ദുബായ്: ഇസ്രയേലിലേക്ക് സർവീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തിൽ ഇന്ത്യൻ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ കോ-പൈലറ്റിന് തീവ്രവാദ ബന്ധമുണ്ടായിരുന്നതായി വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്.
ഒമാൻ സ്വദേശിയായ 29-കാരൻ ഹമാം അൽ ഹമ്മാമിയാണ് ആക്രമണം നടത്തിയത്. ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ അൽഖ്വയ്ദ ഭീകരരുടെ ദൃശ്യങ്ങളും തീവ്ര നിലപാടുകളും അടങ്ങിയ പോസ്റ്റുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുമ്പ് ഒമാൻ എയറിൽ ജോലി ചെയ്യവെ ഇയാൾ തീവ്രവാദ വെബ്സൈറ്റുകൾ നിരന്തരം സന്ദർശിച്ചിരുന്നതായി ഒമാൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് ഇയാളെ വിമാനം പറത്തുന്നതിൽ നിന്ന് വിലക്കി അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലേക്ക് മാറ്റി. പിന്നീട് റോയൽ എയർ മൊറോക്കോയിലും പ്രവർത്തിച്ച ശേഷം ദുബായിലെത്തിയ ഇയാൾക്ക് കൃത്യമായ പശ്ചാത്തല പരിശോധനയില്ലാതെ ഫ്ലൈദുബായിൽ എങ്ങനെ ജോലി ലഭിച്ചു എന്നതാണ് അന്വേഷണ ഏജൻസികളെ കുഴക്കുന്നത്. കൂടാതെ, ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലാത്ത ഒമാനിലെ പൗരനെ തെൽ അവീവിലേക്കുള്ള സർവീസിന് നിയോഗിച്ചതിലും ഗുരുതരമായ സുരക്ഷാവീഴ്ചകൾ പരിശോധിക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ച ദുബായിൽ നിന്ന് തെൽ അവീവിലേക്ക് 174-ലധികം യാത്രക്കാരുമായി പോയ എഫ്.ഇസഡ് 1073 വിമാനത്തിലായിരുന്നു സംഭവം. കോക്പിറ്റിൽ വെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അടിയന്തര ആവശ്യങ്ങൾക്കുള്ള കോടാലികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി, വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് താഴേക്ക് പതിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ അവസാന നിമിഷം കോക്പിറ്റ് വാതിൽ തുറന്നതോടെ യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി.
തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കി. സംഭവത്തെ ഭീകരാക്രമണശ്രമമായാണ് യു.എ.ഇ പ്രോസിക്യൂട്ടർ ജനറൽ വിശേഷിപ്പിച്ചത്. യു.എ.ഇ, ഇസ്രയേൽ, അമേരിക്കൻ അന്വേഷണ ഏജൻസികൾ സംഭവത്തിന് പിന്നിലെ ബാഹ്യ ഇടപെടലുകളെക്കുറിച്ച് സംയുക്തമായി വിശദമായ അന്വേഷണം നടത്തുന്നുണ്ട്.




