രാഹുലിന്റേത് ‘മയക്കുമരുന്നടിച്ചുള്ള താണ്ഡവം’ അധിക്ഷേപ പരാമര്‍ശ്രവുമായിശ്രീലേഖ,പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

കൊല്ലം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ ആണ് പരാതി നല്‍കിയത്. രാഹുലിനെതിരായ ശ്രീലേഖയുടെ പരാമര്‍ശം അതീവ ഗൗരവത്തോടെ പരിശോധിക്കേണ്ട വിഷയമാണെന്നും കേവലം രാഷ്ട്രീയ വിമര്‍ശത്തിന്റെ പരിധിയില്‍ ഉള്ളതാണെന്ന് കരുതുന്നില്ലെന്നും വിഷ്ണു പരാതിയില്‍ ആരോപിച്ചു.

മനഃപൂര്‍വ്വം രാഹുല്‍ഗാന്ധിയുടെ സല്‍പ്പേരിനെയും വിശ്വാസ്യതയെയും ഹനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടി നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായാണ് പരാമര്‍ശം. താണ്ഡവം എന്നത് ഹിന്ദു പുരാണത്തിലെ ശിവ ഭഗവാന്‍ അവതരിപ്പിക്കുന്ന ഉഗ്രവും ഊര്‍ജസ്വലവുമായ ഒരു ദിവ്യ നൃത്തം ആണ്. ”മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെല്ലുമ്പോഴുള്ള താണ്ഡവം” നടത്തിയെന്ന പരാമര്‍ശം ഹൈന്ദവ വിശ്വാസികളെയും ഒരുപോലെ അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്നും പരാതിയില്‍ പരാമര്‍ശിക്കുന്നു.

ബുധനാഴ്ച പുനലൂരില്‍ നടന്ന ബിജെപിയുടെ പ്രതിഷേധ ജനസഭയില്‍ വെച്ചായിരുന്നു ശ്രീലേഖയുടെ വിവാദ പരാമര്‍ശം. ഡല്‍ഹിയില്‍ നടക്കുന്നത് രാഹുല്‍ ഗാന്ധിയുടെ താണ്ഡവമാണെന്നും അമിതമായി മയക്കുമരുന്ന് കഴിച്ച ആളെ പോലെയാണ് രാഹുലിന്റെ പെരുമാറ്റമെന്നും സ്വന്തം ആളുകളെ പോലും തള്ളിമാറ്റി താണ്ഡവമാടുകയാണ് എന്നുമായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം.