എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗിന് നേരെ ആക്രമണം; പ്രതി പിടിയിൽ

കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ കടവുഭാഗം സിനഗോഗ് പള്ളിക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതി പോലീസ് പിടിയിലായി. പുത്തന്‍കുരിശ് സ്വദേശി എബിന്‍പോളാണ് പിടിയിലായത്. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധം സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സെന്‍ട്രല്‍ പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.അറസ്റ്റിലായ ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഒട്ടേറെ രാസലഹരിയും പിടിച്ചെടുത്തു. സിനഗോഗ് ആക്രമണത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസും ലഹരി മരുന്ന് പിടികൂടിയതില്‍ പുത്തന്‍കുരിശ് പൊലീസും കേസെടുത്തു.

കേന്ദ്ര ഏജന്‍സികളടക്കം ഇയാളെ ചോദ്യം ചെയ്തു എന്നാണ് വിവരം.തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് എറണാകുളം മാര്‍ക്കറ്റിനുള്ളിലെ സിനഗോഗിനു മുന്‍വശത്ത് തീവയ്പുണ്ടായത്. സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റി പരിപാലിക്കുന്ന ഹോര്‍ട്ടികള്‍ച്ചര്‍ നഴ്‌സറിയുടെ ബാനറുകളും ഫ്ലെക്സുകളും പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സിനഗോഗിന് പോലീസ് സംരക്ഷണമുണ്ട്. എന്നാല്‍ തീകൊളുത്തിയത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കാറിലെത്തിയ പ്രതി, വാഹനം മാറ്റിയിട്ട് പള്ളിക്കു മുന്നിലെ നഴ്‌സറിയിലേക്ക് പെട്രോള്‍ ഒഴിക്കുകയും തുടര്‍ന്ന് തീ എറിഞ്ഞ് നഴ്‌സറി കത്തിക്കുകയുമായിരുന്നു.

ഇക്കാര്യങ്ങള്‍ ഇയാള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. രാവിലെയാണു സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

കസ്റ്റഡിയിലെടുത്തപ്പോള്‍ പ്രതി അസ്വാഭാവികമായാണു പെരുമാറിയത് എന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഫോൺ പരിശോധിച്ചപ്പോൾ ഒരു അജ്‍ഞാത ടെലഗ്രാം അക്കൗണ്ടിൽനിന്നുള്ള നിർദേശമനുസരിച്ചാണ് ഇയാൾ പ്രവർത്തിച്ചത് എന്നതിന്റെ സൂചനകൾ പൊലീസിനു ലഭിച്ചു. ഇത് ആരുടേതാണെന്നു വ്യക്തമായിട്ടില്ല. മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിലും പ്രതി സമാനമായ രീതിയിൽ കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. നിലവിൽ റിമാൻഡിലുള്ള ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.