സമരച്ചൂടില്‍ ന്യൂഡല്‍ഹി; ബാരിക്കേഡിന് മുകളില്‍ കയറി ദേശീയ പതാകവീശി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സമര വീര്യമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിഷേധ മാര്‍ച്ച് തടയാന്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളില്‍ കയറി രാഹുല്‍ ഗാന്ധി ദേശീയപതാക വീശി. ഒപ്പമുണ്ടായിരുന്ന പ്രതിപക്ഷ എംപിമാര്‍ക്ക് ആവേശം പകരുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ നീക്കം. വയനാട് എംപി പ്രിയങ്ക ഗാന്ധിയും ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷ എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് കവാടത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കക്കും പുറമേ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍, അഖിലേഷ് യാദവ്, സുപ്രിയ സുലേ, എ എ റഹീം എംപി അടക്കമുള്ളവര്‍ പ്രതിഷേധ മാര്‍ച്ചില്‍ അണിനിരന്നു. മാര്‍ച്ച് അഞ്ഞൂറ് മീറ്റര്‍ പിന്നിട്ട് ആകാശവാണി ഭവന് മുന്നില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. ഇതോടെ എംപിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഇസ്തിഫാ എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി. വോട്ടുകൊള്ളക്കാര്‍ പുറത്തുപോകൂ എന്ന് എംപിമാര്‍ വിളിച്ചു പറഞ്ഞു. ‘യു ആര്‍ ഡണ്‍ ഗ്യാനേഷ് ബ്രോ’ എന്ന് എഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. തടഞ്ഞാലും തളരില്ലെന്ന് എംപിമാര്‍ പറഞ്ഞു. ഇതിനിടെ ഖര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും അദ്ദേഹത്തെ വാഹനത്തിലേക്ക് മാറ്റുകയും ചെയ്തു.

ഇതിന് പിന്നാലെ എംപിമാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തി. ഇതോടെ രാഹുല്‍ ഗാന്ധി ബാരിക്കേഡിന് മുകളില്‍ കയറുകയും ദേശീയപതാക വീശുകയുമായിരുന്നു. രാഹുലിന്റെ നീക്കം പ്രവര്‍ത്തകരില്‍ ആവേശം പകര്‍ന്നു. പിന്നാലെ പ്രിയങ്ക ഗാന്ധിയും മറ്റ് പ്രവര്‍ത്തകരും ബാരിക്കേഡിന് മുകളില്‍ കയറി. ഇതോടെ പൊലീസ് ഇവിടേയ്ക്ക് എത്തുകയും നേതാക്കളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുക്കാന്‍ പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല.