മെലിഞ്ഞ സുവിശേഷവും! മിനുമിനുത്ത സുവിശേഷകരും!

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

ഇന്നുള്ള പല വേദികളിലും സുവിശേഷം വിളമ്പുന്നത് സദ്യയ്ക്ക് അച്ചാറ് വിളമ്പുന്നത് പോലെയാണ്. ഏതെങ്കിലും ഒരു കോണിൽ അല്പം വിളമ്പി വെക്കുന്ന സാധനം ആയി മാറിപ്പോയോ സാക്ഷാൽ സത്യ സുവിശേഷം? നാം ഇത് ചിന്തിക്കേണ്ടതില്ലയോ? കണ്ണെഞ്ചിപ്പിക്കുന്ന പരസ്യങ്ങളും വെള്ളിത്തിരയിലെ തിളക്കം പോലെ വെട്ടി തിളങ്ങുന്ന പ്രസംഗികരുടെ നീണ്ട നിരയും കാണുമ്പോൾ പണത്തിൻ്റെ കൊഴുപ്പും മിനുമിനുപ്പും തള്ളി നിൽക്കുകയാണ്. പൂമാലയിട്ടും പൂച്ചണ്ട് കൊടുത്തും ആനയിച്ച് വേദികളിൽ പ്രത്യക്ഷപ്പെടുന്ന പലരും തമ്പ്രാക്കന്മാരായി മാറുകയാണ്. എളിമ ധരിച്ച് പശുശാലയിൽ ജനിച്ച യേശുവിനെ പ്രസംഗിക്കുന്നവർ ശലോമോൻ്റെ എഴുന്നള്ളത്തിന്ക്കാളും വലിയ എഴുന്നെള്ളത്തും ആദരവും പ്രശംസയും സ്വീകരിച്ചുകൊണ്ട് രംഗപ്രവേശം ചെയ്യുന്നത് കണ്ടാൽ അമ്പേ ഇതെന്തു കളിയെന്നു ചിന്തിച്ചു പോകും.

വേദിയിൽ സമയം കൊല്ലികളായ സംഘാടകരും പ്രെയ്‌സ് ആൻ്റ് വർഷിപ്പ് എന്ന പേരിലുള്ള ഗാനമേളയും അരങ്ങേറ്റം കുറിക്കുമ്പോൾ കേൾവിക്കാർ കാണികളായി
മാറുന്നു വിശ്വാസികൾ ജനക്കൂട്ടമാകുന്നു. പിന്നെ പ്രധാന പ്രഭാഷകൻമാരെ പരിചയപ്പെടുത്തുന്ന പ്രധാനപ്പെട്ടവർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കാണുമ്പോൾ മൂക്കത്ത് വിരൽ വച്ചു പോകും. ഇവരൊക്കെ എന്നാണ് യേശുവിനെക്കാൾ വലിയ യേശുവായി മാറിയത് എന്നറിയാതെ കുഴങ്ങുന്നവർ അനവധി. ജീവനോടെ സ്വർഗ്ഗത്തിലേക്ക് കയറിപ്പോയ ഏലിയാവും മരുഭൂമിയിൽ വലിയ സഭയുടെ വലിയ പാസ്റ്റർ ആയിരുന്ന മോശയും വെളിപാടുകളുടെ ആധിക്യം പ്രാപിച്ച ബഹുമാനപ്പെട്ട പൗലോസ് ഉപദേശിയും ഇവരുടെ മുമ്പിൽ വട്ടപ്പൂജ്യം മാത്രം. ദുഷ്ടന്മാരും ചേറ്റിൽ കിടക്കുന്നവരും അധർമ്മത്തിൻ്റെയും പാപത്തിൻ്റെയും മട്ട് ഊറ്റി കുടിക്കുമ്പോൾ ഇവിടുത്തെ തമ്പ്രാക്കന്മാർ ദൈവത്തിനു മാത്രം കൊടുക്കേണ്ട മഹത്വം ഊറ്റി എടുക്കുകയാണ്.

