‘കേരളത്തിന് എയിംസ് ഇല്ല’ ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് കേന്ദ്രം

കൊച്ചി: കേരളത്തില്‍ എയിംസ് തല്‍ക്കാലം പദ്ധതിയില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യ പരിഗണനയെന്നും ആരോഗ്യരംഗം മികച്ച രീതിയിലുള്ള കേരളം എയിംസിനുള്ള മുന്‍ഗണനാപട്ടികയില്‍ ഇല്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു മറുപടി.

മറ്റു സംസ്ഥാനങ്ങള്‍ക്കാണ് ആദ്യ പരിഗണനയെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ഇതിനെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. ആരോഗ്യരംഗത്ത് മികച്ച് നില്‍ക്കുന്നത് അയോഗ്യതയാണോ എന്ന് ചോദിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കേരളത്തിന് എയിംസ് ആവശ്യമില്ല എന്ന് അര്‍ത്ഥമാക്കരുതെന്നും കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞു.

ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് അയോഗ്യതയാണോ എന്നായിരുന്നു ചോദ്യം. അങ്ങനെ എങ്കില്‍ എങ്ങനെയാണ് ദില്ലിയില്‍ എയിംസ് സ്ഥാപിക്കപ്പെട്ടത് എന്നും ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. എല്ലാവര്‍ക്കും മുന്‍നിര സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാവില്ലെന്നും വിലയിരുത്തി. കേരളം എയിംസ് അര്‍ഹിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം കേന്ദ്രം എടുക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയ കോടതി ഹര്‍ജി 6 ആഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.