ലുധിയാന: ബംഗ-ഫഗ്വാര ദേശീയപാതയിൽ മജാരി ഗ്രാമത്തിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ മലയാളി വിദ്യാര്‍ത്ഥിനി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. 24 ഓളം പേർക്ക് പരിക്കേറ്റതായും ‘ദ ട്രിബ്യൂണ’ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കടുത്തുരുത്തി സ്വദേശിനിയായ പൂഴിക്കോൽ കൊരക്കാലായിൽ ജോസ്ന ജോർജ്(22)ആണ് മരിച്ചത്. പഞ്ചാബ് ലൗലി പ്രൊഫഷണൽ സർവകലാശാല രണ്ടാം വർഷ എംബിഎ ലോജിസ്റ്റിക്സ് വിദ്യാർഥിനിയായിരുന്നു ജോസ്ന.
കോളേജിൽ നിന്ന് പഠനയാത്രക്കുപോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തില്‍ നിന്നും തെറിച്ചു വീണ ജോസ്ന ഉൾപ്പടെയുള്ളവരുടെ മുകളിലേയ്ക്ക് ബസ് മറിയുകയായിരുന്നു. ബസിനടിയിൽ പെട്ട ജോസ്നയെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബംഗയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
റിട്ട. പോലീസുകാരനായ ജോർജിന്റെയും സ്വപ്നയുടെയും മകളാണ് ജോസ്ന. അപകടവിവരം അറിഞ്ഞ് ജോസ്നയുടെ പിതാവും മറ്റ് ബന്ധുക്കളും പഞ്ചാബിലേക്ക് പുറപ്പെട്ടു.
ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ (LPU) വിദ്യാർത്ഥികളായിരുന്നു ബസില്‍.
ജോസ്ന ജോര്‍ജ്ജ്, ബസ് ജീവനക്കാരന് ഖേം സിംഗ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് (തിങ്കളാഴ്ച) പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. മണാലിയിൽ നിന്ന് അമൃതസറിലേക്ക് വരുമ്പോഴാണ് ബസാണ് അപകടത്തിൽപ്പെട്ടത്. മണാലി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികള്‍.
ബംഗ ഫ്ലൈഓവർ ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം പാലത്തിൽ നിന്ന് താഴേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് വിദ്യാര്‍ത്ഥികള്‍ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നുണ്ടെങ്കിലും അപകട കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും രക്ഷാപ്രവർത്തകരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റവരെ ബംഗയിലെ സിവിൽ ഹോസ്പിറ്റലിലും ദഹൻ കലേരാനിലെ ഗുരു നാനാക്ക് മിഷൻ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ ജതിൻ, സഞ്ജയ് എന്നിവരെ കൂടുതൽ ചികിത്സയ്ക്കായി ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ മറ്റൊരാളായ അമൃതസർ സ്വദേശി വിശാൽ തുല്ലി ദഹൻ കലേരാനിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.




