ഇടുക്കിയില്‍ 18 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു; 19 കാരന്‍ പിടിയില്‍

ഇടുക്കി : ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് ബോഡിനായ്ക്കന്നൂർ സ്വദേശി നിത്യ (18)യുടേതെന്ന് സ്ഥിരീകരിച്ച് പോലീസ്. നിത്യയെ കൊലപ്പെടുത്തിയ ആൺസുഹൃത്ത് രാജാക്കാട് ഖജനപാറ സ്വദേശി നിഷാന്തിനെ(19) പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പാംബ്ല ഡാമിന് സമീപമാണ് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തില്‍ തമിഴ്‌നാട് സ്വദേശിനിയുടേതാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരണമുറപ്പിക്കാന്‍ പെണ്‍കുട്ടിയുടെ മുഖത്ത് കല്ല് കൊണ്ട് ഇടിച്ചെന്നാണ് വിവരം. സുഹൃത്തായിരുന്ന 19 കാരന്‍ രാജാക്കാട് സ്വദേശി നിഷാന്തിനെ പൊലീസ് പിടികൂടി.
വിവാഹം കഴിക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രഥമിക വിവരം.
സംഭവം കൊലപാതകമാണോ എന്ന സംശയം പൊലീസിനുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് വിവരങ്ങള്‍ പുറത്ത് വരുന്നത്. പെണ്‍കുട്ടിയുമായി പ്രതി നിഷാന്ത് പ്രണയത്തിലായിരുന്നു എന്നാണ് പ്രഥമികമായി ലഭിക്കുന്ന വിവരം. എന്നാല്‍ പെണ്‍കുട്ടി വിവാഹ ബന്ധത്തില്‍ നിന്ന് പിന്മാറുന്ന സാഹചര്യമുണ്ടായി. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉള്‍പ്പെടെ ഇവിടെ പുരോഗമിക്കുകയാണ്. പെണ്‍കുട്ടിയെ നിഷാന്ത് ഇടുക്കിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആദ്യ ഘട്ടത്തില്‍ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുന്നു. അതിന് ശേഷമാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നത്. പിന്നാലെ മരണം ഉറപ്പിക്കാന്‍ കല്ല് കൊണ്ട് പല തവണ മുഖത്ത് അടിക്കുകയും മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്.

രാജാക്കാട്, ബൈസന്‍വാലി അടക്കമുള്ള ഇടങ്ങളില്‍ തോട്ടം മേഖലയില്‍ ജോലിക്കാരനാണ് നിഷാന്ത് . ഇരുവരും ഏഴാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്. അന്ന് മുതല്‍ ഇവര്‍ തമ്മില്‍ സൗഹൃദം ഉണ്ടായിരുന്നെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നുണ്ട്. ബന്ധത്തില്‍ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് പല തവണ പൊലീസില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. എന്നാല്‍ നിഷാന്ത് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.