വണ്ടൂരിൽ മഞ്ഞപിത്തം പടരുന്നു;രോഗം സ്ഥിരീകരിച്ചത് നൂറു പേർക്ക്

വണ്ടൂർ: മഞ്ഞപ്പിത്തം പടരുമ്പോൾ പ്രതിരോധം ശക്തമാക്കാനൊരുങ്ങി തദ്ദേശസ്ഥാപനങ്ങളും ആരോഗ്യവകുപ്പും. കഴിഞ്ഞദിവസങ്ങളിലായി വണ്ടൂർ ബ്ലോക്കിലെ ആറു പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചവരുടെ എണ്ണം നൂറായി. ഇതിലൊരാൾ മരിച്ചതോടെ മേഖലയിലുള്ളവരിൽ ആശങ്കയുയർന്നിരുന്നു. ഇതോടെയാണ് പ്രദേശത്തെ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയത്.

വണ്ടൂർ പഞ്ചായത്തിലാണ് കൂടുതൽ രോഗബാധ റിപ്പോർട്ട്ചെയ്തത്. 55 കേസുകളാണ് സ്ഥിരീകരിച്ചത്. പോരൂരിൽ 15, തിരുവാലിയിൽ 14, കാളികാവിൽ ഒൻപത്‌, തൃക്കലങ്ങോട് അഞ്ച്, മമ്പാട് ഒന്ന് എന്നിങ്ങനെയും രോഗം സ്ഥീരീകരിച്ചിട്ടുണ്ട്. നിലവിൽ 15 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. സ്ഥിതി ഗുരുതരമായതോടെ വണ്ടൂർ ബ്ലോക്കിനു കീഴിലുള്ള എട്ടു പഞ്ചായത്തുകളിലെയും ജനപ്രതിനിധികളുടെയും ആരോഗ്യപ്രവർത്തകരുടെയും സംയുക്ത യോഗം വണ്ടൂരിൽ ചേർന്നു.

രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാർഡ്തലത്തിൽ ഹെൽത്ത് സ്‌ക്വാഡുകൾ രൂപവത്കരിക്കാൻ യോഗം തീരുമാനിച്ചു. പഞ്ചായത്തുകളിലെ മുഴുവൻ കടകളിലും ഹോട്ടലുകളിലും പരിശോധന ആരംഭിച്ചു. വീടുകളിലെല്ലാം ക്ലോറിനേഷൻ ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിക്കും. ഇതിനായി ബ്ലോക്കിലെ മുഴുവൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും നിയോഗിച്ചു. വീടുകളിലെ ക്ലോറിനേഷൻ പ്രവർത്തനങ്ങൾക്ക് ആശ പ്രവർത്തകരുടെയും കുടുംബശ്രീ അംഗങ്ങളുടെയും ക്ലബ് പ്രവർത്തകരുടേയും സേവനം പ്രയോജനപ്പെടുത്തും.

രോഗബാധിതർ ഭക്ഷണം പാചകംചെയ്യുന്നതും വിളമ്പുന്നതും ഒഴിവാക്കണം. വിരുന്നുകളിലും സത്‌കാരങ്ങളിലും മറ്റു പൊതുചടങ്ങുകളിലും പങ്കെടുക്കുന്നതും ഒഴിവാക്കണം. രോഗബാധിതർ ഉപയോഗിക്കുന്ന ശൗചാലയം, ബക്കറ്റ്, മഗ്, ഭക്ഷണപാത്രങ്ങൾ എന്നിവ മറ്റുള്ളവർ പങ്കിട്ട് ഉപയോഗിക്കരുത്. രോഗബാധിതരും അവരുമായി സമ്പർക്കത്തിലുള്ളവരും വ്യക്തിശുചിത്വത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ചികിത്സയിലുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കൃത്യമായി കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. തിളപ്പിച്ച വെള്ളം തണുപ്പിക്കാൻ പച്ചവെള്ളം ചേർക്കരുത്. പൈപ്പിലെ വെള്ളം തിളപ്പിക്കാതെ കുട്ടികൾ കുടിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം. ശൗചാലയം ഉപയോഗിച്ചശേഷവും ഭക്ഷണം കഴിക്കുന്നതിനുമുൻപും സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം.

പനി, ശരീരവേദന, ഓക്കാനം, ഛർദി, വിശപ്പില്ലായ്‌മ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. സ്വയംചികിത്സ പൂർണമായി ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.