെ ഭാഗത്ത് കുരിശ് വീണുകിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
സംഭവസമയത്ത് കുർബാന തത്സമയം സംപ്രേഷണം ചെയ്തിരുന്നതിനാലാണ് അപകട ദൃശ്യം പുറത്തുവന്നത്. ഇടവക വികാരിയായിരുന്ന ഫാ. മൊളിനാരി, കത്തോലിക്കാ സന്യാസസഭയായ കോണ്ഗ്രിഗേഷൻ ഓഫ് ദ മോസ്റ്റ് ഹോളി റിഡീമറിലെ അംഗം കൂടിയായിരുന്നു.




