സമരത്തീയായി ഇന്ദ്രപ്രസ്ഥം:ആവേശം അണമുറിയാതെ യുവതി യുവാക്കള്‍;പരിക്കേറ്റവരുമായി രാഹുലിന്റെ വാര്‍ത്താ സമ്മേളനം

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധം ആളിപ്പടരുന്നു. എസ്എഫ്ഐ-ഡിവൈഎഫ്ഐ ,യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും ജന്തർ മന്തറിൽ പ്രതിഷേധിച്ചു. പ്രതിഷേധങ്ങളില്‍ പങ്കെടുത്തപ്പോള്‍ പോലീസ് അകാരണമായി മര്‍ദ്ദനമേല്‍ക്കേണ്ടിവന്ന വിദ്യാര്‍ത്ഥികളുമായി രാഹുല്‍ വാര്‍ത്താ സമ്മേളനം നടത്തിയതും ശ്രദ്ധേമായി.

പ്രതിഷേധത്തിനിടയില്‍ ബാരിക്കേഡുകൾ മറിച്ചിട്ട പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ചു. എം വി നികേഷ് കുമാർ, എ എ റഹീം ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടിച്ചമർത്താമെന്ന് കരുതരുതെന്നും സമരം രാജ്യമാകെ പടരുമെന്നും എം വി നികേഷ് കുമാർ പ്രതികരിച്ചു. ഒരു തരത്തിലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പട്ടേൽ ചൗക്കിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടാണ് ബിജെപി സർക്കാർ അധികാരത്തിലിരിക്കുന്നതെന്നും ഗ്യാനേഷ് രാജവെക്കും വരെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കേന്ദ്ര സേനയും ഡൽഹി പൊലീസും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

‘ഞങ്ങള്‍ക്ക് ഭയമില്ല’

ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് പ്രതിഷേധത്തിനിടെ നടന്ന പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ NSUI പ്രവർത്തകർ. രാഹുല്‍ ഗാന്ധിക്കൊപ്പമായിരുന്നു വിദ്യാര്‍ത്ഥികളുടെ വാര്‍ത്താസമ്മേളനം. പൊലീസ് തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ആര്‍എസ്എസ് ഗുണ്ടകളും തങ്ങളെ മര്‍ദ്ദിച്ചു. ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചുവെച്ചു. ഇവ തിരിച്ചുതരാന്‍ തയ്യാറാകുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. മലയാളികളായ ആതിര, അര്‍ജുന്‍ എന്നിവരും തങ്ങള്‍ക്കുണ്ടായ അനുഭവം വിവരിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ ആതിരയ്ക്ക് ഒരു ചെവിയുടെ കേൾവി ശക്തിക്ക് തകരാറുണ്ടായിട്ടുണ്ട്.

മര്‍ദ്ദിച്ച പൊലീസുകാരെ വെറുതെ വിടില്ലെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. മര്‍ദ്ദനത്തിന്റെ തെളിവുകള്‍ കൈവശമുണ്ട്. എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.