കടലില് പൊങ്ങിക്കിടക്കുന്ന ഐഫോണ് പെട്ടികളും ആഡംബര പെർഫ്യൂം കുപ്പികളും ശേഖരിക്കാൻ ഇറാനിയൻ മത്സ്യത്തൊഴിലാളികള് കൂട്ടത്തോടെ കടലിലിറങ്ങിയ ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളില് വൈറലാകുന്നു.
ഹോർമുസ് കടലിടുക്കില് ചരക്കുകപ്പല് മുങ്ങിയതിന് പിന്നാലെയാണ് കടലില് ചിതറിക്കിടക്കുന്ന വിലപിടിപ്പുള്ള സാധനങ്ങള് ശേഖരിക്കാൻ ചെറുബോട്ടുകളുമായി ആളുകള് എത്തിയതെന്ന് റിപ്പോർട്ടുകള് പറയുന്നു.
സിംഗപ്പൂർ പതാകയില് സഞ്ചരിച്ചിരുന്ന ജിഎഫ്എസ് പ്രൈഡ് (GFS Pride) എന്ന കണ്ടെയ്നർ കപ്പല് ഒക്ടോബർ 14 -നാണ് അപകടത്തില്പ്പെട്ടത്. അജ്ഞാതമായ ഒരു പ്രൊജക്ടൈല് പതിച്ചതിനെത്തുടർന്ന് കപ്പലില് തീപിടിക്കുകയും തുടർന്ന് അത് മുങ്ങുകയുമായിരുന്നുവെന്ന് സിംഗപ്പൂരിന്റെ മാരിടൈം ആൻഡ് പോർട്ട് അതോറിറ്റി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ഹോർമൂസിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് തടയിടാൻ ഇറാൻ സ്ഥാപിച്ച കടല് മൈനുകളില് ഇടിച്ചാണ് കപ്പല് മുങ്ങിയതെന്നും ചില റിപ്പോർട്ടുകള് പറയുന്നു.
ദുബായില്നിന്ന് ചരക്കുകളുമായി എത്തിയ കപ്പലില് ഏകദേശം 2,500 കണ്ടെയ്നറുകളുണ്ടായിരുന്നുവെന്നാണ് വിവിധ റിപ്പോർട്ടുകള് പറയുന്നത്. ഐഫോണുകളും വിലകൂടിയ പെർഫ്യൂമുകളും ഉള്പ്പെടെയുള്ള സാധനങ്ങള് കടലില് ഒഴുകിനടക്കുന്നതാണ് വൈറല് ദൃശ്യങ്ങളില് കാണാണെന്നും റിപ്പോർട്ടില് പറയുന്നു. അപകടവിവരം അറിഞ്ഞ് സാധനങ്ങള് ശേഖരിക്കാൻ കടലിലേക്ക് പുറപ്പെടുകയാണെന്ന് ഒരാള് വീഡിയോയില് പറയുന്നതും ശ്രദ്ധേയമാണ്.




