ഗ്രീൻകാർഡ് പദ്ധതി: എട്ട് ഇന്ത്യൻ ഐ.ടി കമ്പനികൾക്ക് അമേരിക്കൻ വിലക്ക്

വാഷിങ്ടൺ: അമേരിക്കയിൽ വിദേശതൊഴിലാളികൾക്ക് സ്ഥിരതാമസം അനുവദിക്കുന്ന ഗ്രീൻകാർഡിന് അപേക്ഷിക്കുന്നതിനുള്ള പെർമനെന്റ് ലേബർ സർട്ടിഫിക്കേഷൻ(പി.ഇ.ആർ.എം.) പദ്ധതിയിൽനിന്ന് ടാറ്റ, ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ, കോഗ്‌നിസന്റ്, ക്യാപ്‌ജെമിനി എന്നിവയുൾപ്പെടെ എട്ടു ഐ.ടി. കമ്പനികളെ സസ്പെൻഡ് ചെയ്തു. അമേരിക്കൻ തൊഴിലാളികളെ തൊഴിൽവിപണിയിൽനിന്ന് മാറ്റിനിർത്തുന്ന തരത്തിൽ കമ്പനികൾ സംവിധാനം ദുരുപയോഗം ചെയ്‌തെന്നാരോപിച്ചാണ് നടപടി.

വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, തൊഴിൽ സെക്രട്ടറി കീത്ത് സോൺഡർലിങ്, അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് എന്നിവരാണ് നടപടി പ്രഖ്യാപിച്ചത്. ഫെഡറൽ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ കമ്പനികളായ മൈക്രോസോഫ്റ്റിനെയും അഡോബിയെയും പദ്ധതിയിൽനിന്ന് സസ്പെൻഡ് ചെയ്തതെന്നും അറിയിച്ചിട്ടുണ്ട്. കമ്പനികളുമായി ബന്ധപ്പെട്ട പുതിയതോ നിലവിലുള്ളതോ ആയ പി.ഇ.ആർ.എം. അപേക്ഷകൾ ഇനി സ്വീകരിക്കുകയോ പരിഗണിക്കുകയോ ചെയ്യില്ല.

2025-ൽ 6,000 അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ട മൈക്രോസോഫ്റ്റ്, അതേസമയം 6,000-ത്തിലേറെ എച്ച്‌1ബി വിസകൾക്ക് അനുമതി നേടിയെന്നും 3682 പി.ഇ.ആർ.എം. അപേക്ഷകൾ സമർപ്പിച്ചെന്നും വാൻസ് ആരോപിച്ചു. വിദേശതൊഴിലാളികളെ ഉപയോഗിച്ച് അമേരിക്കൻ തൊഴിലാളികളുടെ വേതനം കുറയ്ക്കുന്ന രീതികൾ അനുവദിക്കില്ലെന്നും പറഞ്ഞു. 2009 മുതൽ ഈ കമ്പനികൾമാത്രം ഏകദേശം 30 ലക്ഷം വിദേശ തൊഴിലാളികൾക്കായി അപേക്ഷിച്ചെന്നും 2.3 ലക്ഷത്തിലേറെ എച്ച്‌ 1ബി വിസകളും ഒരു ലക്ഷത്തിലേറെ സ്ഥിരം തൊഴിൽ സർട്ടിഫിക്കേഷനുകളും ലഭിച്ചിട്ടുണ്ടെന്നുമാണ് വാദം.

അമേരിക്കയിൽ പ്രതിവർഷം അംഗീകരിക്കുന്ന എച്ച്-ബി വിസാ അപേക്ഷകളിൽ 70 ശതമാനത്തിലേറെയും ഇന്ത്യൻ പ്രൊഫഷണലുകളുടേതാണ്. അതിനാൽ തീരുമാനം വലിയ തിരിച്ചടിയാകും. യേൽ, ഹാർവാഡ്, സ്റ്റാൻഫഡ്, കാൽടെക് ഉൾപ്പെടെ ഒൻപത് സർവകലാശാലകളിലെ വിദേശ ഗവേഷകർക്കുള്ള ജെ-1 വിസ പദ്ധതിയിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.