ഏലിയുടെ പുത്രന്മാർ തങ്ങളെ തന്നെ പ്രധാന ഭാഗം കൊണ്ട് കൊഴുപ്പിച്ചതുപോലെ സ്റ്റേജിൽ കിട്ടുന്ന സമയത്തിൻ്റെ സിംഹഭാഗവും ഇവർ ഊറ്റിയെടുത്ത് ഇവരുടെ കലാപരിപാടികളും വീരശൂര പരാക്രമങ്ങളും രാജ്യങ്ങൾ ചുറ്റിയ വിവരണവും കേട്ടു മുഷിഞ്ഞ അറു ബോറൻ കഴമ്പില്ലാത്ത കഥകളും കുടഞ്ഞിടുന്നു. ഒരു അൻപതു വർഷങ്ങൾക്കു മുമ്പ് വിദേശ രാജ്യങ്ങളിൽ പോയി മടങ്ങി വരുന്നരെ നോക്കിയത് മറുരൂപ് മലയിൽ ഇറങ്ങിയ ഏലിയാവിനെയും മോശയെയും പത്രോസ് നോക്കിയതുപോലായായിരുന്നു. എന്തൊരാകാംക്ഷയോടെയാണ് ജനങ്ങൾ അവരെ നോക്കിയത്. കാലം മാറിയത് ഇവർ അറിഞ്ഞില്ല? ലോകം ഇപ്പോൾ വിരൽത്തുമ്പിൽ ആണ്. വിദേശ യാത്രകൾ ഇന്ന് കൊല്ലത്തുനിന്ന് കരുനാഗപ്പള്ളിക്ക് പോകുന്നത് പോലെയാണ്. ബഹുമാനപ്പെട്ട പ്രസംഗിയേ നിങ്ങൾ പറന്നിറങ്ങിയ രാജ്യങ്ങളുടെ പേരുകൾ ജനത്തിന് കേൾക്കണ്ട യേശുവിൻ്റെ പേര് കേട്ടാൽ മതി. വിദേശ യാത്രയിലെ വിശേഷം ജനത്തിന് വേണ്ട സുവിശേഷത്തിലെ വിശ്വ പുരുഷനെ കുറിച്ച് കേട്ടാൽ മതി. ഏതെങ്കിലും രാജ്യത്ത് നിങ്ങൾ ശാപ്പിട്ട ഭക്ഷണം എന്താണെന്ന് ഇവിടെ ആർക്കും അറിയണ്ട. ഇന്ന് എന്തുവേണമെങ്കിലും ആമസോണിൽ ഓർഡർ ചെയ്യുവാൻ കഴിയുമല്ലോ. ജീവൻ്റെ അപ്പം കൈകളിൽ ഉണ്ടെങ്കിൽ അത് വിളമ്പൂ. ജനം ഭക്ഷിച്ച് തൃപ്തി പ്രാപിക്കട്ടെ. ഈ അപ്പം വിളംമ്പണമെങ്കിൽ കലവറയിൽ അത് ഒരുക്കണം. പരിശുദ്ധാത്മാവ് ആകുന്ന തീയിൽ ചുട്ടെടുത്തത് വിളമ്പിയാൽ ആർക്കും മനംപുരട്ടലും ദഹനക്കേടും ഉണ്ടാവില്ല.

ഇന്നുള്ള പല വേദികളിലും സാക്ഷാൽ സത്യ സുവിശേഷത്തിന് ചലിക്കുവാൻ കഴിയാതെ പോളിയോ ബാധിച്ചത് പോലെ വലിയുകയാണ്. ഇത് കണ്ടും കേട്ടും സാധുക്കളായ വിശ്വാസികൾ വലയുന്നു. വചനത്തിൻ്റെ വെളിപ്പാടോ ദൈവശക്തിയുടെ പ്രദർശനമോ ഇല്ലാതെ വെറും ലോത്തിൻ്റെ ഭാര്യ നോക്കിയതും ദാവീദ് നോട്ടവും പിന്നെ കുറെ പടക്കവും പൊട്ടിച്ച് തലങ്ങും വിലങ്ങും ഓടുന്നതോ മുമ്പിലിരിക്കുന്ന അമ്മമാരെയും അനിയത്തിമാരെയും അപമാനിക്കുന്നതും അല്ല സുവിശേഷം. ഈ ഒരുട്ടി പിരട്ടി വിടുന്ന സുവിശേഷം അവസാനിക്കണം. ധന്യനായ പൗലോസ് പറയുന്നു സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം. കാശ് കൂടിയപ്പോൾ സുവിശേഷത്തിൻ്റെ കനം കുറക്കരുത്. തിരക്ക് വർധിച്ചപ്പോൾ താഴ്മയും അനുതാപവും നഷ്ടമാക്കി കളയരുത്. സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിക്കുന്ന നിർമ്മല സുവിശേഷകന്മാർ പുറത്ത് വരട്ടെ!.