സൗദിയില്‍ നിരോധിത മരുന്ന് കൈവശം വെച്ച കേസില്‍ കസ്റ്റഡിയിലായ വയനാട് സ്വദേശിനിയായ നഴ്സിനെ വിട്ടയച്ചു

സൗദി അറേബ്യയില്‍ നിരോധിത മരുന്ന് കൈവശം സൂക്ഷിച്ചെന്നാരോപിച്ച്‌ ജിദ്ദ വിമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്ത വയനാട് അയ്യങ്കൊല്ലി സ്വദേശിനിയെ ഒടുവില്‍ വിട്ടയച്ചു.

വയനാട് സുല്‍ത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസില്‍ രവി – ശെല്‍വി ദമ്പതികളുടെ മകളായ ഫിലോമിനയാണ് കസ്റ്റഡിയില്‍ നിന്നും മോചിതയായത്. ലഹരിമരുന്ന് പരിശോധനയില്‍ ഇത് ലഹരിയല്ലെന്ന് വ്യക്തമായതോടെയാണ് അധികൃതർ ഇവരെ വിട്ടയച്ചത്.

ഈ മാസം 10-നായിരുന്നു സംഭവം. വാർഷികാവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെയാണ് ഫിലോമിന ബെംഗളൂരുവില്‍ നിന്ന് ജിദ്ദ വഴി റിയാദിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയില്‍ ഇറങ്ങി കണക്ഷൻ ഫ്ലൈറ്റ് വഴി റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ ജിദ്ദ വിമാനത്താവളത്തില്‍ വച്ച്‌ നടത്തിയ പരിശോധനയില്‍ ഫിലോമിനയുടെ ലഗേജില്‍ രാജ്യത്ത് നിരോധനമുള്ള ചില മരുന്നുകള്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് ജിദ്ദ കസ്റ്റംസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെയും നാർക്കോട്ടിക്സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റിന്റെയും നേതൃത്വത്തില്‍ പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ഫിലോമിന കൈവശം വെച്ചിരുന്നത് ലഹരിമരുന്നല്ലെന്ന് തെളിഞ്ഞത്. ഇതോടെയാണ് ഫിലോമിനയെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചത്. സൗദിയിലെ റിയാദ് കിംഗ് ഫഹദ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തുവരികയാണ് ഫിലോമിന.

ജിദ്ദ വിമാനത്താവളത്തിലിറങ്ങിയ ഉടൻ, വിമാനത്താവള ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും കാണിച്ച്‌ ഫിലോമിന അന്ന് രാത്രി പിതാവ് രവിക്കും ഭർത്താവ് ജോണിനും ശബ്ദസന്ദേശം അയച്ചിരുന്നു. പിന്നീട് ഫിലോമിനയെ പൊലീസ് കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞതോടെ കുടുംബവും നാട്ടുകാരും കടുത്ത ആശങ്കയിലായിരുന്നു.