അബുദാബി: ഫ്ളൈ ദുബായ് വിമാനത്തെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചറിന് തലയോട്ടിയില്‍ പൊട്ടലുളളതായി റിപ്പോര്‍ട്ട്.
ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്പിറ്റില്‍ വെച്ച് ഒമാനി കോ പൈലറ്റ് ആയ ഇമാം അല്‍ ഇമാമിയുടെ ആക്രമണത്തിലാണ് സ്മിത് മച്ചറിന് പരിക്കേറ്റത്. വിമാനത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ വിന്‍ഡോ തകര്‍ത്ത് രക്ഷപ്പെടാനും മറ്റുമായി ഉപയോഗിക്കുന്ന ക്രാഷ് ആക്സ് ഉപയോഗിച്ചാണ് മിച്ചറിനെ കോ പൈലറ്റ് ആക്രമിച്ചത്.
ചോരയില്‍ കുളിച്ച സ്മിത്ത് മച്ചറിന്റെ ദൃശ്യങ്ങള്‍ സംഭവ ദിവസം തന്നെ പുറത്ത് വന്നിരുന്നു. 38കാരനായ സ്മിത് മച്ചറിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റെങ്കിലും സമയോചിതമായി കോക്പിറ്റ് തുറന്ന് യാത്രക്കാരെ അകത്തേക്ക് കയറ്റിയതാണ് വിമാനം വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെടാനുളള കാരണം.
തുടര്‍ന്ന് സൗദിയിലെ താബൂക്കിലുളള പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫ്ളൈ ദുബായ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. അവിടെ നിന്ന് അബുദാബിയിലെ ആശുപത്രിയിലേക്ക് സ്മിത് മച്ചറിനെ മാറ്റി. തലയോട്ടിലെ പൊട്ടലിനെ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായാണ് വിവരം.
തലയോട്ടി പൊട്ടി എല്ലിന്റെ ഒരു കഷണം തലച്ചോറിന് അടുത്തേക്ക് തള്ളിപ്പോകുന്നതാണ് മച്ചറിന് സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തലച്ചോറിന് പരിക്ക് സംഭവിക്കാനുളള സാധ്യത ഉണ്ട് എന്നത് കൊണ്ട് തന്നെ ഇത് ഗുരുതരമായ അവസ്ഥയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ച് വരികയാണ്. ഇത് കൂടാതെ നെഞ്ചിലും വയറിന്റെ ഭാഗത്തും അടക്കം മച്ചറിന് പരിക്കേറ്റിട്ടുണ്ട്.
മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി ക്യാപ്റ്റന്‍ മച്ചറിനെ സൗദിയില്‍ നിന്നും അബുദാബിയിലെ സൈനിക ആശുപത്രിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യുകയായിരുന്നു. വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്. ചികിത്സകളോട് അദ്ദേഹം നല്ല രീതിയില്‍ തന്നെ പ്രതികരിക്കുന്നുണ്ട് എന്നാണ് വിവരം. ക്യാപ്റ്റന്‍ മച്ചറിന്റെ കുടുംബം കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. എല്ലാ ദിവസവും അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ കുടുംബത്തെ അറിയിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.




